Monday, August 6, 2018

അനുബന്ധം


അന്യ ഒരു നാട്ടിൽ വന്നു ഒരു പെണ്ണിനേം  പ്രേമിച്ചു തല്ലും കൊണ്ടിട്ടു ഇരിക്കുന്നു. എത്ര ലജ്ജാവഹമായ അവസ്ഥയിലേക്കാണ് താൻ വന്നു പെട്ടു നിൽക്കിന്നതു. റെയിൽ വേ സ്റ്റേഷനിലെ തിരക്കിനിടയിൽ ഇരുന്നു കൊണ്ട്  അയാൾ ഓർത്തുപോയി.

"വിളിച്ചു ഇറക്കി കൊണ്ട് വാടാ അവളെ" - എന്നും പറഞ്ഞു മാത്യുസാണ് തന്നെ ബൈക്കിൻ്റെ പിന്നിൽ ഇരുത്തി അവളുടെ വീട്ടിലേക്കു കൊണ്ട് ചെന്നാക്കിയത്. മാത്യുസ് ആത്‌മ മിത്രമാണ്‌. എങ്കിലും കുഴപ്പമില്ല. അവനും കിട്ടി നല്ല പെട. അതു മനസിന് ആശ്വസം തരുന്ന വസ്തുതയാണ്.

കാരണം അവൻ അതു അർഹിക്കുന്നു.
ചിലർ അങ്ങനെയാണ്. അടി വരുന്നിടം മനസിലാക്കി അവിടെ പോയി ചെന്ന് അത് വാങ്ങി കൊണ്ടുവരും.  അവൻ തന്നെയും ഇളക്കി കൊണ്ട്‌ ചെന്നു പാതി വാങ്ങി തന്നു.
അങ്ങനെ ഇതിനേ കാണാം.


പ്രണയാവേശത്താൽ മാത്യുസിൻ്റെ വാക്കും കേട്ടിട്ടാണു പാതിരാത്രി  വീടിൻ്റെ മതിലും ചാടി അനുവിൻ്റെ ജനാലയ്ക്കരികിലേക്കു ഓടിപ്പെടച്ചു   ചെന്നതു. വയറ്റിൽ ബിയറിൻ്റെ ലഹരിയും മനസ്സിൽ ഷേക്ക്സ്‌പിയറിൻ്റെ റോമിയോവും കത്തി നിന്നു.

മേലിൽ തൻ്റെ മകളുമായി സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യരുതെന്ന അവളുടെ പ്രിയ പിതാവിൻ്റെ താക്കീത് തൃണവത്ഗണിച്ചുകൊണ്ടായിരുന്നു ഈ സാഹസം എന്ന് ഓർക്കണം.

പട്ടി കുരച്ചതും ലൈറ്റുകൾ മിന്നിയതും കഴുത്തിനു പിടി വീണതും എല്ലാം ഒന്നിച്ചു. പൂരത്തിനു തിരി കൊളുത്തിയ പ്രതീതി.  ഒരു പരുവത്തിനു റോമിയോ  അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്തായാലും ഇത്രത്തോളം ആയ സ്ഥിതിക്കു ഇനി കാര്യങ്ങൾ ഗൗരവമായി  മുന്നോട്ടു നീക്കണം. നാലു വർഷത്തെ പ്രണയം അങ്ങനെ ചുമ്മാ മറന്നു കളയാൻ പറ്റില്ല.

അതെ..

വലിയ തീരുമാനങ്ങൾ എടുക്കാൻ സമയമായിരിക്കുന്നു.
പഴയ പോലെ കുട്ടി കളിച്ചു നടക്കാൻ ഇനി പറ്റില്ല..

അച്ഛനോടും അമ്മയോടും അറിയിച്ചു വേണം എന്ന് കരുതിയതാണ്.

ഇല്ല.
ഇനി അതിനു നേരമില്ല.
അവർ സമ്മതം മൂളും. അത് തനിക്കു ഉറപ്പാണ്.
ഇതൊന്നു അവതരിപ്പിച്ചു കിട്ടണ്ട താമാസമേ ഉള്ളൂ വീട്ടിൽ.

പിന്നെ ബന്ധുക്കൾ..!

 അവരോടു പോകാൻ പറ.

ഒരു പെണ്ണിനെ പോറ്റാനുള്ള ആവതു തനിക്കായിരിക്കുന്നു. അതിനു ആരുടെയും ലൈസൻസ് വേണ്ട.

ജാതി  ഒരു പ്രശ്നമാണെങ്കിലും, അതൊരു പ്രശ്നമുള്ള പ്രശ്നമല്ല.
പക്ഷെ മതം!
ഇനി അതൊക്കെ ആലോചിച്ചു മനസ്സ് വ്യാകുലപ്പെടുത്തിയിട്ടു എന്തു കാര്യം?
ജാതിയും മതവും അറിയിച്ചു കൊണ്ടാണോ പ്രേമം വരുന്നത്? അതു മനുഷ്യനെ അന്ധനാക്കും എന്നു പഴമക്കാർ പറയുന്നത്  നൂറു ശതമാനം ശരിയാണ്. 

അവളോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ പറഞ്ഞിട്ടാണ് ഈ കാത്തിരിപ്പു.
അതെ..  ഒളിച്ചോട്ടം... ഇനി മറ്റൊരു മാർഗം മുന്നിലില്ല.        

കൈയ്യിലിരുന്ന വാട്ടർ ബോട്ടിൽ എടുത്തു അയാൾ വായിലേക്ക് ഒഴിച്ചു.
അതിനുള്ളിൽ ഓറഞ്ച് ജ്യൂസ് മിക്സ് ചെയ്ത വോഡ്‌കയാണ്.  ആമാശയത്തിലേക്ക് പോയ മദ്യത്തിൻ്റെ  ലഹരി സിരകളിലേക്ക് ഇരച്ചു കയറി. ദേഹം വേദനയ്ക്കു അല്പം ശമനം അനുഭവപെട്ടു. മനസ്സ് കരയിലേക്കിട്ട മീനിനെ പോലെ പിടച്ചു.

അവളുടെ മൊബൈലിലേക്ക് ഒരു കാൾ കൊടുത്തു.
അതിനു മറുപടി വന്നില്ല. പുറപ്പെടുന്ന തിരക്കിൽ ആയിരിക്കും.
ഒരു മെസ്സേജ് അയച്ചു  .. അതിനും മറുപടിയില്ല.
അവളുടെ നിശബ്ദത അയാളെ  തളർത്തി.

ട്രെയിൻ പോകാൻ ഉള്ള അനൗൺസ്മെൻറ് മുഴങ്ങി. അൽപ നേരത്തിൽ അവർ രണ്ടും ആ ട്രെയിനിൽ കയറി അതിരുകൾ കടക്കും. പുതിയ യാത്ര. ജീവിതത്തിലെ ഒരു വഴിത്തിരിവാകുന്നു ഈ യാത്ര.

ഇല്ല. അവളുടെ മറുപടി ഇനിയും വന്നിട്ടില്ല. കാത്തിരിപ്പിൻ്റെ മുഷിപ്പ് അയാൾക്കു അനുഭവപ്പെട്ടു തുടങ്ങി.

"ദിൽ വാലെ ദുൽഹനിയ ലേ ജായേങ്കെ"  അയാൾ മനസ്സിൽ പറഞ്ഞു.

ഫോൺ മെല്ലെ ഒന്ന് മൂളി. പ്രതീക്ഷയുടെ പച്ചക്കൊടി പാറി .. ആവേശത്തോടെ അയാൾ മൊബൈൽ എടുത്തു.

അത് മാത്യുസ് ആണ്. താൻ അനുവുമായി നാടു വിടുന്ന വിവരം ആ ദുർബലനെ അറിയിച്ചിട്ടില്ല. അത് പാട്ടാകും. ഫോണിൻ്റെ എതിർവശത്തു അവൻ്റെ ദയനീയമായ ശബ്ദം  :

" അളിയാ നീ എവിടാ ..? ദേഹം വേദന കാരണം ഞാൻ രണ്ടു ദിവസത്തേക്കു ലീവ് എടുത്തടാ.. നീ വരുമ്പോൾ എനിക്ക് നാല് പറോട്ടയും ഒരു ബീഫും വാങ്ങി വരണം. എനിക്ക് അനങ്ങാൻ വയ്യടാ .."

"മം ." ന്നു മൂളി അയാൾ കാൾ കട്ട് ചെയ്തു.

മാത്യൂസ് ഒരു സ്നേഹപ്പാരയാണ്. അയാൾ മനസ്സിൽ ഓർത്തു. അറിയിക്കാതെ പോയെന്നു അറിയുമ്പോൾ മാത്യൂസ് വെറിയിളകിയ നായയെ പോലെ തന്നെ തെറി വിളിക്കുമായിരിക്കും. അല്ല വിളിക്കും.

പറോട്ടയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒന്ന് ഓർത്തത്. പറോട്ടയും ബീഫും. എന്ത് നല്ല ജോഡിയാണ്‌ രണ്ടു പേരും. തന്നെയും അനുവിനേയും പോലെ. അതെ ഞങ്ങളും നല്ല ജോഡിയാണ്‌ .. പറോട്ടയും ബീഫും പോലെ. അനു വരുമ്പോൾ  അവളോടിതു പറയണം. അവൾ ചിരിക്കും.

ആ സീൻ മനസ്സിലോർത്തു അയാൾക്കും ചിരി വന്നു.  പറോട്ടയും ബീഫും.
അയാൾ ഒരു പൊട്ടനെ പോലെ ചിരിച്ചു. വഴിപോക്കർ അതു കണ്ടു തുറിച്ചു നോക്കി. 

അയാൾ അടുത്തുള്ള ചെറിയ കടയിൽ നിന്നും ഒരു മിനറൽ വാട്ടറും, രണ്ടു ലെയ്‌സും, ഒരു മെന്തോസും വാങ്ങി ബാഗിന് ഉള്ളിൽ വെച്ചു. വിശന്നാൽ കൊറിക്കാൻ എന്തേലും വേണ്ടേ എന്ന ചിന്തയാണ് ഉത്തരവാദിത്തമുള്ള ഒരു പൗരനെ പോലെ പ്രവർത്തിക്കാൻ അയാളെ പ്രേരിപ്പിച്ചത്.
താൻ പഴയ താൻ അല്ല. പുതിയ മനുഷ്യനാണ്.
ഇന്നു മുതൽ.. താൻ ഒരാളല്ല, രണ്ടു പേരാണ്.     

വിവാഹം എന്ന ഭാരം ഇത്ര പെട്ടെന്നു തൻ്റെ ചുമലിൽ ഇടം നേടുമെന്നു കരുതിയതല്ല. നാം മനസ്സിൽ കണക്കു കൂട്ടുന്നതു ഒന്ന് .. നടക്കുന്നത് മറ്റൊന്ന്. അതാണല്ലോ ജീവിതത്തിൻ്റെ ഒരു ലൈൻ.

നാട്ടിലുള്ള കാര്യങ്ങൾ പെട്ടെന്ന് മനസിലേക്ക് കടന്നു വന്നു. വിഷയം വീട്ടിൽ അവതരിപ്പിക്കണം. വിവാഹം പെട്ടെന്ന് രജിസ്റ്റർ ചെയ്യണം. എല്ലാം വൃത്തിക്കും വെടുപ്പിനും പ്ലാൻ ചെയ്യണം. മനസ്സിനൊരു കോരിത്തരിപ്പും ആവേശവും ഒക്കെ തോന്നി തുടങ്ങി.

ഫോൺ ഒന്ന് വിറച്ചു. 
അവളാണ്.
അനു.
അയാളുടെ സന്തോഷം അണപൊട്ടി.

ഒരു വോയിസ് മെസ്സേജ് ആണ്.
അയാളുടെ ചെവിട്ടിലേക്ക് അവളുടെ ശബ്‌ദ ശകലങ്ങൾ മുഴങ്ങി :-

"Hello.. എടാ ഇവിടെ ആകെ പ്രശ്നമാണ്. വീട്ടുകാരെല്ലാം ആകെ ദേഷ്യത്തിലാണ് . ചേട്ടൻ നിന്നെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ല ..നീ എന്തിനാ മതിലു ചാടി വീട്ടിൽ കയറിയത്. ഞാനും കൂടി അറിഞോണ്ട എന്നും പറഞ്ഞു ഇവിടെ എല്ലാരും കൂടെ എന്നെ തിന്നില്ലെന്നേ ഉള്ളു ...
എനിക്കു വീട് വിട്ടു വരാൻ പറ്റില്ല. നീ എന്നെ കാക്കണ്ട.
  നമുക്ക് ഇത് മതിയാക്കാം. സ്നേഹിക്കുന്നവരെയെല്ലാം വെറുപ്പിച്ചു നമുക്ക് ഒന്നിക്കണോ ? നീ പറ ?
 ഇതാണ് ശരിയായ തീരുമാനം എന്ന് കുറെ കഴിയുമ്പോൾ നിനക്കു തന്നെ ബോധ്യമാകും  !!! നമ്മുടെ ഫ്രണ്ട്ഷിപ് നീ കളയരുത്.
അടുത്ത വെള്ളിയാഴ്ച്ച മനഃസമ്മതം ഫിക്സ് ചെയ്തിരിക്കുകയാ.  വലിയ ബഹളം ഒന്നുമില്ലാണ്ട്  അടുത്ത മാസം പള്ളിയിൽ വെച്ചായിരിക്കും മിന്നുകെട്ട്.  അത് കഴിഞ്ഞു റിസെപ്ഷൻ ഉണ്ട്.  നമ്മടെ ഗ്യാങ് എല്ലാരും വരുന്നുണ്ട്.പറ്റുമെങ്കിൽ നീയും വരണം. അല്ലെങ്കിൽ വേണ്ട. നീ വരണ്ട. വന്നാൽ വീണ്ടും ഇതുപോലെ എന്തെങ്കിലും .... അത് കാണാൻ എനിക്കു വയ്യ ..You Take Care.."

അൽപ നേരത്തേക്കു അയാൾക്കു സ്ഥലകാല ബോധം നഷ്ടപ്പെട്ടു. ദേഹത്തു ഷോക്ക് ഏറ്റ പോലെ കുറച്ചു നേരം സ്തംഭിച്ചു നിന്ന് പോയി. . കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മെല്ലെ എഴുന്നേറ്റു  ബാഗും എടുത്തു ട്രെയിനിൽ കയറി. ഒഴിഞ്ഞു കിടന്ന ഒരു  സീറ്റിൽ, ജനാലക്കു പുറത്തേക്കും നോക്കി, താടിക്കു കൈയും കൊടുത്തു ഇരുന്നു.

ഹൃദയം നുറുങ്ങിയവൻ്റെ ഇരിപ്പാണ് അത്.

ഒരു നിമിഷം കൊണ്ട് തൻ്റെ ജീവിതം ഇതാ മാറി മറിഞ്ഞിരിക്കുന്നു. ഇനി അങ്ങോട്ട് അവളില്ലാതെ തൻ്റെ നാളുകൾ എത്ര ഏകാന്തവും ശോകപൂർണവും ആയിരിക്കും. മനുഷ്യൻ കണക്കു കൂട്ടുന്നത് ഒന്ന്, ദൈവം വിധിക്കുന്നത് മറ്റൊന്ന്. എന്തായാലും കുറച്ചു നാൾ ഇവിടുന്നു മാറി നിന്നേ മതിയാകൂ. അത്ര മാത്രം ഓർമ്മകൾ. നാല് വർഷത്തെ അവരുടെ പ്രണയ ഓർമ്മകൾക്ക് ഒരു വിലയും കൽപ്പിക്കാതെ അവൾ എറിഞ്ഞുടച്ചിരിക്കുന്നു. ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ എല്ലാം വാടി തളർന്നു അല്പായുസ്സുകളായി മൃതിയടഞ്ഞിരിക്കുന്നു.

ഫോൺ വീണ്ടും ഒന്ന് മൂളി.  മാത്യുസ് ആണ്.

പറോട്ടയും ബീഫും!!      




-ശുഭം-

Tuesday, June 19, 2018

ഞാൻ !


കണ്ണടച്ചു ഞാൻ ഇരുട്ടാക്കി.

എന്നിട്ടു ഇരുട്ടിൻ്റെ ആ ലോകത്തു ഒരു സൂര്യനേയും ഒരു ചന്ദ്രനേയും തെളിച്ചു.

കാടും, മലയും, പുഴയും, ചോലയും, അരുവിയും ... എന്തിനു പറയുന്നു ..  !
ഒരു കടലു തന്നെ ഞാൻ  ആ ലോകത്തു നിറച്ചു.
വനലതാദികളും, പൂക്കളും നട്ടു നനച്ചു, ഞാൻ ആ സങ്കൽപ്പലോകം ഒരു പൂങ്കാവനമാക്കി.

സൂര്യൻ പകലുകളെയും, ചന്ദ്രൻ ഇരവുകളെയും സമ്മാനിച്ചു.
സുന്ദരമായ ആ സ്വപ്‌ന ലോകത്തെ ഞാൻ പ്രണയിച്ചു.
എൻ്റെ പ്രണയം അവിടുത്തെ ജീവ വായുവായി പരിണമിച്ചു.

അവിടുത്തെ വർണ്ണശബളമായ ഉദയാസ്ഥമനങ്ങൾ, ദൂരെ ഒരു കുന്നിൻമുകളിൽ ഇരുന്നു ഞാൻ ആസ്വദിച്ചു.
ആ കുന്നിൻ നെറുകയിൽ ഞാൻ പ്രതിഷ്ഠിച്ച ഒരു തണൽ മരം..
അതിൻ്റെ ചുവട്ടിലായൊരുന്നു എൻ്റെ ഇഷ്ടകേന്ദ്രം.

അസംഘ്യം ഉദയാസ്ഥമനങ്ങളുടെ സൗന്ദര്യം എൻ്റെ ഹൃദയത്തെ തരളിതമാക്കി. യാഥാർധ്യത്തിലെ ചില ഗൃഹാതുരത്വങ്ങൾ ഇടയ്‌ക്കിടെ ശല്യപ്പെടുത്തുന്നതൊഴിച്ചാൽ എൻ്റെ സ്വപ്നസുന്ദരലോകത്തു ഞാൻ അതീവ സന്തുഷട്നായിരുന്നു. വിശപ്പും ദാഹവും ഒക്കെ മറന്നു ഞാൻ എൻ്റെ പച്ചപ്പു നിറഞ്ഞ സ്വപ്ന ലോകത്തിൽ ലയിച്ചു ചേർന്നു.

കുറെ നാൾ അങ്ങനെ പോയി. എത്ര നാൾ ..അധവാ എത്ര സമയം എന്നു ചോദിച്ചാൽ ഞാൻ കുഴങ്ങും .. കാരണം സമയം ആപേക്ഷികം ആണല്ലോ. താങ്കളുടെ ഒരു മണികൂർ ചിലപ്പോൾ എനിക്കു ഒരു മിനിട്ടോ ഒരു സെകണ്ടോ പോലുമാകാം.

ചിന്തകളിൽ മുഴുകിയിരുന്നു പലപ്പൊഴും മണിക്കൂറുകൾ എനിക്കു നിമിഷങ്ങളായി അനുഭവപ്പെട്ടിട്ടുണ്ടു.. ചില അവസരങ്ങളിൽ നിമിഷങ്ങൾക്കു ദൈർഘ്യം വല്ലാണ്ടങ്ങു ഏറിപ്പോയിട്ടുമുണ്ടു.

താങ്കൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ ?

സമയത്തിൻ്റെ ഒരു പാച്ചിൽ അങ്ങനെയാണ് !

ആ പാച്ചിൽ അനിർവചനീയമാണ്‌.

സമയം ഒരു നദിയാണ്.
നമ്മളിലൂടെയെല്ലാം പാഞ്ഞു കയറിപ്പോകുന്ന ഒരു മായാനദി.
കാഴ്ച്ചക്കപ്പുറം മാനങ്ങൾ ഒളിപ്പിച്ചു പായുന്ന അദൃശ്യ നദി.

ഭൂത കാലം വിട്ടെറിഞ്ഞു വർത്തമാനകാലത്തിലൂടെ ഭാവിയിലേക്കു അതു  ഒറ്റ ഒരൊഴുക്കാണു. സമയപ്പാച്ചിലിലെവിടെയോ നമ്മളും അനന്തമായ ആ ഒഴുക്കിൻ്റെ ഒരു ഭാഗമാകുന്നു. കുറേ ഒഴുകി ഒടുവിൽ, നദിയുടെ ഏതോ ഒരു രേഖയിൽ നമ്മളും നമ്മുടെ ഓർമ്മകളും ലയിച്ചു ഇല്ലാതായിപ്പോകുന്നു.

ഒഴുക്ക് അപ്പൊഴും തുടരും... നിർത്തില്ലാണ്ട് മുന്നോട്ടു...
സമയം എന്ന അതിശയ നദി!!

സമയത്തെ കുറിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ എൻ്റെ ലോകത്തു പരിണാമം സംഭവച്ചു കഴിഞ്ഞിരുന്നു.

അതെ.. ജീവൻ്റെ വിത്തുകൾ മുളച്ചു കഴിഞ്ഞിരുന്നു.

എൻ്റെ ലോകത്തിൻ്റെ സൗന്ദര്യം .. അതു ആസ്വദിക്കാൻ .. ആ സൗന്ദര്യത്തെ വാഴ്ത്താൻ.. എനിക്ക് ആസ്വാദകർ വേണമെന്നു  തോന്നിയപ്പോഴാണു ജീവൻ്റെ വിത്തുകൾ പാകിയത്.

പരിണാമം വളരെ പെട്ടന്നായിരുന്നു.
സങ്കീർണ്ണമായ ഒരു രാസപ്രക്രിയ ആയിരുന്നു അത് .!

ജീവൻ്റെ വിത്തുകൾ പെറ്റു പെരുകി.
ഇഴഞ്ഞും, നീന്തിയും, നടന്നും, ഓടിയും, ചാടിയും, പറന്നും അവ മാറ്റങ്ങൾക്കു വിധേയപ്പെട്ടു.. എൻ്റെ പ്രീയപെട്ട അതുല്യ സൃഷ്‌ടികൾ!

ഞാൻ കുന്നിൻ നെറുകയിലെ മരച്ചുവട്ടിലിരുന്നു എല്ലാം കണ്ടാസ്വദിച്ചു.
അവരുടെ ഇടയിൽ.. അവരിൽ ഒരാളായി .. ഇടയ്ക്കിടെ ഞാനും ഇഴുകിചേർന്നു ജീവിച്ചു. ഒരിക്കലും ഞാൻ ആരെന്നു അവർ മനസ്സിലാക്കിയതേയില്ല. അതിനു ഞാൻ ഒട്ടു ഇടവരുത്തിയതുമില്ല. അതിൽ  തെല്ലും എനിക്കു പരിഭവം ഇല്ലായിരുന്നു.                       

എൻ്റെ അനുഗ്രഹാശിസ്സുകളാൽ അവർക്കു വേണ്ടതെല്ലാം ആ ലോകത്തു സമൃദ്ധമായിരുന്നു.

കുറെ കഴിഞ്ഞപ്പോൾ അവരിൽ ചിലർക്കു ഭാവന ഉണർന്നു. കവിതകളും കഥകളും പാട്ടും സംഗീതവും ഒക്കെയും ആ ലോകത്തു മുഴങ്ങി. അവരുടെ കൃതികളിലും, വരികളിലും ഒക്കെ എന്നെ ഞാൻ തിരഞ്ഞു.

പിന്നീട് അവർ തങ്ങളുടെ അർത്ഥശൂന്യമായ ജീവിതങ്ങളുടെ ഉദ്ദേശ്യം അറിയാൻ കൗതുകം പ്രകടിപ്പിച്ചു. അവരുടെ സൃഷ്ടാവായ എന്നെ തേടി. ആ തേടൽ .. എന്നെ തേടുന്നതു ... അത് ബുദ്ധിമോശം എന്നും ചിലർ വിധി എഴുതി. അവരെ എനിക്ക് കുറ്റപെടുത്താൻ കഴിഞ്ഞില്ല.
ചേരി തിരിഞ്ഞുള്ള അവരുടെ ആക്രമണം പക്ഷെ എന്നെ വേദനിപ്പിച്ചു.

എല്ലാം കാണുന്ന .. എല്ലാം അറിയുന്ന ...നിസ്സഹായനായ വിഡ്ഢി കാണി !

 ഞാൻ !

 അർത്ഥശൂന്യമായ എൻ്റെ ലോകത്തിൻ്റെ മുക്കും മൂലയും അവർ പഠിക്കാൻ ശ്രമിച്ചു. മനസ്സിലാകാത്തവയ്ക്കും ബാലിശമായ കാര്യ കാരണങ്ങൾ നിരത്തി. അതു അവരുടെ വിശ്വാസമായി മാറി. വിശ്വസം പിന്നെ അന്ധവിശ്വസമായി പരിണമിച്ചു.
    
 എന്നിരുന്നാലും അവർ തോറ്റു പിന്മാറിയില്ല. അവർ കൂട്ടം കൂട്ടമായി വിശ്വാസങ്ങൾ പങ്കു വെച്ചു.

നൂറായിരം പേരുകൾ നൽകി അവർ എന്നെ വാഴ്ത്തി. എൻ്റെ ചിത്രങ്ങൾ വരച്ചു അതിനു മുന്നിൽ പ്രാർത്ഥന ചൊല്ലി. ഉറക്കെയുള്ള പ്രാർത്ഥന കേട്ടു എൻ്റെ ചെവിടു വേദനിച്ചു.  കല്ലിലും ചുവരിലും എൻ്റെ സാനിധ്യം ആരോപിച്ചു. അവരുടെ വിശ്വസങ്ങളും അന്ധവിശ്വാസങ്ങളും എന്നിലേക്കു വിരൽ ചൂണ്ടി. പക്ഷിമൃഗാദികളെ എൻ്റെ പേരിൽ ബലി കൊടുത്തു അവർക്കു എന്നോടുള്ള സ്നേഹത്തിൽ അവർ ഊറ്റം കൊണ്ടു.

പക്ഷെ ആ സ്നേഹം ഒരു മുഖംമൂടി ആയിരുന്നു എന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി. തങ്ങളുടെ വേർതിരിവുകളെ നിലനിർത്താൻ ഈ വിശ്വാസങ്ങൾ അവർക്കു അവശ്യമായിരുന്നു. തൻ്റെ സഹോദരങ്ങളെ സ്വാർത്ഥലാഭത്തിനായി അടിച്ചമർത്താനും, ചൂഷണം ചെയ്യാനും  വിശ്വാസങ്ങൾ അവർക്കുപകരിച്ചു. അവരെ എതിർത്ത ന്യൂനപക്ഷങ്ങൾ അവരുടെ വാൾമുനയ്ക്കിരയായി.

തൊള്ള തുറക്കുന്ന വിഡ്ഢി കുഷ്മാണ്ടങ്ങളുടെ പിറകെ.. അവരുടെ വിഡ്ഢി ആശയങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങി കരഘോഷങ്ങളോടെ  അവർ എതിരേറ്റു. മുതലാളിമാർ സ്വാർത്ഥ ലാഭത്തിനായി ഈ വിഡ്ഢികളെ സ്വർണ്ണ സിംഹാസനങ്ങളിൽ ഇരുത്തി. അങ്ങനെ ഒരു ജനതയെ മുഴുവൻ ഒരു വിഡ്ഢി ഭരിച്ചു.

മണ്ണിനും നീരിനും മറ്റൊരു കഥന കഥ പറയാൻ ഉണ്ടായിരുന്നു.

കായലും, അരുവിയും, ചോലയും ദാഹിച്ചു വറ്റി. ഭൂമുഖം വിളറി വരണ്ടു. കാടും മലയും വെട്ടി നികത്തപ്പെട്ടു. കോൺക്രീറ്റ് കാടുകൾ കുതിച്ചു പൊങ്ങി.

ദാഹജലം കടലാസു കൊടുത്തു വാങ്ങേണ്ട ഗതി വന്നു.

കുന്നിൻ നേരുകയിലെ എൻ്റെ തണൽ മരം കാണ്മാനില്ലാണ്ടായി.

കുന്നു നെകന്നു ..

കാടു നെകന്നു ..

പച്ചപ്പു മാഞ്ഞു ..

എൻ്റെ സുന്ദര ലോകം തരിശു ഭൂമിയായി.

പുതിയ യന്ത്രങ്ങലാൽ അവർ കണ്ണും, ചെവിടും, ഹൃദയവും മറച്ചു.

സ്നേഹം വിരളമായി.

ബ്രഹ്മാസ്‌ത്രം കയ്യിൽ പേറുന്ന അശ്വത്ഥാമാക്കൾ പെരുകി.

സ്വപ്‌നലോകം നാശത്തിൻ്റെ വക്കോളം എത്തി  ..

സമയം ആയിരിക്കുന്നു..

പരിണാമം എന്ന രാസപരിവർത്തനം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു..

സൂര്യനും ചന്ദ്രനും അണഞ്ഞു. തമോഗർത്തങ്ങൾ ഉണർന്നു.

ഇരുട്ട് ഇരച്ചു കയറി വന്നു.

ഞാൻ മിഴികൾ തുറന്നു. അത് ഈറൻ അണിഞ്ഞിരുന്നു.

ഈ യാഥാർഥ്യവും അർത്ഥശൂന്യമായ ഒരു സ്വപ്‌നമാകുമോ ?

അറിയില്ല ..

ഇനിയും മിഴികൾ തുറക്കട്ടെ എന്ന പ്രാർത്ഥന മാത്രം അവശേഷിക്കുന്നു.        

                             

                                                                                                     -ശുഭം-                                        

Saturday, May 19, 2018

യക്ഷി

ഭാഗം 1 

ഒരു ചെറു മയക്കത്തിൽ നിന്നും പി.സി ഉണർന്നു  വാച്ചിലേക്കു നോക്കി.
സമയം പന്ത്രണ്ടു മണി കഴിഞ്ഞിട്ട് ഏറെ നേരം ആയിട്ടില്ല .. അർദ്ധ രാത്രി ..

ചന്ദ്രികാചർച്ചിതമായ ആകാശം..!! എത്ര മനോഹര കാഴ്ച !!

"The Night is still Young!" - പി.സി തന്നോടെന്നോണം പറഞ്ഞു.
കടൽ തീരത്തുള്ള വലിയ റിസോർട്ടിൽ ഒരു വി.ഐ.പി കോട്ടേജിൻ്റെ വരാന്തയിൽ അയാൾ മനഃസമാധാനത്തോടെ അങ്ങനെ ഇരിക്കുകയാണ്.

ഒരു വലിയ ആഘോഷത്തിൻ്റെ പരിസമാപതിയായി.. വന്നവരിൽ മുക്കാൽ പേരും അയാൾക്ക് അപരിചിതരാണ്. കുറച്ചു സുഹൃത്തുക്കൾ എങ്ങാനും കൂട്ടത്തിൽ ഉണ്ടായിരിക്കാം...

പി.സി.യെ കുറിച്ച് പറയുകയാണെങ്കിൽ,  അയാൾ എല്ലാവരുടെയും പി.സി ആണ്.

പി.സി .. പി.സി  എന്നു പറയുമ്പോൾ അതും പറയണമല്ലോ ..
കടിച്ചാൽ പൊട്ടാത്ത ഒരു നെടു നീളൻ പേരിൻ്റെ ഹ്രസ്വമാണു പി.സി. എല്ലാവരും അങ്ങനെ വിളിച്ചു വിളിച്ചു തൻ്റെ യഥാർഥ പേര് പി.സി തന്നെ മറന്നിരിക്കുമോ ആവോ ? ആർക്കറിയാം!!

പണം ചിലവാക്കുന്ന പി.സി.യെ എല്ലാ പേർക്കും ഇഷ്ടമാണു ..
പി.സി.യുടെ ധൂർത്തിൽ തിന്നും കുടിച്ചും ആനന്ദലഹരിയിൽ ആറാടാൻ എല്ലാപേർക്കും വലിയ ഇഷ്ടമാണു.. അങ്ങനെ വരുമ്പോൾ പി.സി.യുടെ ശരിക്കുള്ള സുഹൃത്തുക്കളെ അറിയാൻ തന്നെ ബുദ്ധിമുട്ടാണ്. പക്ഷെ പി.സി എല്ലാവരുടെയും പി.സി.യാണു..

അയാൾ ഇപ്പോൾ സന്തുഷ്ടനാണു.. മദോന്മത്തനാണു.

ഉള്ളിൽ ലഹരിയുടെ ആർമാദത്തിരതള്ളലാണു.

പലേതരം ബ്രാൻഡ് ദ്രാവകങ്ങൾ വയറ്റിനുള്ളിൽ സമരം ചെയ്യുമ്പോൾ പി.സി പക്ഷെ പുറത്തു ശാന്തചിത്തനാണു.
പി.സി.യുടെ കോട്ടേജിനു മുന്നിലുള്ള പുൽത്തകിടിയിൽ ഒരു വലിയ മനുഷ്യൻ ... ആജാന ബാഹു .. നീണ്ടു നിവർന്നു അബോധാവസ്ഥയിൽ കിടപ്പാണ്.

"ടോ മൂരി ..!! എണീക്കടോ !!"

പി.സി. അയാൾക്കു നേരെ ഉറക്കെ അലറി.
ആ അലർച്ച കേട്ട് പി സി.യുടെ സാരഥിയും സന്തതസഹചാരിയുമായ കുഞ്ഞാപ്പി എഴുന്നേറ്റു .. അയാൾ വരാന്തയിൽ ഒരു ഓരം  ചേർന്നു കിടക്കുകയായിരുന്നു.  

കുഞ്ഞാപ്പി കുഞ്ഞനന്ദൻ ആണ്..
കുഞ്ഞനന്ദൻ്റെ ഹ്രസ്വം കുഞ്ഞാപ്പി !!

"പോകാറായോ സാറേ ?" - കുഞ്ഞാപ്പിയാണ്

"ആ കിടപ്പു കണ്ടോ നമ്പൂരീടെ ? "
പി.സി കുഞ്ഞാപിയോടായി പറഞ്ഞു :
"എന്തൊക്കെയായിരുന്നു ഇന്നലത്തെ മേളം ?? പാട്ടു.. ഡാൻസ് .. ദേ ഇപ്പൊ അങ്ങോട്ടൊന്നു താൻ നോക്കിക്കേ ? എത്ര സാധു !!!"

"എടുത്തു കടലിൽ ഏറിയട്ടേ സാറേ ? "

കുഞ്ഞാപ്പി ചിരിച്ചോണ്ടു ചോദിച്ചു.

"വേണ്ടി വരും" പി.സി.യും പൊട്ടിച്ചിരിച്ചു.
"ഏതായാലും അധിക നേരം പുറത്തു കിടത്തണ്ട .. ഒരു മഴക്കാറുണ്ട് .. പൊക്കിയെടുത്തു മുറിയിലിടാം."

പി.സി.യും കുഞ്ഞാപ്പിയും നമ്പൂരിയെ എടുത്തു പൊക്കി മുറിയിലെ കിടക്കയിലിട്ടു.

"ഏതില്ലത്തെ നമ്പൂരിയാ സാറേ .. ഈ മാംസവും മദ്യവുമൊക്കെ തിന്നുന്നേ?" - കുഞ്ഞാപ്പിയുടെ സംശയം

"ഇത് എനം വേറെയാടോ.. "

നിവർന്നു ഞെളിഞ്ഞു ഒരു കോട്ടുവാ ഇട്ടിട്ടു അയാൾ തുടർന്നു :
 "കുഞ്ഞാപ്പി കിടന്നോളൂ.. വണ്ടീടെ ചാവി ഇങ്ങു തന്നേരെ.. ചിലപ്പോൾ ഒരു നൈറ്റ് ഡ്രൈവ് പോയാലായി.."

"ഈ അവസ്ഥയിൽ വേണോ സാറേ ?" - കുഞ്ഞാപിയുടെ ഉത്‌കണ്ഠ..

പി.സി. അത് കേട്ട ഭാവമില്ല .. അയാൾ നീട്ടിയൊന്നു മൂളിയിട്ടു അയാളുടെ ചിന്തകളിൽ മുഴുകി. വണ്ടിയുടെ ചാവി മേശപുറത്തു വെച്ചിട്ടു കുഞ്ഞാപ്പിയും ഉറക്കത്തിലേക്കു കമിഴ്ന്നു വീണു.     

ഭാഗം 2

ചാറ്റൽ   മഴ ഒന്നുഷാറായിട്ടുണ്ട്..
കോട്ടേജിനുള്ളിൽ നിന്നും അസഹനീയമായ കൂർക്കം വലിയുടെ ആരവം..

പി.സി ചാരുകസേര എടുത്തു പുറത്തിട്ടു ചെറുമഴ ആസ്വദിച്ചു അങ്ങനെ കിടക്കുകയാണ്.  അപ്പോൾ പി.സി.യ്ക്കു ഒരു കുസൃതി.

അയാൾ പഴയ കാമുകിമാർക്കെല്ലാം ഓരോ മിസ്‌ഡ്‌ കാൾ അയയ്ക്കാൻ തുടങ്ങി. ആദ്യം മിസ്ഡ് അയച്ചത് മരിയ കോശിക്കാണ്.  തിരിച്ചു മറുപടി ഒന്നും വരാഞ്ഞപ്പോൾ അടുത്തയാൾക്കു.. അങ്ങനെ തുരു തുരാന്നു മിസ്ഡ് അയച്ചു കൊണ്ടിരിക്കുമ്പോൾ ദാ വരുന്നു ഒരു മറുപടി..

"ചേട്ടൻ എവിടെ ?"

ഉത്സാഹത്തോടു കൂടി അയാൾ ആ മറുപടി നോക്കുമ്പോഴുണ്ട് .. അത് പി.സി.യുടെ ഭാര്യയാണു. അറിയാതെ മിസ്ഡ് കാൾ ഭാര്യയ്ക്കും പോയിരിക്കുന്നു.

"ചേട്ടൻ എപ്പോഴാണു വീട്ടിലേക്ക് വരുന്നത്? ഞാനിവിടെ നല്ല കൊടംപുളിയിട്ട മീനും കപ്പയും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്."

അബദ്ധത്തിൽ പിടിക്കപ്പെട്ട  കള്ളൻ്റെ അവസ്ഥയായി പോയി പി.സി.ക്കു അപ്പോൾ. ഇളം കാറ്റും ചെറുമഴയും ഒക്കെയുള്ള ആ സുന്ദര രാത്രിയിൽ പി.സി. വല്ലാണ്ടങ്ങു വിയർത്തു പോയി. എന്തോ ഒരു കള്ളം പറഞ്ഞു ഭാര്യയെ അയാൾ സമാധാനിപ്പിച്ചു ആ ചർച്ച ഒതുക്കി തീർത്തു.  പിന്നെ ആ മൂട് ഒന്ന് മാറ്റാൻ ഒരു ഡ്രൈവിനു പോകാൻ തന്നെ അയാൾ തീരുമാനിച്ചു. അയാൾ വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു നിരത്തിലേക്കു ഇറങ്ങി.

പെട്ടെന്നു അയാളുടെ ഫോൺ റിങ് ചെയ്തു. നേരത്തെ മിസ്ഡ് പോയ കാളുകളിൽ ഒരു നമ്പറാണു തിരിച്ചു വിളിക്കുന്നതെന്ന് തോന്നുന്നു.
ഫോണിൻ്റെ അങ്ങേത്തലയ്ക്കൽ നിന്ന് മധുരസുന്ദരമായ സ്വനം.

ശബ്ദത്തിനുടമ സുഷമയാണ്.
അവർ ഒരു സ്കൂൾ ടീച്ചർ ആണ്. അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ ഈഗോ.. ഇപ്പോൾ മാറി ഒറ്റയ്‌ക്കാണ് താമസം.
വളരെ ബോൾഡായ ഒരു സ്ത്രീ..

"എവിടെയാണ് ?"

"ഇവിടെ അടുത്ത് തന്നെ. കുറച്ചു സുഹൃത്തുക്കളുമായി.."

പി.സി താൻ നിൽക്കുന്നിടം വിശദമായി അവർക്കു പറഞ്ഞു കൊടുത്തു.

"ദേവിയില്ലേ അടുത്ത് ?"

ദേവി പി.സി.യുടെ ഭാര്യാനാമം.

"ഇല്ല .. കുഞ്ഞാപ്പിയുണ്ട് .. പിന്നെ അളിയനുമുണ്ട്.. അവർ മുറിയിൽ ഉറക്കം .."

"പി.സി.ക്കു ഉറക്കം ഒന്നുമില്ലേ ?" ചിരിച്ചു കൊണ്ട് സുഷമയുടെ ചോദ്യം.

"ഉറക്കം വന്നില്ല .. ഓർത്തപ്പോൾ വിളിച്ചു .. ശല്യമായെങ്കിൽ വെച്ചോളൂ .."

"ഏയ് .. അതില്ല .. ഞാനും ബോറടിച്ചു ഇരിക്കുവായിരുന്നു."

അങ്ങനെ അവർ കുറെ ഏറെ നേരം സംസാരിച്ചു. അപ്പോഴുണ്ട് സുഷമയ്‌ക്കു പി.സി.യെ കാണണം. കൃത്യമായി വീട്ടിലേക്കുള്ള വഴി അവർ പി.സി.ക്കു പറഞ്ഞു കൊടുത്തു.

റിസോർട്ടിൽ നിന്നും വലിയ ദൂരം അത്രേടം വരെ ഉണ്ടായിരുന്നില്ല. നിർബന്ധം പിടിച്ചു ആ സ്ത്രീ പറഞ്ഞപ്പോൾ പി.സി.യ്ക്കും എതിര് പറയാൻ കഴിഞ്ഞില്ല. അയാൾ വണ്ടിയെടുത്തു അങ്ങോട്ടേക്കു യാത്ര തിരിച്ചു.

 ഭാഗം 3

സുന്ദരിയായ ചാറ്റൽ മഴ ഇപ്പോൾ ഉഗ്രരൂപിണി ആയിരിക്കുന്നു . അകംപടിയായി നല്ല ഇടിയും മിന്നലും. പി.സി മിതവേഗത്തിൽ വാഹനം ഓടിക്കുകയാണ്. എതിരെ അധികം വാഹനങ്ങൾ ഉണ്ടായിരുന്നില്ല. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ടാറിട്ട റോഡിനു വിരാമമായി. തനി ഗ്രാമീണ പാതയാണ്..

മഴ ഒന്നുകൂടെ ഒന്നുഷാറായി പെയ്തു പെട്ടെന്ന് അങ്ങ് തോർന്നു.. മേഘങ്ങൾക്കിടയിൽ മിന്നൽപ്പിണറുകൾ..

പി.സി വണ്ടി നിർത്തി. കൊടും മഴയത്തു വഴി തെറ്റി കാണുമോ  എന്നൊരു ആശങ്ക. സുഷമയെ വിളിച്ചിട്ടു ഫോൺ എടുക്കുന്നുമില്ല  .. പെട്ടെന്ന് വയറ്റിനകത്തു ഒരു അസ്ക്യത .. വല്ലാത്ത ഒരു അങ്കലാപ്പും.. കുടിച്ച കള്ളും ഭക്ഷണവുമെല്ലാം പി.സി അവിടെ ശർദ്ദിച്ചു...അപ്പോൾ അയാൾക്കൊരു ആശ്വാസം തോന്നി. അതോടൊപ്പം ക്ഷീണവും..വേണേൽ വണ്ടി തിരിച്ചു റിസോർട്ടിലേക്കു പോകാം..അയാൾ ഒന്നാലോചിച്ചു നിന്ന് പോയി.. എന്നിട്ടു ഒരു സിഗരറ്റു കുറ്റിയെടുത്തു കത്തിച്ചു..അതു വലിച്ചു തീർത്തപ്പോൾ വയറ്റിനുള്ളിൽ നിന്നു നല്ല വിശപ്പിന്റെ നിലവിളി..

അയാളോർത്തു .. വീട്ടിൽ ദേവിയുടെ കുടം പുളിയിട്ട മീൻ കറിയും കപ്പയും തനിക്കു വേണ്ടി കാത്തിരിപ്പുണ്ട്.
സുഷമയുടെ വഴി തെറ്റിയെന്നു ഉറപ്പാണ്... അല്ല ആ വഴി പിഴച്ചതാണു..

തിരികെ പോകാൻ തന്നെ പി.സി തീരുമാനിച്ചു. ആ പരിസരത്തെങ്ങും ആൾ താമസമുള്ളതായി തോന്നിയില്ല. വീഥിയുടെ രണ്ടു വശങ്ങളിലും ഉയരമുള്ള മരങ്ങളാണ്. ഒറ്റയ്ക്കവിടെ നിൽക്കുന്നത് പന്തിയല്ലെന്നു അയാൾക്കു തോന്നി.

അപ്പോഴുണ്ട് പ്രതീക്ഷയുടെ ഒരു ആൾരൂപം അകലെ നിന്ന് ചൂട്ടും കത്തിച്ചു വരുന്നു.
അടുത്തു വന്നപ്പോൾ അതിസുന്ദരിയായ ഒരു പെണ്ണ്.
ഇരുപത്തൊന്നു ഇരുപത്തിരണ്ടു വയസ്സ് പ്രായം വരുമായിരിക്കും അവൾക്കു.

വെളുത്ത മുണ്ടും കറുത്ത പട്ടു ബ്ലൗസും ആണ് വേഷം.. മാറു മറച്ചിട്ടില്ല.
നഗ്‌നമായ കാൽ പാദങ്ങൾ. കയ്യിൽ നേരത്തെ പറഞ്ഞ പോലെ കത്തുന്ന ഒരു ചൂട്ടുണ്ട്. .. വലിയ നീളൻ കണ്ണുകൾ ..കറുത്ത മുടി പിന്നി മാറിലേക്കിട്ടിരിക്കുന്നു ...
ചൂട്ടിൻ്റെ പ്രഭയിൽ സ്വർണ്ണ നിറത്തിൽ അവളങ്ങനെ വെട്ടിത്തിളങ്ങുകയാണ്.  ആ ജ്വാല പി.സി.യുടെ കണ്ണുകളിൽ തിളങ്ങി. നിമിഷ നേരം കൊണ്ട് പി.സി അവളിൽ അനുരക്തനായി...
ഒരു ദേവി പ്രത്യക്ഷപ്പെട്ടതു പോലെ തോന്നി പി.സി.യ്ക്.

പി.സി. എത്ര ദുർബലൻ ...!!

അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്ന പി.സി.യോട് തൻ്റെ ഭൂസ്വത്തു കയ്യേറാൻ വന്ന വരുത്തനോടെന്നോണo അവൾ ചോദിച്ചു -

"നിങ്ങളാരാണ് ? എന്തെടുക്കുവാ ഈ പാതിരാത്രിക്ക് ഇവിടെ ?"

ഒരു ജാള്യതയോടെ പി.സി പറഞ്ഞു -

"ഒരു വീട് അന്വേഷിച്ചിറങ്ങിയതാ .. വഴി തെറ്റി.."

"വീടന്വേഷിച്ചോ ?!! ഈ പാതിരാത്രിക്കോ ..?!!"

"അല്ല .. ഈ പരിസരത്തായിട്ടു ഒരു പരിചയക്കാരിയുടെ വീടുണ്ടെന്നാണ് പറഞ്ഞത്. മഴയായതു കൊണ്ട് വഴിയും തെറ്റി. വിളിച്ചിട്ടു അവർ ഫോൺ എടുക്കുന്നുമില്ല."

"ഈ വഴി തന്നെയാണ് അവർ പറഞ്ഞതെന്ന് ഉറപ്പാണോ ?"

"അതെ .. എന്തെ അങ്ങനെ ചോദിച്ചത് ?"

"ഈ സ്ഥലം അല്പം പിശകാണ് .. സന്ധ്യ കഴിഞ്ഞാൽ ഇന്നാട്ടുകാര് ആണുങ്ങളാരും ഇതു വഴി വരില്ല .. യക്ഷി ഇറങ്ങുന്ന സമയമാണ്. "

"യക്ഷിയോ ..!?" പി.സി.ക്കു ചിരി വന്നു. "എന്നിട്ടു നിങ്ങളെന്തേ ചൂട്ടും കത്തിച്ചു ഈ നേരത്തു ഇത് വഴി ? യക്ഷിക്ക് തീ പേടിയാണോ ?"

"പെണ്ണുങ്ങളെയും കുട്ടികളെയും യക്ഷി ഉപദ്രവിക്കില്ല." വല്യ കാര്യം പോലെ അവൾ പറഞ്ഞു.

"അത് ശരി .. എന്താ നിങ്ങളുടെ പേര് ?" - പി.സി ചോദിച്ചു.

"എൻ്റെ പേര് അവിടെ നിക്കട്ടെ .. നിങ്ങളാരാണു ? എങ്ങനെ ഇവിടെ വന്നു ?"
അവൾക്കറിയണം. സുന്ദരിയായ ദേവിക്ക് കൗതുകം. പി.സി. തൻ്റെ വിശ്വവിഖ്യാതമായ നെടു നീളൻ പേരു അവൾക്കു പറഞ്ഞു കൊടുത്തു. അത് കേട്ട അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ടു ചോദിച്ചു -

"അപ്പോൾ പി.സി ഇനി എന്താ ഉദ്ദേശ്യം .. പരിചയക്കാരിയെ അന്വേഷിച്ചു പോകുന്നോ ? അതോ തിരിക്കുന്നോ ?"

"എനിക്ക് യക്ഷിയെ ഒന്നും ഭയമില്ല. ഒട്ടും അന്ധവിശ്വാസിയും അല്ല. പരിചയക്കാരിയുടെ വീട് കണ്ടെത്താൻ തന്നെയാണ് തീരുമാനം.. എന്നെ സഹായിക്കുമോ ?"

അവളോടൊത്തു കുറച്ചു സമയം ..അതാണ് പി.സി.യുടെ യഥാർത്ഥ ഉദ്ദേശ്യം. സുഷമയെ അയാൾ എപ്പോളേ മറന്നു.

 "അത്രയ്ക്ക് ധൈര്യമുണ്ടോ?" വിടർന്ന കണ്ണുകളോടെ അവൾ.

"മം.." അഭിമാനത്തോടെ പി.സി. മൂളി.

അവൾ മന്ദഹസിച്ചു.

ഹായ് .. എത്ര സുന്ദരമായ പാലിച്ചിരി.

പി.സി അത് കണ്ടു കോരി തരിച്ചു. അവളുടെ ഹൃദയത്തിലേക്കുള്ള വഴി അറിയാൻ പി.സി.യുടെ ഹൃദയം തേങ്ങി. 

"വണ്ടിയിൽ കയറൂ .. നിന്നെ  ഞാൻ വീട്ടിൽ കൊണ്ട് വിടാം.. അവിടുന്ന് ഞാനും പൊയ്‌ക്കോളാം. "

"പരിചയമില്ലാത്തവരുടെ വണ്ടിയിലൊന്നും ഞാൻ കയറില്ല. വണ്ടി ഇവിടെ കിടക്കട്ടെ ... ഇവിടെ അടുത്തുള്ള ബസ് സ്റ്റോപ്പ് വരെ ഞാൻ കാണിച്ചു തരാം. അവിടെ പരിസരത്തു വീടും കുടിയുമൊക്കെ ഉണ്ട്.  അവിടെ എവിടെയും പരിചയക്കാരിയുടെ വീട് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻ്റെ വീടിൻ്റെ ഉമ്മറത്തു ഉറങ്ങാം. നാളെ പകൽ വന്നു വണ്ടി എടുത്തു തിരിച്ചും പോകാം.. സമ്മതമാണെങ്കിൽ കൂടെ പോരൂ "

പി.സി.ക്കു അത് നൂറു വട്ടം സമ്മതമായിരുന്നു.

"ഇവിടെ അടുത്ത് വല്ല ഹോട്ടലും കാണുമോ ?" വീണ്ടും പി.സി.യുടെ ആവലാതി.

"എന്തേ ..? ഈ നേരത്തൊന്നും തുറന്നിട്ടുണ്ടാവില്ല."

"നല്ല വിശപ്പ്. എന്തേലും തിന്നാൻ കിട്ടിയിരുന്നെങ്കിൽ.."

ചിരിച്ചു കൊണ്ട് അവളുടെ മറുപടി - "വീട്ടിൽ കഞ്ഞിയോ പഴഞ്ചോറോ ബാക്കി കാണും"

വീണ്ടും ദേവിയുടെ കുടം പുളിയിട്ട മീൻകറിയും കപ്പയും ഓർമ്മയിൽ വന്നു. പി.സി.യുടെ നാവിൽ കപ്പലോടി. വേണേൽ വണ്ടിയെടുത്തു തിരിച്ചു വീട്ടിലേക്കു പോകാം. പക്ഷെ സുന്ദരിയുടെ കൂടെ അൽപ നേരം കൂടി ചിലവഴിക്കാൻ പി.സി.ക്കു ഒരു കൊതി.

കൊതിയൻ പി.സി !!

വണ്ടി റോഡിനു അരികത്തോട്ടു പാർക്ക് ചെയ്തിട്ട് അയാൾ സുന്ദരിയുടെ ചൂട്ടു വെളിച്ചത്തിനു പിന്നാലെ റാന്തൽ വിളക്കിനു അരികത്തൂടെ പറക്കുന്ന ചെറു പ്രാണിയെ പോലെ പോയി.

ചതിയൻ പി.സി !!
                                                                                                                             
ഭാഗം 4

ഒരില പോലും ചലിക്കുന്നില്ല. ആകാശത്തു പൂർണ ചന്ദ്രൻ വിലസി നിന്നു. അങ്ങിങ്ങു ചീവീടുകളുടെ കരച്ചിൽ രാത്രിയുടെ സംഗീതമായി..  വിഷാദ ഗായകനായ ഒരു ശ്വാനൻ്റെ പാട്ടു കാറ്റിൽ പാറി വന്നു.   

മുന്നിലൂടെ ചൂട്ടും തെളിച്ചു സുന്ദരി ദേവി നടക്കുകയാണ്. അവളുടെ പിൻഭാഗത്തിന്റെ കല ആസ്വദിച്ചു കൊണ്ട് പി.സി പിന്നാലെയും. മൗനം ദുസ്സഹമായി വന്നപ്പോൾ പി.സി ചോദിച്ചു -

"നിന്റെ പേര് എന്താണ് ? പറഞ്ഞില്ലല്ലോ !!"

"ഒരു പേരിൽ എന്തിരിക്കുന്നു " ചിരിച്ചു കൊണ്ട് സുന്ദരി ദേവിയുടെ മറുപടിയും വന്നു.

"നിങ്ങൾ നിങ്ങളെത്തന്നെ പി.സി എന്നല്ലേ സ്വയം വിളിക്കുന്നത്? സ്വന്തം പേര് മറച്ചു വെച്ച് കൊണ്ട്!"

ശരിയാണ്. പി.സി.ക്കു അവൾ പറഞ്ഞത് ശരിയാണെന്നു തോന്നി. ഈ രാവിൽ അവൾ പറയുന്നതെല്ലാം അയാൾക്ക് അങ്ങനെയേ തോന്നുകയുള്ളൂ.

"എന്തിരുട്ടാണ് ഇവിടെ ? നീ ഉള്ളത് ഒരു ആശ്വാസം തന്നെ. ഇല്ലേൽ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയേനെ"

"അതെ .. ഇവിടെ എന്നോടൊപ്പം ഉള്ളത് കൊണ്ട് നിങ്ങൾ സുരക്ഷിതമാണ്. ആറു മാസം മുൻപ് ഒരു വേളിന്നാട്ടുകാരൻ ഇവിടെ എങ്ങനെയോ വന്നു പെട്ടു. ദുർമരണം ആയിരുന്നു. എങ്ങനെ ഇവിടെ വന്നെന്നു ആർക്കും അറിഞ്ഞുകൂടാ. വന്നതാണോ ? വരുത്തിയതാണോ ?"

അവൾ ഒന്നു നിർത്തി.

"എന്നിട്ടു?"

അവൾ തുടർന്നു -
"യക്ഷി വരുത്തിയതാന്നാ ഇന്നാട്ടുകാരുടെ വിശ്വാസം. ഈ യക്ഷി ഇന്നാടിന്റെ ശാപമാണ്.. പാവം അയാൾ .. കഴുത്തിൽ നിന്നും ചോര വാർന്നായിരുന്നു മരണം."

"ആരെങ്കിലും അയാളെ  കൊന്നിട്ട് യക്ഷികഥ ആരോപിക്കുന്നതാണെങ്കിലോ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ യക്ഷി !!" പി.സി പുച്ഛിച്ചു.

സുന്ദരി ദേവി നിന്നു. അവൾ തിരിഞ്ഞു പി.സി.യുടെ അടുത്തേക്കു വന്നു. അവൾ കൈയിലും അരയിലും അണിഞ്ഞിരിക്കുന്ന ചുവന്ന ചരടിൽ കെട്ടിയ എലസ്സുകൾ പി.സി.യെ കാണിച്ചു.

"ഇതൊക്കെ ഒരു പെണ്ണായിട്ടു കൂടി കെട്ടിയിരിക്കുന്നത് ഭയപ്പാടുള്ളതു കൊണ്ട് തന്നെയാ."
അവൾ തർക്കിച്ചു.

"ഭവതി ഈ പറയുന്ന യക്ഷിയെ കണ്ടിട്ടുണ്ടോ ?" പി.സി.യും വിട്ടു കൊടുത്തില്ല.

"കാണുന്നത് മാത്രമാണ് സത്യമെന്നു വിശ്വസിക്കുന്നതു എത്ര മൂഡത്തരമാണ്!! ? പരിചയക്കാരിയുടെ വീട് ഈ പരിസരത്തു തന്നെ ഉണ്ടാകുമെന്ന വിശ്വാസത്തിലല്ലേ പി.സി ഇത്രേടം വരെ വണ്ടി ഓടിച്ചു വന്നത്? മാത്രമല്ല താങ്കൾക്കനുഭവപ്പെട്ട വിശപ്പു .. അത് പി.സി.ക്കോ എനിക്കോ കാണാൻ കഴിയുന്നതാണോ? പി.സി പറഞ്ഞു.. ഞാൻ വിശ്വസിച്ചു. അത്ര തന്നെ.
ഇനി ഞാൻ അത് വിശ്വസിച്ചില്ലെങ്കിൽ പി.സി.യുടെ വിശപ്പ്.. അത് അല്ലാതാകുമോ ? അത് താങ്കൾക്ക് അനുഭവപ്പെടുക തന്നെ ചെയ്‌യും."

ഇതെല്ലാം കേട്ട് പി.സി അംബരന്നു പോയി.
"ഭവതി എന്താണ് പറഞ്ഞു വരുന്നത് ? ഞാൻ വിശ്വസിച്ചു ... പോരെ ?"
പി.സി തോൽവി സമ്മതിച്ചു.

അവൾ തുടർന്നു - " ഞാൻ ഇത്രയുമേ പറയുന്നുള്ളു. അതായതു.. നമുക്ക് കാണാനും ഗ്രഹിക്കാനും ഒന്നും കഴിയാത്ത ഒരുപാട് ദുരൂഹ സത്യങ്ങൾ ഈ ലോകത്തുണ്ട്. അത് നാം കാണുകയോ തൊട്ടനുഭവിക്കുകയോ ചെയ്യാതെ വിശ്വസിക്കില്ലാ എന്ന് പറയുന്നത് ശണ്ഡത്തരമാണെന്നേ ഞാൻ പറയുന്നുള്ളു."

പി.സി ഒന്നും അതിനു മറുപടി പറഞ്ഞില്ല. അവൾ പറഞ്ഞതിൽ കാംബുണ്ടോ എന്നയാൾ ആലോചിച്ചു നോക്കി. എന്നിട്ടു മനസിൽ സുന്ദരി ദേവിയെ പുലഭ്യം പറഞ്ഞു.

"എന്തൊരു തെറിച്ച പെണ്ണ് ? "

വിഷയം മാറ്റാൻ പി.സി അവളോട് ചോദിച്ചു - "എത്താറായോ ? വിശന്നിട്ടു പാടില്ല"

അവളുടെ ഭാവം പെട്ടെന്ന് മാറി. ശാന്തയായി.. സുന്ദരിയായി..

"ദേ എത്തുന്നു. കുറച്ചു കൂടി ക്ഷമിച്ചാൽ മതി"

"അതിരിക്കട്ടെ .. ഈ യക്ഷി .. എന്താ അവരുടെ കഥ?"                  

പി.സി.യുടെ ചോദ്യം വീണ്ടും.

അപ്പോഴേക്കും അവർ ഇരു വശത്തും വൃക്ഷലതാദികൾ തിങ്ങി നിറഞ്ഞ ഒരു കാവിൽ എത്തി. ആലും മറ്റും മരങ്ങളും ഇടതൂർന്നു വളർന്നിരുന്നു അവിടെ.

അവൾ അപ്പോൾ യക്ഷിയുടെ കഥ വിവരിച്ചു -

"പ്രത്യേകിച്ച് ഒരു കഥ ഒന്നുമില്ല. പലതും കേട്ട് കേൾവി തന്നെ. സ്ഥിരം യക്ഷിക്കഥകളിൽ നിന്നും ഇതും വ്യത്യസ്ഥമല്ല. യക്ഷി പരിസരത്തുള്ള ഒരു വല്യ ഇല്ലത്തെ തമ്പ്രാട്ടി കുട്ടി. താണ ജാതിയിൽ പെട്ട ഒരാളുമായി അവർ സ്നേഹത്തിലാകുന്നു. പക്ഷെ തന്റെ സമുദായ പ്രകാരം മറ്റൊരു ഇല്ലാത്തെ  നമ്പൂതിരിയെ വേളി കഴിക്കാൻ നിർബന്ധിതയാകുന്നു. ആ ഇല്ലത്തിൽ വെച്ച് വീണ്ടും ആ താണ ജാതിക്കാരനുമായി അവർ ബന്ധം തുടരുന്നു. കുടുംബക്കാര് കയ്യോടെ രണ്ടിനേം പിടിക്കുന്നു. പുലയനെ തല്ലി കൊല്ലുന്നു. തംബ്രാട്ടി വീട്ടു തടങ്ങലിലും. അവിടെ വെച്ച് അവർ ആത്മഹത്യ ചെയ്തൂന്ന് ആണ് ഒരു കഥ.. അതല്ല കുടുംബത്തിലെ മുത്തോർ ചേർന്ന് ദുഷ്‌പേരകറ്റാൻ കൊന്നു കെട്ടി തൂക്കിയതാന്നു വേറൊരു കഥ."

ഒരു തണുത്ത കാറ്റു വീശി. പാലമരപ്പൂക്കളുടെ മണം ആ കാറ്റിനുണ്ടായിരുന്നു.
കഥ കേട്ടു പി.സി.ക്കു ഒരു ചെറിയ ഭയം ഉള്ളിലെവിടെയോ നാമ്പിട്ടു.

എന്തൊരു ഇരുട്ട്. രാത്രിയുടെ നിഗൂഡതയും ഇരുട്ടിന്റെ കാഠിന്യവും കൂടി വന്നു.

രാത്രിക്കു ഒരു വല്ലാത്ത ഭയാനകത വന്നത് പോലെ അയാൾക്കു തോന്നി.

"എന്താ ? പേടിച്ചു പോയോ ?"
സുന്ദരി ദേവി മന്ദഹസിച്ചു കൊണ്ട് ചോദിച്ചു.

"ഏയ്.. അപ്പോൾ ശരിക്കുള്ള കഥ ആർക്കും അറിയില്ലേ?"

അവൾ തുടർന്നു-
"ശരിക്കുള്ള കഥ തംബ്രാട്ടിയുടെ മരണ ശേഷം യക്ഷി ശല്യം ഉണ്ടായതാണ് .. മൂത്തോരിൽ നാല് പേരു യക്ഷിയെ കണ്ടു ഭയന്ന് ചങ്കു പൊട്ടി മരിച്ചു.. അങ്ങനെ പലേന്നാട്ടിൽ നിന്നും മന്ത്രവാദികൾ വന്നു തംബ്രാട്ടിയുടെ ആത്മാവിനെ അഥവാ യക്ഷിയെ ഇവിടെ ഒരു ആൽമരത്തിൽ ആണിയടിച്ചു തളച്ചു. പിന്നെ ഈ അടുത്ത കാലത്താണു വീണ്ടും .. ദുർമരണങ്ങൾ ഉണ്ടായത്"

പി.സി.ക്കു ശരിക്കും ഇതും കൂടി കേട്ടപ്പോൾ ഭയം അണപൊട്ടി.
"വേഗം നടക്കൂ .. നമുക്ക് പെട്ടെന്ന് ഇവിടെ നിന്നും പോകാം"

ഭയവും വിശപ്പും അയാളെ വീണ്ടും തളർത്തി.

"ഭയം ഉണ്ടോ?" അവളുടെ ചോദ്യമാണ്

"വേഗം നടക്കൂ." പി.സി പറഞ്ഞു

"ദേ .. ആ കാണുന്ന ആൽമരം കണ്ടോ ?"
അവൾ വിരൽ ചൂണ്ടി

"അവിടെ .. അവിടെ എന്ത് ..?" പി.സി ഭയത്തോടെ ചോദിച്ചു.

"ആ ആലിലാണു തംബ്രാട്ടിയെ തളച്ചതു.. അല്ല തളച്ചിരുന്നതു"

"വരൂ .. നമുക്ക് ഇവിടുന്നു വേഗം പോകാം."
പി.സി ഭയന്ന് വിറച്ചു .. വിയർത്തു .. വീട്ടിലെ ദേവിയെ അയാൾക്ക് ഓർമ്മ വന്നു. കുടം പുളിയിട്ട മീനും കപ്പയും ഓർമ്മ വന്നു.

ഇത്രയും ദൂരം നടത്തി ഇവൾ തന്നെ ഈ യക്ഷിപ്പാലയുടെ അടുത്താണോ കൊണ്ട് വന്നത് ?

പി.സി സുന്ദരി ദേവിയെ നോക്കി

"ഇപ്പോൾ വിശ്വാസം വന്നോ ?"

"വിശ്വാസം വന്നു.. എന്നെയൊന്നു തിരിച്ചു കൊണ്ട് പോയി വിടൂ" പി.സി കെഞ്ചി

"ഈ പാലയ്‌ക്കു ഒരു പ്രത്യേകത കൂടി ഉണ്ട്. എന്താന്നു പറയാമോ?"
സുന്ദരി ദേവി വിടാനുള്ള ഭാവമില്ല

"എന്ത് ?"

"യക്ഷിയുടെ സാന്നിധ്യത്തിലേ ഇതു കാഴ്ചയിൽ വരൂ."
അവളുടെ സ്വരം മാറിയിരുന്നു.

പി.സി.ക്കു തല കറങ്ങി. അയാൾ സുന്ദരി ദേവിയെ നോക്കി സ്തംഭിച്ചു നിന്നു പോയി.
അവളും അയാളെ തന്നെ ഇമ വെട്ടാതെ നോക്കി അങ്ങനെ നിൽക്കുകയാണ്.

"ഭയന്നു പോയോ ?"

സുന്ദരി ദേവിയുടെ സ്വരം ഉഗ്രരൂപിണിയായ ഒരു സത്വത്തിന്റെ അലർച്ച പോലെ മാറിയിരിക്കുന്നു. രൂപം മാറിയിട്ടില്ല.
ഏതു നിമിഷവും സുന്ദരി ദേവിക്ക് മൂർച്ചയുള്ള ദംഷ്ട്രകൾ കിളിർത്തു .. അവ പി.സി.യുടെ കണ്ഠത്തിൽ ഏതു നിമിഷവും അമർന്നു അയാളുടെ ജീവൻ കവർന്നേക്കാം. പി.സി സ്തംബിച്ചു നിന്നു പോയി. ഭയന്ന് ഒന്ന് അനങ്ങാൻ പോലും അയാൾക്കു കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ അയാളുടെ ഉള്ളം മന്ത്രിച്ചു:                        യക്ഷി !

Saturday, April 28, 2018

ഭൂതം !

മേഘങ്ങൾക്ക് ഇടയിൽ നിന്നും ഭൂതം ഉറക്കമുണർന്നു.

ആകാശത്തു വെള്ളി വിതറി നിന്ന ഭൂതം...  താഴെ മണ്ണിലേക്ക് നോക്കി... അവിടെ കൂടു കൂട്ടിയ ജീവജാലങ്ങൾ ഉറക്കത്തിൻറെ പടുകുഴിയിൽ വീണു കഴിഞ്ഞിരുന്നു.  അവരിൽ ചിലരെ ഭൂതം തന്റെ സ്വപ്നവലയത്തിൽ കുടുക്കി. 

നിലാ വെളിച്ചത്തിൽ ഭൂമിക്കു ഒരു വല്ലാത്ത സൗന്ദര്യം കൈവന്നു. ഭൂതം  കടലിൽ ഇരമ്പുന്ന വമ്പൻ തിരമാലകൾ സൃഷ്ടിച്ചു.

നിലാവെളിച്ചത്തിൽ ഒരു നീളൻ കരിനിഴൽ.. 

അത് കടലിനു മുഖാന്ദരം ഇരുന്നു... 

ഭൂതം ആശ്‌ചര്യത്തോടെ കരയിലെ നിഴലിനെ നോക്കി.. 

നിഴലിന്റെ ഉടമ ഒരു യുവതി.. 

ഈ നേരത്തു ...
അസമയത്തു ...
ഒറ്റയ്ക്ക് അവൾ ...
അവിടെ ഇരിക്കുന്നു..!!

അവളുടെ കഥയറിയാൻ ഭൂതത്തിനു കൊതിയായി. ഏറ്റവും വിചിത്രമായ കഥകളേ എന്നും മനുഷ്യന് പറയാനുണ്ടായിട്ടുള്ളു. അങ്ങനെ പറയാൻ കാരണം, എല്ലാ ലോകങ്ങളും ഭൂതം കണ്ടിട്ടുണ്ട്. ഈരേഴു പതിനാലല്ല...

അതിലും അനവധി ലോകങ്ങൾ...!

എല്ലാ ലോകങ്ങളിലേക്കും ഉള്ള വാതിലുകൾ ഭൂതത്തിനു മുന്നിൽ തുറക്കപ്പെടും. എലാ വാതിലുകളിലേക്കും പ്രവേശനത്തിനു ഭൂതത്തിനു അനുവാദമുണ്ടു.

അനുവാദം ആരുടേതെന്നു ചോദിക്കരുത്.. അതൊരു വലിയ രഹസ്യം..!

ഭൂതം ഭൂമിയിലേക്ക് ഒരു കൊള്ളിമീൻ പോലെ പതിച്ചു.
മനുഷ്യവേഷം പൂണ്ട ഭൂതം പെൺകുട്ടിയുടെ അടുത്തേക്കു നടന്നു.

അവൾ എഴുന്നേറ്റു ജലത്തിൽ കാൽ നനച്ചു മുൻപോട്ടു  നടക്കാനൊരുങ്ങി.

"നിൽക്കൂ .."

അവൾ ശാന്ത ഭാവത്തിൽ തിരിഞ്ഞു നോക്കി.. അപ്രതീക്ഷിതമായി ഒരു ശബ്ദം കേട്ട ഒരു പതർച്ച മുഖത്ത് ഒരു നിമിഷത്തേക്ക് നിഴലിച്ചു ..   മുഖത്തെ സ്ഥായി ഭാവം ശാന്തം ...

"അരുത് .." മനുഷ്യരൂപത്തിൽ.. മനുഷ്യന്റെ ശബ്ദത്തിൽ ഭൂതം പറഞ്ഞു.

"ഇനി ഒരു പുലരി കൂടി ഈ നശിച്ച ലോകത്തിൽ ഉണ്ടാകില്ലെന്ന് പ്രതിജ്ഞ എടുത്തതാണു.. ഓരോ ശ്വാസാവും ഓരോ നിമിഷവും വെറുക്കപ്പെട്ടിരിക്കുന്നു. എന്നെ രെക്ഷിച്ചിട്ടു നിങ്ങൾക്ക് ഒന്നും നേടാനില്ല. ഇവിടെ നിന്നും പൊയ്ക്കോളൂ.." അവൾ വിതുമ്പി.

"ഇല്ല .. തടയില്ല .. നിന്നെ ഞാൻ മനസിലാക്കുന്നു.. ആത്മഹത്യ ചെയ്യാൻ നിന്നോളം ധൈര്യം കൈവന്നിട്ടില്ലാത്ത ഒരു ഭീരുവാണ് ഈ ഞാൻ.    ഒരു കാര്യം മാത്രം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിരോധമില്ലെങ്കിൽ നിറവേറ്റി തരിക  " ഭൂതം പറഞ്ഞു

"എന്താണ്? പറയൂ ..! - അവൾ മൊഴിഞ്ഞു

"ഞാൻ ഒരു കഥാകാരനാണു. ഒരു നോവൽ എഴുത്തിൻ്റെ പണിപ്പുരയിലാണ്.   പല തൊഴിലുകളും ചെയ്തിട്ടുണ്ട് .. പല ഊരുകൾ തെണ്ടി നടന്നിട്ടുണ്ട്. ജീവിതാനുഭവങ്ങളാൽ ഒരു നല്ല കഥ എഴുതാൻ ആഗ്രഹിക്കുന്നു. ജീവിതം മുന്നോട്ടു നീക്കാൻ .. രണ്ടു വയറുകൾ ഊട്ടാൻ .. അതിനുള്ള അവസാന കച്ചിതുരുംപാണ്  ഈ കഥ. നിന്റെ അനുഭവങ്ങൾ .. ഇവിടേക്കു നയിക്കാനുണ്ടായ സാഹചര്യങ്ങൾ .. അതറിയാൻ കൗതുകം ഉണ്ട്. ദേഹത്തിന്റെ  ഭാരമറ്റു പോകും മുമ്പ് ഉള്ളിലെ ഭാരം ഇറക്കി വെച്ചാൽ അതൊരു ആശ്വാസമായിരിക്കും. എന്റെ സാനിധ്യം ആരോചകമായാൽ ഏതു നിമിഷവും നിനക്കു തിരിഞ്ഞു നടക്കാം."

ഭൂതത്തിന്റെ  കഥ ത്രിപ്തികരമായി തോന്നിയതു കൊണ്ടാവണം വിചിത്രമായ ഭൂതത്തിന്റെ  ആവശ്യം നിറവേറ്റാൻ അവൾ തയ്യാറായി.

അവളുടെ കഥ അവൾ വിവരിച്ചതിങ്ങനെ :-

"ഏറ്റവും ദുഃഖകരമായ ജീവിത കഥയാകും എന്റേതു.. ദരിദ്ര കുടുംബത്തിലെ ജനനം. പക്ഷെ ചില കൊച്ചു സന്തോഷങ്ങൾ. കൊണ്ട് സംപൂജ്യമായ കുട്ടിക്കാലം. പതിനാറാം വയസ്സിൽ എന്റെ  അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ക്ലേശകരമായിരുന്നു അതിനു ശേഷമുള്ള ജീവിതം. 'അമ്മ വളരെ കഷ്ടപെട്ട് എന്നെ പത്താംതരം വരെ പഠിപ്പിച്ചു. അതിനു ശേഷം ദീനം പിടിച്ച അമ്മയെ സഹായിക്കാൻ ഞാൻ പല സ്ഥലങ്ങളിലും തുച്ഛമായ ശമ്പളത്തിന് ജോലിക്കു പോയി. ഒരു വലിയ പട്ടു കടയിൽ ജോലിയിൽ കയറിയതിൽ പിന്നെയാണ് ഞങ്ങളുടെ നിലയിൽ എന്തെങ്കിലും ഒരു മെച്ചം ഉണ്ടായത്. അപ്രതീക്ഷിതമായി ആ പട്ടു കടയിലെ മുതലാളി എനിക്കു മുന്നിൽ വിവാഹാഭ്യർത്ഥനയുമായി വന്നത് അപ്പോഴാണ്.  അനാഥനായ അദ്ദേഹം എന്നെയും അമ്മയെയും നോക്കി കൊള്ളാമെന്നു വാക്ക് തന്നു.

കുറച്ചു നാൾ കഴിഞ്ഞു ഞങ്ങൾക്കു മനോഹരിയായ ഒരു പെൺകുഞ്ഞു ജനിച്ചു. ജീവിതത്തിന്റെ  ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങൾ എനിക്കു സമ്മാനിച്ചതു അവളോടൊത്തുള്ള നിമിഷങ്ങളാണ്.

ഞാൻ അതീവ സന്തുഷ്ടയായിരുന്നു.

അങ്ങനിരിക്കെ ഞാനും അമ്മയും മകളെ കുറച്ചു അകലെ ഉള്ള ഞങ്ങളുടെ കുടുംബ നടയിൽ ഒരു നേർച്ച കഴിക്കാൻ കൊണ്ട് പോയി. വളരെ തിരക്കുള്ള നടയിൽ വെച്ച് ഞാനും മകളും പിന്നാലെ അമ്മയും തൊഴുതു  നിന്നു.. തിരക്കിനിടയിൽ എപ്പൊഴോ ഞങ്ങളുടെ കണ്ണ് തെറ്റിയ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ മകൾ ഞങ്ങളുടെ പക്കൽ നിന്നും കാണാതായി. എന്തോ കണ്ടു കൗതുകപ്പെട്ടു അവൾ തിരക്കിനിടയിൽ ഓടി മറഞ്ഞു. പിന്നെ ഞങ്ങൾ ആരും തന്നെ അവളെ കണ്ടിട്ടില്ല..!!!

ഇതറിഞ്ഞ ഭർത്താവു എന്നെയും അമ്മയെയും വെറുത്തു.. അന്വേഷണം മാസങ്ങൾ കഴിഞ്ഞെങ്കിലും അവൾ എവിടെയാണെന്നോ, എന്ത് സംഭവിച്ചെന്നോ എന്നതിന് ഞങ്ങൾക്ക് ഒരു തുമ്പും കിട്ടിയില്ല..

അവളെ ഓർത്തു ഞങ്ങളുടെ സ്വസ്ഥതയും സമാധാനാവും നഷ്ടപ്പെട്ടു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ ഞാൻ വീർപ്പു മുട്ടി മാസങ്ങളോളം മരിച്ചു ജീവിച്ചു.. അമിത വ്യധയിൽ ഭർത്താവു പക്ഷെ അഭയം തേടിയത് മദ്യത്തിലും മയക്കു മരുന്നിലും ആണ്. ഇനി  ജീവിക്കാൻ എനിക്ക് എന്ത് കാരണമാണുള്ളത്?

ഒറ്റ നിമിഷം കൊണ്ട് എല്ലാമെല്ലാം നഷ്ടപെട്ട ഹതഭാഗ്യ ..!

നിങ്ങൾ പറയൂ .. ഇനി എന്തർത്ഥമാണ്‌ എന്റെ ജീവിതത്തിനുള്ളതു?
എന്റെ മകളെ ഓർത്തു വീർപ്പു മുട്ടി എങ്ങനെ ഈ ജീവിതം കഴിക്കും?"

ആ അമ്മയുടെ തീരാവ്യധയ്ക്കു മുന്നിൽ ഭൂതം ഉത്തരം മുട്ടി നിന്നു.
പ്രതീക്ഷയുടെ പൂവു അവളുടെ ജീവിതത്തിൽ വിരിയിക്കാനും മാത്രം തന്റെ ഒരു ശക്തിക്കും ആകില്ലെന്ന് ഭൂതം മനസിലാക്കി.

പുലരാൻ ഇനിയും നിമിഷങ്ങൾ  ബാക്കി..

ചില പക്ഷികൾ പുലരിയെ തൊട്ടുണർത്താൻ മാനത്തേക്ക് പറന്നു പൊങ്ങി..

അകലെ ചക്രവാളം ... ആകാശവും കടലും കണ്ടു മുട്ടുന്ന ഒരു നേർരേഖ ...
അവിടെ ആകാശത്തേക്കു ചുവപ്പു ചായം വിതറി ... കടലിലേക്ക് സ്വർണ ലായനി ഒലിപ്പിച്ചു ഒൻപതു അശ്വങ്ങളെ തെളിച്ചു മുന്നോട്ടു കുതിക്കുന്ന സ്വർണ്ണ തേരാളി.. ഉദയ സൂര്യൻ !! 
  
ഭൂതം എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ നനവിലേക്കു ... ആ അനന്തതയിലേക്ക് ലക്ഷ്യം വെച്ചു നടന്നു നീങ്ങി..
അവളുടെ പാദങ്ങളെ തിരമാലകൾ ആർത്തിയോടെ നക്കി നനച്ചു പോയി ..

അവളുടെ കാൽപ്പാടുകൾ അവ മായിച്ചു .. അവളെ സ്വന്തമാക്കിയെന്നോണം ഭൂതത്തെ നോക്കി ചിരിച്ചു .. നിമിഷങ്ങൾക്കകം അവൾ തിരമാലകളിൽ ലയിച്ചു മാഞ്ഞു കുമിളകളായി..!

നിമിഷങ്ങൾ കടന്നു പോയി ..

അവൾ പോയി കാണുമോ?

അതോ .. ജീവനും മരണവും തമ്മിലുള്ള മൽപ്പിടിത്തത്തിനിടയിൽ ആ ആത്മാവു വീർപ്പു മുട്ടുന്നുണ്ടാവുമോ?
           
അകലെ എങ്ങോ ഒരു മുക്കുവൻ തോണിയിൽ പ്രത്യക്ഷപ്പെട്ടു.  അയാൾ പെട്ടന്ന് വെള്ളത്തിലേക്കു എടുത്തു ചാടി ..

നിമിഷങ്ങൾ വീണ്ടും കടന്നു പോയി ..

ഭൂതം നോക്കി നിന്നു..!                 

                                                    
        

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...