Friday, September 13, 2019

മാവും മതിലും


ചെറിയ അസ്വാരസ്യങ്ങളോടു കൂടിയാണ്  സുധാകരൻ ചേട്ടൻറെ പറമ്പു ഭാഗം വെപ്പ് നടന്നത്. മക്കളായ ഭാനുമതിയും ദേവകിയും അതിനായി കുടുംബത്തു എത്തിയിട്ടുണ്ട്.

സഹോദരിമാർക്കിടയിലെ  അകലം ഒരു സ്നേഹമതിലായി പറമ്പിൻ്റെ ഒത്ത നടുക്ക് രൂപം കൊണ്ടിരിക്കുന്നു. ചില്ലറ അറ്റകുറ്റ പണികൾ ഇനിയും ബാക്കി.    

മൂത്തയാൾ ഭാനുമതി ഭർത്താവും കുട്ടികളുമായി ബാന്ഗ്ലൂരിൽ ആണ് താമസം.ഭർത്താവിന് അവിടെ വലിയ കമ്പനിയിൽ ഉയർന്ന ഉദ്യോഗമാണ്. ഭാനുവിനു മൂന്ന് മക്കളാണ്.  മൂത്ത മകൻ വസന്ത്  വിവാഹം കഴിഞ്ഞു സ്റ്റേറ്റ്സിൽ സെറ്റിൽഡ് ആണ്. അടുത്തയാൾ വിദ്യ തിരുവനന്തപുരത്തു
മെഡിസിൻ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.  ഇളയ മകൾ വനജ അച്ഛനും അമ്മയ്ക്കും ഒപ്പം ബാംഗ്ലൂരിൽ ആണ് താമസം. അവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.

ദേവകിയുടെ ഭർത്താവ് കുവൈറ്റിൽ ഡ്രൈവർ ആണ്. മകൻ നീരജ് സൗദിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. അടുത്ത ആഴ്ച്ച അയാൾ നാട്ടിൽ എത്തും. വിവാഹം ഉറപ്പിക്കാനാണ് വരുന്നതെന്ന്  ഒരു ശ്രുതിയുണ്ട്. വീടിനടുത്തുള്ള രമണിയാണ് ഈ ശ്രുതിയുടെ ഉത്ഭവകേന്ദ്രം. കഥകൾ മെനയാൻ അവൾ മിടുക്കിയാണ്.

സുധാകരൻ ചേട്ടൻ റിട്ടയർഡ് ഹെഡ്മാസ്റ്റർ ആണ്.  അദ്ദേഹത്തിൻ്റെ ഭാര്യ രുക്മിണി ആറു വർഷങ്ങൾക്കു മുൻപ് നിര്യാതയായി.
ഭാനുമതി സ്നേഹത്തിനും രക്തബന്ധത്തിനും വിലയും ബഹുമാനവും കൊടുക്കുന്നവളാണ്. ദേവകി നേരെ തിരിച്ചു, സ്വാർഥതയുടെ പര്യായവും. അവർക്കു എന്ത് കിട്ടിയാലും മതി വരില്ല. തനിക്ക് കിട്ടാത്തതു മറ്റുള്ളവർക്കും കിട്ടരുതെന്നു അവർ  ആഗ്രഹിക്കും, അതിനു വേണ്ടി ഏതറ്റം വരെയും പോകുകയും ചെയ്യും. ഇളയത് ആയതു കൊണ്ടാകാം, സുധാകരൻ ചേട്ടനു ദേവകിയോടു ഒരു പ്രത്യേക സ്നേഹം ഉണ്ട്. അതല്ലെങ്കിൽ ഒരു പക്ഷെ മൂത്ത മകളെക്കാൾ ഇളയവൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നൂ എന്ന വസ്തുത മനസ്സിലാക്കിയിട്ടുള്ള  ഒരു അച്ഛൻ്റെ വാത്സല്യക്കൂടുതൽ ആകാം.                                               

ദേവകി മുൻകൈയെടുത്താണ് ഭാഗം വെപ്പ് നടത്തിയത്. ഇതിനായി ഭാനുമതിയും മകൾ വനജയും ബാംഗ്ലൂരിൽ നിന്നും വന്നു ചേരുകയായിരുന്നു. തുടർന്ന് വാക്ക് തർക്കങ്ങൾ ഉണ്ടായതും, മതില് കെട്ടാൻ തീരുമാനമെടുത്തതും. എല്ലാറ്റിനും ശിങ്കിടിയായി ദേവുവിൻ്റെ കൂടെ പ്രവർത്തിക്കുന്നത് പരദൂഷണ പ്രിയ രമണി തന്നെ. ഇരു ഭാഗത്തു നിന്നും പൊടിപ്പും തൊങ്ങലും പറഞ്ഞു രണ്ടു കൂട്ടർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ രമണിയോളം സാമർഥ്യമുള്ള ഒരു സ്ത്രീ ആ പ്രദേശത്തു വേറെ കാണില്ല.

സ്നേഹമതിലിൻ്റെ പണി അങ്ങനെ പുരോഗമിക്കുകയാണ്. വനജ  മേസ്തിരിയുടെ ജോലികൾ വീക്ഷിച്ചുകൊണ്ടു എന്തൊക്കെയോ ആലോച്ചനയിൽ മുഴുകിയിരിക്കുന്നു.

അവൾക്കു നല്ല വിഷമമുണ്ട്. പണ്ട് താൻ ഓടി കളിച്ചു നടന്ന പറമ്പു രണ്ടായി പിളർന്നിരിക്കുന്നു. അവളുടെ എണ്ണിയാൽ ഒടുങ്ങാത്ത നൈർമല്യമേറിയ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ അധികവും ഈ വീട്ടുമുറ്റത്തായിരുന്നു.

ഓടി തൊട്ടു കളിയും, ഒളിച്ചു കളിയും, കൊന്നി കളിയും, ഊഞ്ഞാലും, പല്ലാങ്കുഴിയും, കുന്നിക്കുരു പേറുക്കലും.. അങ്ങനെ എത്ര എത്ര സുന്ദര ഓർമ്മകൾ.   ഏക ആശ്വസം പണ്ട് ഊഞ്ഞാലു കെട്ടി ആടിയിരുന്ന മാവ് അവളുടെ അമ്മയുടെ വീതം കിട്ടിയ ഭാഗത്താണ് നിലകൊള്ളുന്നത് എന്നതാണ്.

നിറയെ തളിരു വന്നു സുന്ദരിയായിരിക്കുന്ന തേൻമാവ്. പറമ്പിൻ്റെ മുക്കാൽ ഭാഗവും ആ മാവിൻ്റെ തണലിൽ ആണ്. മാതാവിനോട് ചേർന്നാണ് സ്നേഹ മതിൽ ഉയരുന്നതു.
  
എന്ത് കൊണ്ടാണ് ഈ മതിലിനേ സ്നേഹമതിൽ എന്നു വിളിക്കുന്നതു ?!

വനജയ്ക്കു എത്ര ആലോചിച്ചിട്ടും അത് മനസ്സിലായില്ല.
സ്നേഹം വിരളമാകുമ്പോൾ ഉണ്ടാകുന്ന മതിലിനു സ്നേഹമതിലെന്നു പേരു!

എന്തൊരു വൈരുധ്യം !?

"മോളെ .. ലേശം ചൂടുവെള്ളം തരാൻ കുഞ്ഞമ്മയോടു ചെന്ന് പറ"
-ജോലിക്കിടയിൽ മേസ്തിരി വനജയോട് പറഞ്ഞു.

അവൾ അതുപോലെ ചെയ്തു.
വെള്ളവുമായി ദേവകി തന്നെയാണ് മേസ്തിരിയുടെ അടുത്തേക്കു വന്നത്.

"മേസ്തിരി .. ഈ മാവ് നിക്കുന്ന കൊണ്ട് നമ്മടെ മതിലിനു വല്ല കൊഴപ്പോം വര്വോ "

"എന്ത് കൊഴപ്പം !?.. നിങ്ങക്കു നല്ല മാങ്ങ കിട്ടും.. അല്ലാണ്ട് പ്രശ്നോന്നുമില്ല"

"അല്ല .. ഇതിലെ ചപ്പു ചവറൊക്കെ എൻ്റെ പറമ്പിലും വീഴൂല്ലോ .. പോരാഞ്ഞു വേര് ഇറങ്ങി മതിലിനു ഇടിവ് വരില്ലേ ഭാവിയില് ? "

"അങ്ങനെ വരാൻ സാധ്യത ഇല്ലാതില്ല. എങ്കിലും നല്ലൊരു മാവല്ലേ .. നല്ല തണലും തരുന്നുണ്ട്. അതല്ല മുറിച്ചു തന്നെ ആകണംന്നാണേൽ നിങ്ങടെ ഓടപ്പെറന്നോരോട് തന്ന ചോദിക്കു. അവരടെ പറമ്പിലല്ലേ മാവ് നിക്കണേ."

എന്തോ ആലോചിച്ച ശേഷം ദേവകി വീണ്ടും മേസ്തിരിയോട് ചോദിച്ചു :-

"അവള് സമ്മതിച്ചാൽ നിങ്ങള് മുറിച്ചു തര്വോ ?"

"തളിര് വന്ന മാവാണു. അമ്മയാകുന്ന അവസ്ഥ. അങ്ങനെ ചുമ്മാ മുറിച്ചാൽ അത് ദോഷമാ.. അതിനു ചില ചടങ്ങും പൂജയും ഒക്കെ ചെയ്യണം. ഞാൻ മുറിക്കില്ല." - മേസ്തിരി തീർത്തു പറഞ്ഞു.

"മോളെ വനജേ .. അമ്മയെ കുഞ്ഞമ്മ വിളിക്കുന്നുന്ന് പോയി പറയൂ."

ദേവകി വനജയോട് പറഞ്ഞു.

വനജ ഭാനുമതിയെ വിവരം അറിയിച്ചു - " ആ മാവ് മുറിക്കാൻ സമ്മതിക്കല്ലേ 'അമ്മ. "

"പിച്ചും പേയും പറയാതെ അവിടെ പോയി ഇരിക്ക് കുട്ടി"    
ഭാനു മകളെ ശാസിച്ചു.

"എന്താ ദേവൂ നീ വിളിച്ചൂന്നു പറഞ്ഞു ?!"

"അതേയ് ഭാനു .. ഈ മാവ് അങ്ങ് മുറിക്കട്ടെ..? ഇതിൻ്റെ വേരു ഇറങ്ങിയാൽ മതിലിനു ഇടിവ് വരുമെന്നാ മേസ്തിരി പറയുന്നത്"

ഇത് കേട്ട് മേസ്തിരി ദേവകിയെ ഒന്ന് നോക്കി. അയാൾ ഒന്നും മിണ്ടിയില്ല. അസ്വസ്ഥനായി ജോലിയിൽ തുടർന്നു.

അനിയത്തിയുടെ ആവശ്യം കേട്ടു കുറച്ചു നേരം ആലോചിച്ചു നിന്ന് ശേഷം ഭാനു പറഞ്ഞു :-

 "നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ് ദേവൂ.. ഈ മാവ് മുറിച്ചാലേ നിനക്ക് സമാധാനം ആവുള്ളു എന്നാൽ അങ്ങനെ ആവട്ടെ.."

ഇതും പറഞ്ഞു നിർവ്വികാരയായി അവർ നടന്നു പോയി.

ഇത് കേട്ട വനജയ്ക്ക് വല്ലാത്ത മനോവേദന ഉണ്ടായി. അവൾ മുറിയിലേക്ക് ഓടി ചെന്ന് തലയിണയിൽ മുഖമമർത്തി കരഞ്ഞു.

രമണിയുടെ ഭർത്താവ് കുമാരനെ ദേവകി മാവ് മുറിക്കാൻ നിയോഗിച്ചു.
അയാൾ ആ കടമ ഭംഗിയായി നിർവ്വഹിച്ചു. അങ്ങനെ തളിരു പൂക്കാൻ നിന്ന തണൽ മരം നിലം പതിച്ചു. മനുഷ്യൻ്റെ സ്വാർത്ഥതയോളം വിഷമുള്ള മറ്റൊന്നും ഭൂമുഖത്തില്ല.

ദേവകിയുടെ മകൻ ആ അവധിക്കു സൗദിയിൽ നിന്നും വന്നില്ല.

മാവ് മുറിച്ചു മൂന്നിൻ്റെ അന്ന്  കുമാരൻ കാലു തെറ്റി ഓടയിൽ വീണു മരിച്ചു.

 മാവിൻ്റെ ശാപം .. രമണി പറയും..

കുമാരൻ വെട്ടിമുറിച്ച വേരുകളിൽ ഒന്ന് നീര് തേടി ഭൂമിയിലേക്ക്‌ മുളപൊട്ടി തളിർക്കാൻ തുടങ്ങി. വനജ അതിനു വെള്ളം തൂകി.

ഭാനുമതിയെയും ദേവകിയെയും പോലെ മാവും മതിലും സ്നേഹത്തിൻ്റെയും സ്വാർത്ഥതയുടെയും പ്രതീകമാണ്.സ്വാർത്ഥതയുടെ മതിലുകളെക്കാൾ ഉറപ്പു എന്നും സ്നേഹത്തിൻ്റെ പ്രതീകമായ മാവിന് തന്നെ.                                                       

No comments:

Post a Comment

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...