Tuesday, June 19, 2018

ഞാൻ !


കണ്ണടച്ചു ഞാൻ ഇരുട്ടാക്കി.

എന്നിട്ടു ഇരുട്ടിൻ്റെ ആ ലോകത്തു ഒരു സൂര്യനേയും ഒരു ചന്ദ്രനേയും തെളിച്ചു.

കാടും, മലയും, പുഴയും, ചോലയും, അരുവിയും ... എന്തിനു പറയുന്നു ..  !
ഒരു കടലു തന്നെ ഞാൻ  ആ ലോകത്തു നിറച്ചു.
വനലതാദികളും, പൂക്കളും നട്ടു നനച്ചു, ഞാൻ ആ സങ്കൽപ്പലോകം ഒരു പൂങ്കാവനമാക്കി.

സൂര്യൻ പകലുകളെയും, ചന്ദ്രൻ ഇരവുകളെയും സമ്മാനിച്ചു.
സുന്ദരമായ ആ സ്വപ്‌ന ലോകത്തെ ഞാൻ പ്രണയിച്ചു.
എൻ്റെ പ്രണയം അവിടുത്തെ ജീവ വായുവായി പരിണമിച്ചു.

അവിടുത്തെ വർണ്ണശബളമായ ഉദയാസ്ഥമനങ്ങൾ, ദൂരെ ഒരു കുന്നിൻമുകളിൽ ഇരുന്നു ഞാൻ ആസ്വദിച്ചു.
ആ കുന്നിൻ നെറുകയിൽ ഞാൻ പ്രതിഷ്ഠിച്ച ഒരു തണൽ മരം..
അതിൻ്റെ ചുവട്ടിലായൊരുന്നു എൻ്റെ ഇഷ്ടകേന്ദ്രം.

അസംഘ്യം ഉദയാസ്ഥമനങ്ങളുടെ സൗന്ദര്യം എൻ്റെ ഹൃദയത്തെ തരളിതമാക്കി. യാഥാർധ്യത്തിലെ ചില ഗൃഹാതുരത്വങ്ങൾ ഇടയ്‌ക്കിടെ ശല്യപ്പെടുത്തുന്നതൊഴിച്ചാൽ എൻ്റെ സ്വപ്നസുന്ദരലോകത്തു ഞാൻ അതീവ സന്തുഷട്നായിരുന്നു. വിശപ്പും ദാഹവും ഒക്കെ മറന്നു ഞാൻ എൻ്റെ പച്ചപ്പു നിറഞ്ഞ സ്വപ്ന ലോകത്തിൽ ലയിച്ചു ചേർന്നു.

കുറെ നാൾ അങ്ങനെ പോയി. എത്ര നാൾ ..അധവാ എത്ര സമയം എന്നു ചോദിച്ചാൽ ഞാൻ കുഴങ്ങും .. കാരണം സമയം ആപേക്ഷികം ആണല്ലോ. താങ്കളുടെ ഒരു മണികൂർ ചിലപ്പോൾ എനിക്കു ഒരു മിനിട്ടോ ഒരു സെകണ്ടോ പോലുമാകാം.

ചിന്തകളിൽ മുഴുകിയിരുന്നു പലപ്പൊഴും മണിക്കൂറുകൾ എനിക്കു നിമിഷങ്ങളായി അനുഭവപ്പെട്ടിട്ടുണ്ടു.. ചില അവസരങ്ങളിൽ നിമിഷങ്ങൾക്കു ദൈർഘ്യം വല്ലാണ്ടങ്ങു ഏറിപ്പോയിട്ടുമുണ്ടു.

താങ്കൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ ?

സമയത്തിൻ്റെ ഒരു പാച്ചിൽ അങ്ങനെയാണ് !

ആ പാച്ചിൽ അനിർവചനീയമാണ്‌.

സമയം ഒരു നദിയാണ്.
നമ്മളിലൂടെയെല്ലാം പാഞ്ഞു കയറിപ്പോകുന്ന ഒരു മായാനദി.
കാഴ്ച്ചക്കപ്പുറം മാനങ്ങൾ ഒളിപ്പിച്ചു പായുന്ന അദൃശ്യ നദി.

ഭൂത കാലം വിട്ടെറിഞ്ഞു വർത്തമാനകാലത്തിലൂടെ ഭാവിയിലേക്കു അതു  ഒറ്റ ഒരൊഴുക്കാണു. സമയപ്പാച്ചിലിലെവിടെയോ നമ്മളും അനന്തമായ ആ ഒഴുക്കിൻ്റെ ഒരു ഭാഗമാകുന്നു. കുറേ ഒഴുകി ഒടുവിൽ, നദിയുടെ ഏതോ ഒരു രേഖയിൽ നമ്മളും നമ്മുടെ ഓർമ്മകളും ലയിച്ചു ഇല്ലാതായിപ്പോകുന്നു.

ഒഴുക്ക് അപ്പൊഴും തുടരും... നിർത്തില്ലാണ്ട് മുന്നോട്ടു...
സമയം എന്ന അതിശയ നദി!!

സമയത്തെ കുറിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ എൻ്റെ ലോകത്തു പരിണാമം സംഭവച്ചു കഴിഞ്ഞിരുന്നു.

അതെ.. ജീവൻ്റെ വിത്തുകൾ മുളച്ചു കഴിഞ്ഞിരുന്നു.

എൻ്റെ ലോകത്തിൻ്റെ സൗന്ദര്യം .. അതു ആസ്വദിക്കാൻ .. ആ സൗന്ദര്യത്തെ വാഴ്ത്താൻ.. എനിക്ക് ആസ്വാദകർ വേണമെന്നു  തോന്നിയപ്പോഴാണു ജീവൻ്റെ വിത്തുകൾ പാകിയത്.

പരിണാമം വളരെ പെട്ടന്നായിരുന്നു.
സങ്കീർണ്ണമായ ഒരു രാസപ്രക്രിയ ആയിരുന്നു അത് .!

ജീവൻ്റെ വിത്തുകൾ പെറ്റു പെരുകി.
ഇഴഞ്ഞും, നീന്തിയും, നടന്നും, ഓടിയും, ചാടിയും, പറന്നും അവ മാറ്റങ്ങൾക്കു വിധേയപ്പെട്ടു.. എൻ്റെ പ്രീയപെട്ട അതുല്യ സൃഷ്‌ടികൾ!

ഞാൻ കുന്നിൻ നെറുകയിലെ മരച്ചുവട്ടിലിരുന്നു എല്ലാം കണ്ടാസ്വദിച്ചു.
അവരുടെ ഇടയിൽ.. അവരിൽ ഒരാളായി .. ഇടയ്ക്കിടെ ഞാനും ഇഴുകിചേർന്നു ജീവിച്ചു. ഒരിക്കലും ഞാൻ ആരെന്നു അവർ മനസ്സിലാക്കിയതേയില്ല. അതിനു ഞാൻ ഒട്ടു ഇടവരുത്തിയതുമില്ല. അതിൽ  തെല്ലും എനിക്കു പരിഭവം ഇല്ലായിരുന്നു.                       

എൻ്റെ അനുഗ്രഹാശിസ്സുകളാൽ അവർക്കു വേണ്ടതെല്ലാം ആ ലോകത്തു സമൃദ്ധമായിരുന്നു.

കുറെ കഴിഞ്ഞപ്പോൾ അവരിൽ ചിലർക്കു ഭാവന ഉണർന്നു. കവിതകളും കഥകളും പാട്ടും സംഗീതവും ഒക്കെയും ആ ലോകത്തു മുഴങ്ങി. അവരുടെ കൃതികളിലും, വരികളിലും ഒക്കെ എന്നെ ഞാൻ തിരഞ്ഞു.

പിന്നീട് അവർ തങ്ങളുടെ അർത്ഥശൂന്യമായ ജീവിതങ്ങളുടെ ഉദ്ദേശ്യം അറിയാൻ കൗതുകം പ്രകടിപ്പിച്ചു. അവരുടെ സൃഷ്ടാവായ എന്നെ തേടി. ആ തേടൽ .. എന്നെ തേടുന്നതു ... അത് ബുദ്ധിമോശം എന്നും ചിലർ വിധി എഴുതി. അവരെ എനിക്ക് കുറ്റപെടുത്താൻ കഴിഞ്ഞില്ല.
ചേരി തിരിഞ്ഞുള്ള അവരുടെ ആക്രമണം പക്ഷെ എന്നെ വേദനിപ്പിച്ചു.

എല്ലാം കാണുന്ന .. എല്ലാം അറിയുന്ന ...നിസ്സഹായനായ വിഡ്ഢി കാണി !

 ഞാൻ !

 അർത്ഥശൂന്യമായ എൻ്റെ ലോകത്തിൻ്റെ മുക്കും മൂലയും അവർ പഠിക്കാൻ ശ്രമിച്ചു. മനസ്സിലാകാത്തവയ്ക്കും ബാലിശമായ കാര്യ കാരണങ്ങൾ നിരത്തി. അതു അവരുടെ വിശ്വാസമായി മാറി. വിശ്വസം പിന്നെ അന്ധവിശ്വസമായി പരിണമിച്ചു.
    
 എന്നിരുന്നാലും അവർ തോറ്റു പിന്മാറിയില്ല. അവർ കൂട്ടം കൂട്ടമായി വിശ്വാസങ്ങൾ പങ്കു വെച്ചു.

നൂറായിരം പേരുകൾ നൽകി അവർ എന്നെ വാഴ്ത്തി. എൻ്റെ ചിത്രങ്ങൾ വരച്ചു അതിനു മുന്നിൽ പ്രാർത്ഥന ചൊല്ലി. ഉറക്കെയുള്ള പ്രാർത്ഥന കേട്ടു എൻ്റെ ചെവിടു വേദനിച്ചു.  കല്ലിലും ചുവരിലും എൻ്റെ സാനിധ്യം ആരോപിച്ചു. അവരുടെ വിശ്വസങ്ങളും അന്ധവിശ്വാസങ്ങളും എന്നിലേക്കു വിരൽ ചൂണ്ടി. പക്ഷിമൃഗാദികളെ എൻ്റെ പേരിൽ ബലി കൊടുത്തു അവർക്കു എന്നോടുള്ള സ്നേഹത്തിൽ അവർ ഊറ്റം കൊണ്ടു.

പക്ഷെ ആ സ്നേഹം ഒരു മുഖംമൂടി ആയിരുന്നു എന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി. തങ്ങളുടെ വേർതിരിവുകളെ നിലനിർത്താൻ ഈ വിശ്വാസങ്ങൾ അവർക്കു അവശ്യമായിരുന്നു. തൻ്റെ സഹോദരങ്ങളെ സ്വാർത്ഥലാഭത്തിനായി അടിച്ചമർത്താനും, ചൂഷണം ചെയ്യാനും  വിശ്വാസങ്ങൾ അവർക്കുപകരിച്ചു. അവരെ എതിർത്ത ന്യൂനപക്ഷങ്ങൾ അവരുടെ വാൾമുനയ്ക്കിരയായി.

തൊള്ള തുറക്കുന്ന വിഡ്ഢി കുഷ്മാണ്ടങ്ങളുടെ പിറകെ.. അവരുടെ വിഡ്ഢി ആശയങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങി കരഘോഷങ്ങളോടെ  അവർ എതിരേറ്റു. മുതലാളിമാർ സ്വാർത്ഥ ലാഭത്തിനായി ഈ വിഡ്ഢികളെ സ്വർണ്ണ സിംഹാസനങ്ങളിൽ ഇരുത്തി. അങ്ങനെ ഒരു ജനതയെ മുഴുവൻ ഒരു വിഡ്ഢി ഭരിച്ചു.

മണ്ണിനും നീരിനും മറ്റൊരു കഥന കഥ പറയാൻ ഉണ്ടായിരുന്നു.

കായലും, അരുവിയും, ചോലയും ദാഹിച്ചു വറ്റി. ഭൂമുഖം വിളറി വരണ്ടു. കാടും മലയും വെട്ടി നികത്തപ്പെട്ടു. കോൺക്രീറ്റ് കാടുകൾ കുതിച്ചു പൊങ്ങി.

ദാഹജലം കടലാസു കൊടുത്തു വാങ്ങേണ്ട ഗതി വന്നു.

കുന്നിൻ നേരുകയിലെ എൻ്റെ തണൽ മരം കാണ്മാനില്ലാണ്ടായി.

കുന്നു നെകന്നു ..

കാടു നെകന്നു ..

പച്ചപ്പു മാഞ്ഞു ..

എൻ്റെ സുന്ദര ലോകം തരിശു ഭൂമിയായി.

പുതിയ യന്ത്രങ്ങലാൽ അവർ കണ്ണും, ചെവിടും, ഹൃദയവും മറച്ചു.

സ്നേഹം വിരളമായി.

ബ്രഹ്മാസ്‌ത്രം കയ്യിൽ പേറുന്ന അശ്വത്ഥാമാക്കൾ പെരുകി.

സ്വപ്‌നലോകം നാശത്തിൻ്റെ വക്കോളം എത്തി  ..

സമയം ആയിരിക്കുന്നു..

പരിണാമം എന്ന രാസപരിവർത്തനം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു..

സൂര്യനും ചന്ദ്രനും അണഞ്ഞു. തമോഗർത്തങ്ങൾ ഉണർന്നു.

ഇരുട്ട് ഇരച്ചു കയറി വന്നു.

ഞാൻ മിഴികൾ തുറന്നു. അത് ഈറൻ അണിഞ്ഞിരുന്നു.

ഈ യാഥാർഥ്യവും അർത്ഥശൂന്യമായ ഒരു സ്വപ്‌നമാകുമോ ?

അറിയില്ല ..

ഇനിയും മിഴികൾ തുറക്കട്ടെ എന്ന പ്രാർത്ഥന മാത്രം അവശേഷിക്കുന്നു.        

                             

                                                                                                     -ശുഭം-                                        

2 comments:

  1. Prathyasakalum Akulathakalum veekshanavum Ulla yuvatha mizhikal thurakkatte chuttum nuranju pongunna kooriruttilum.. Good Job

    ReplyDelete

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...