Friday, August 28, 2020

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്. 

അതെ .. 

നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു.
നാം പരസ്പരം കണ്ടിട്ടില്ലെന്നാലും നീ ജീവിതത്തിൻ്റെ അവിഭാജ്യഘടകമായി മാറി കഴിഞ്ഞിരുന്നു.

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നിസ്സഹായരായി നമ്മൾ നിന്നു പോകാറില്ലേ?  
നിൻ്റെ വേർപാടിൽ ഞങ്ങളും  നിസ്സഹായരായിരുന്നു.

നീ പോകും എന്നുറപ്പു വന്നപ്പോഴും.. നിൻ്റെ കാലനക്കങ്ങൾ അവൾക്ക് അറിയാൻ കഴിഞ്ഞിരുന്നു.   

കാവൽ നിന്ന മാലാഖമാർക്ക് വിട
ഓർത്തു വെച്ച ഓർമ്മകൾക്ക് വിട
പാടി മുഴുവിക്കാത്ത താരാട്ട് പാട്ടിനു വിട
വിടരും മുന്നേ പൊഴിഞ്ഞു വീണ പുഷ്‌പമേ ... നിനക്ക് വിട..

ഒരു നൂറു കഥകൾ നിനക്ക് പറഞ്ഞു തരാൻ മനസ്സ് കൊതിച്ചിരുന്നു, 
നിന്നെ തോളത്തു കയറ്റി ആന കളിക്കാൻ കൊതിച്ചിരുന്നു, 
മാറിൽ ചായ്ച്ചു പാട്ടു പാടി ഉറക്കാൻ കൊതിച്ചിരുന്നു, 
ആർകും മനസ്സിലാകാത്ത ഭാഷയിൽ നിന്നോട് കൊഞ്ചാൻ കൊതിച്ചിരുന്നു,
ലോകത്തിൻ്റെ ഏറ്റവും സുന്ദരമായ വാതിൽ നിനക്ക് മുന്നിൽ തുറന്നു നൽകാൻ കൊതിച്ചിരുന്നു.

ഒരുപാട് സ്വപ്നങ്ങൾ മനസ്സ് നെയ്തപ്പോൾ ഓർക്കാതെ പോയത് ഒന്ന് മാത്രം.

വെറും മനുഷ്യരാണ് നാം എന്നത്. സ്ഥായിയായി ഒന്നും തന്നെ ഇല്ല എന്നത്.
വന്നതും, തന്നതും പോയി മറയാൻ ഒരു നിമിഷം മാത്രം.

ആ നിമിഷത്തിനു തൊട്ടു മുൻപ് വരെയുള്ള ആഹ്ളാദനിമിഷങ്ങൾ എല്ലാം ഒരു സ്വപ്നം പോലെ അകന്നു പോയിക്കഴിഞ്ഞിരിക്കുന്നു.       

എന്നിരുന്നാലും പ്രതീക്ഷയുടെ തിരിനാളത്തിനു ഒരുപാട് കൊതിക്കാനും സ്വപ്നം കാണാനും ഒരു സൂര്യനോളം വെളിച്ചം ഇനിയും ബാക്കി നിൽക്കെ ..
 ആ പ്രകാശത്തിൽ ഞങ്ങൾ പ്രതീക്ഷയർപ്പിച്ചു മുന്നോട്ടു പോകുകയാണ്.
മുന്നോട്ടുള്ള ഓരോ കാൽവെപ്പിലും നിൻ്റെ ഓർമ്മകൾ മനസ്സിനോട് ചേർന്നു എന്നുമുണ്ടാകും.

കാണാം..      
   

No comments:

Post a Comment

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...