Sunday, January 27, 2019

പ്രണയഹംസം



 മഴ നനഞ്ഞു സ്‌കൂൾ മുറ്റം ചേറു കേറി കിടക്കുകയാണ്.

അതിരാവിലെ എണീറ്റ് ..എട്ടു മണിക്കു മുന്നേ വന്നു നിൽപ്പുറപ്പിച്ചതാണ്, സ്‌കൂൾ വരാന്തയുടെ മുന്നിൽ.

ഒരു കത്തു കൊടുക്കണം. അതാണ് ദൗത്യം.
ലോകത്തുള്ള സകല പൈങ്കിളിയും കോർത്തിണക്കിയ ഒരു പ്രേമ കവിതയാണ് ആ കത്ത്.

"പ്രിയേ ..

നിന്നെയറിയാൻ..
നിന്നിലലിയാൻ ..
നിൻ്റെ നുണകുഴികളെ നുള്ളാൻ ..
നിൻ്റെ കവിളിണകളെ തലോടാൻ ..
നിൻ്റെ അധരങ്ങളെ ചുംബിക്കാൻ ..   
പ്രഭാതത്തിലെ പറവകളുടെ സംഗീർത്തനം പോലെ 
ഞാൻ ഈ കാറ്റിൽ വന്നണയട്ടെ .."


മറുപടി വേണം .. 
-സൂരജ് 

ഒരു രാവു മുഴുവൻ ഉറക്കമൊഴിച്ചു എഴുതിക്കൂട്ടിയതാണു അതിലെ പ്രണയനിർഭരമായ വരികൾ.
കത്തിൻ്റെ ആത്മാവും ഹൃദയവും ഞാൻ സൂരജിനു വിറ്റതാണു. എൻ്റെ ഉറ്റസുഹൃത്ത്.

പ്രതിഫലമായി അവൻ രണ്ടു മൊട്ട പഫ്‌സും ഒരു പാലു സർബത്തും തലേന്ന് തന്നെ വാങ്ങി തന്നിരുന്നു.. നേരിട്ട് കാര്യം അവതരിപ്പിക്കാൻ അവനൊരു പേടി.
ക്‌ളാസ് ടീച്ചർ അവൻ്റെ അമ്മയായതാകാം ആ പേടിക്കു കാരണം എന്നു ഊഹിച്ചു.

ഒട്ടും താമസിക്കാതെ സൂരജൂം സ്‌കൂളിൽ എത്തി.
അതെ.. നിരുത്തരവാദിയായ കാമുകൻ.
അതിവേഗത്തിൽ ഗേറ്റ് കടന്നു അവൻ സൈക്കിൾ ഓടിച്ചു സൈക്കിൾ  സ്റ്റാൻഡിലേക്ക് പായുകയാണ്. നിലത്തെ ചേറു അവൻ്റെ പാൻറ്സിൽ തെറിക്കുന്നത് അവനൊരു പ്രശ്‌നമേയല്ല. ആവേശത്തോടെ ഓടി അവൻ വരാന്തയിൽ നിലയുറപ്പിച്ച എൻ്റെ അരികിലേക്ക് എത്തി.

"കൊടുത്തോ ?" അണച്ചു കൊണ്ട് അവൻ്റെ ചോദ്യം.

"കൊടുക്കാൻ അവളെത്തിയിട്ടു വേണ്ടേ .. ? വരട്ടെ "

"മറുപടി വാങ്ങാൻ മറക്കല്ലേ മുത്തേ  .."
അവൻ്റെ ഒരു പുന്നാരം. എനിക്ക് ശുണ്ഠി വന്നു.

"കത്തു കൊടുക്കാനേ നമ്മടെ ഡീലിൽ ഉള്ളു. സംസാരിക്കാനൊക്കെ വേറെ ചെലവ് ചെയ്യണം."

"അതൊക്കെ ഏറ്റു.. വെറുപ്പിക്കാതെ നീ അതൊന്നു കൊടുത്തു മറുപടിയും വാങ്ങി വാ .. പിന്നെ ബാക്കി ചെലവ് .."

സ്‌കൂൾ ഗേറ്റ് കടന്നു അവൾ വരുന്നതു കണ്ടു സൂരജ് ക്‌ളാസ്സിനുള്ളിലേക്കു ഓടിയൊളിച്ചു.

കഥയിലെ നായിക നിമിഷ മോഹൻ ആണ്. വിചാരിച്ചതു പോലെ നമ്മുടെ കക്ഷി തനിച്ചല്ല. വേറെ നാലു തോഴിമാർ കൂടി ഒപ്പമുണ്ട്. അവരെ എനിക്കു പരിചയവുമുണ്ടു. സയൻസ് ബി ബാച്ചിലെ റോസ മറിയം, ഏലിയാമ്മ.. പിന്നെ കൊമ്മേഴ്‌സിലെ ദിവ്യ , ജാനകി എന്നിവർ.

പണി പാളുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്.
ഏലിയാമ്മ നല്ല പരദൂഷണക്കാരിയാണ്. അവൾ അറിഞ്ഞാൽ കത്തിൻ്റെ വിഷയം പാട്ടാകാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ താൻ നിമിഷയ്ക്കു ലവ് ലെറ്റർ കൊടുത്തു എന്നാവും ന്യൂസ് പരക്കുന്നതു.

ഞാൻ രണ്ടും കൽപ്പിച്ചു അവരുടെ അടുത്തേക്കു നടന്നു. ഏതായാലും ഏറ്റു പോയില്ലേ!

"ഏലിയാമ്മയെ സ്റ്റാഫ് റൂമിൽ ക്‌ളാസ് ടീച്ചർ തിരക്കുന്നു " എന്ന് പറഞ്ഞു.

കേട്ട പാടെ അവൾ സ്റ്റാഫ് റൂമിലേക്കു ഓടി.

കിട്ടിയ തക്കത്തിനു ഞാൻ കത്തു നിമിഷയ്ക്കു കൊടുത്തു.

"സൂരജ് തന്നതാണു .. മറുപടി വേണം .." ആവശ്യമില്ലാത്ത ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു.

നിമിഷ ചുറ്റും ഒന്ന് കണ്ണോടിച്ചു.

" അവൻ വന്നിട്ടിട്ടില്ല.. ഞാൻ അവനെ അറിയിച്ചോളാം." -ഞാൻ പറഞ്ഞു.

അവൾ കത്തു ഗൗരവപൂർവ്വം വായിച്ചു. റോസമ്മയും, ജാനുവും, ദിവ്യയും വായും തുറന്നു എന്നെ അത്ഭുതത്തോടെ നോക്കി.
ആദ്യമായിട്ടാവും ഒരു ചെക്കൻ ഒരു പെണ്ണിനു പ്രേമലേഖനം കൊടുക്കുന്നതു അവർ കാണുന്നത്. ഞാൻ അവരെ നോക്കി ഒന്നു മന്ദഹസിച്ചു.

ഒരു ചെറിയ ആവലാതി എനിക്ക് അനുഭവപ്പെട്ടു.
നിമിഷ കത്ത് വായിച്ചിട്ടു എന്നെ തീക്ഷ്‌ണമായി നോക്കി. കത്ത് ചുരുട്ടി കൂട്ടി അവൾ എന്നെ ഏൽപ്പിച്ചു.

"ഇനി ഇതും പറഞ്ഞെങ്ങാനും എൻ്റെ പിന്നാലെ വന്നാൽ ഞാൻ സ്റ്റാഫ് റൂമിൽ റിപ്പോർട്ട് ചെയ്യും." എന്നും പറഞ്ഞു അവൾ അല്പം കോപത്തോടെ നടന്നകന്നു.

"സോറി .. ! അവൻ എഴുതി തന്നതാ.. എനിക്കൊന്നും അറിയില്ലാ "
ഞാൻ എൻ്റെ ഭാഗം രക്ഷിക്കാനെന്നോണം പറഞ്ഞു വെച്ചു. അവൾ അത് കേട്ടതായി പോലും ഭാവിക്കാതെ നടന്നകന്നു.

ചുരുട്ടിയ കത്തു ഞാൻ സൂരജിനെ ഏൽപ്പിച്ചു, എന്നിട്ടു നടന്ന സംഭവം വിശദമായി പറഞ്ഞു.

അവനു നല്ല വിഷമമുണ്ടു.

ഞാൻ അവനെ ആശ്വസിപ്പിച്ചു .. എന്നിട്ടു നല്ല ബുദ്ധി ഉപദേശിച്ചു.

"ആരേലും കത്തിൻ്റെ കാര്യമോ മറ്റോ ചോദിച്ചാൽ നീ എഴുതിയതാണെന്നു പറഞ്ഞാൽ മതി " - അതിനിടയിൽ ഞാൻ അതും പറഞ്ഞു.

അവൻ എന്നെ ദയനീയമായി നോക്കിയതേ ഉള്ളു. ഹൃദയം വിങ്ങി ഇരിക്കുന്ന സൂരജിനോട് അങ്ങനെ പറഞ്ഞതിൽ എനിക്കു ലജ്‌ജ തോന്നി.

അസംബ്ലിക്കു ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഏലിയാമ്മ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.




No comments:

Post a Comment

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...