റയിൽ പാളത്തിൽ തല ചിന്നി ചിതറിയ നിലയിൽ കണ്ടു കിട്ടിയ ശവം കണ്ടപ്പോൾ എനിക്ക് വെറുതേ സാംബശിവനെയാണ് ഓർമ്മ വന്നതു. കഴിഞ്ഞ രാത്രി ഞാൻ അയാളെ കണ്ടിരുന്നു. ബാറിൽ വെച്ചാണ് ഞാൻ അയാളെ ആദ്യമായി നേരിൽ കാണുന്നതു. അവസാനമായും എന്ന് പറയാൻ കഴിയുമോ?
എനിക്ക് ചെന്ന് പറയണമെന്നുണ്ടായിരുന്നു - "മിസ്റ്റർ സാമ്പശിവൻ.. നിങ്ങളുടെ കവിതകൾ ഞാൻ സ്ഥിരമായി വായിക്കാറുണ്ട് ... നിങ്ങളുടെ എഴുത്തു ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
നിങ്ങളെ ഞാൻ ആരാധിക്കുന്നു.."
എൻ്റെ ടേബിളിൽ നിന്നും വെറും രണ്ടു ടേബിളിന് അപ്പുറത്തു നുരവറ്റിയ ബിയർ ഗ്ളാസും നുണഞ്ഞു സാമ്പശിവൻ ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു..
സ്വപ്ന സുന്ദരമായ എൻ്റെ പ്രണയം പൂവണിയാൻ ഇദ്ദേഹത്തിൻ്റെ കവിതകൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതൊന്നുമല്ല. ഊഷ്‌മളമായ എൻ്റെ കാമനകളെ എൻ്റെ പ്രിയതമയ്ക്ക് വർണ്ണിച്ചു കൊടുക്കാൻ എനിക്ക് ഉപകാരപ്പെട്ടതു ഇദ്ദേഹത്തിൻ്റെ കവിതകളാണ് ...അതിലെ സുന്ദരമായ വാക് ശകലങ്ങളെ എഴുതി കോർത്തിണക്കിയ ആ മനസ്സിനെ ഞാൻ നിർലജ്ജം സ്നേഹിക്കുന്നു. ഉള്ളിലേക്കു ചെന്ന രണ്ടു ഗ്ലാസ് മദ്യത്തിൻ്റെ ലഹരി ആയിരിക്കാം ലേശം കോണ് തെറ്റിയ എന്നിലേക്ക് ഇത്തരം ചിന്തകൾ ഊറിയുണർത്തിവിട്ടതു.
ബാറിലെ മങ്ങിയ ടങ്സ്റ്റൺ വിളക്കുകൾ എൻ്റെ മുന്നിൽ പ്രഭയാർജ്ജിച്ചു തിളങ്ങി. കണ്ണുകൾക്കു ഒരു മയക്കവും മനസ്സിന് വാച്ചാലതയും കൈവന്ന നിമിഷങ്ങൾ.
ഞാൻ അങ്ങോട്ട് ചെന്നു പരിചയപ്പെടാനെന്നോണം കൈ കൂപ്പി.
"നമസ്‌കാരം സാർ .."
അദ്ദേഹം എന്നെ ശാന്തനായി നോക്കി. ഒരു ചെറു പുഞ്ചിരിയുടെ ലാഞ്ഛ ആ മുഖത്തു ഓടി മറഞ്ഞോ ?
പുസ്തകത്തിലെ പുറം ചട്ടയിൽ കാണുന്ന സാമ്പശിവനല്ല എൻ്റെ മുൻപിൽ ഇരിക്കുന്ന മനുഷ്യൻ.. ചിത്രത്തിലെ ആരോഗ്യവും ഓജസ്സും നേരിട്ട് കണ്ടപ്പോൾ തോന്നിയില്ല.
കണ്ണുകൾ കൊണ്ട് എന്നോട് ഇരിക്കാൻ അനുവാദം തന്നപ്പോൾ ഞാൻ അരികിലെ കസേര നീക്കിയിട്ട് അവിടെ ഇരുന്നു.
ഞാൻ സാംബശിവനെ നോക്കി.
ഞാൻ അയാളെ കണ്ടു.
അയാൾ എന്നെയും.
ആ കണ്ണുകളിൽ ഒരു നൊമ്പരകടൽ ഇരമ്പുന്നതു എനിക്ക് കേൾക്കാം.
ഭൂതകാലത്തിൽ നിന്നും മാറാല പിടിച്ച ഓർമ്മകളെയും തലോടി അദ്ദേഹം മൗനിയായി ഇരിക്കുന്നു.
"ഞാൻ താങ്കളുടെ കവിതകൾ മുടങ്ങാതെ വായിക്കുന്ന ഒരു വ്യക്തിയാണ്. ഞാൻ മാത്രമല്ല എൻ്റെ ഭാര്യയും. അങ്ങയുടെ കമല ഞങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട കവിതയാണ്. എൻ്റെ ഭാര്യയുടെ പേരും കമല എന്നാണു. "
അദ്ദേഹം പുഞ്ചിരിച്ചു എന്നിട്ടു ഒരു സിഗററ്റു എടുത്തു കത്തിച്ചു പുക വിടാൻ തുടങ്ങി.
"എന്താണ് സാർ ഇത്ര ഗഹനമായിട്ടു ചിന്തിച്ചു കൂട്ടുന്നത് ?"
രണ്ടു കണ്ണും ചിമ്മി "ഒന്നുമില്ലാ .." എന്ന് അദ്ദേഹം ആംഗ്യത്തിൽ കാണിച്ചു വീണ്ടും പുഞ്ചിരിച്ചു. വീണ്ടും ബിയർ കുടിച്ചു അദ്ദേഹം ഗ്ലാസ് കാലിയാക്കി. അദ്ദേഹത്തിൻ്റെ ബിയർ കുപ്പി തീർന്നത് ശ്രദ്ധയിൽ പെട്ട ഞാൻ ബെയററോഡു ഒരു കുപ്പി ബിയറും രണ്ടു ഗ്ലാസ് റമ്മും കൊണ്ട് വരാൻ നിർദേശിച്ചു. അയാൾ അത് പോലെ ചെയ്തു.
എൻ്റെ മഹാമനസ്കത കണ്ടിട്ടാവണം സാംബശിവൻ അദ്ദേഹത്തിൻ്റെ മനോരാജ്യത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു.
മര്യാദയുടെ പുറത്തു കൈമാറുന്ന ചില ചോദ്യങ്ങൾ ഞങ്ങൾ കൈമാറി.
"നിങ്ങൾ അറിയണം. എൻ്റെ യഥാർത്ഥ പേര് സാംബശിവൻ എന്നല്ല. ഉറുമീസ് എന്നാണു. സാംബശിവൻ എൻ്റെ തൂലികാനാമമാണ്. അത് വിളിക്കുന്നത് കേൾക്കുമ്പൾ എനിക്ക് ശെരിക്കും ചിരി വരും. "
കുറച്ചു നേരംപോക്കുകൾ പറഞ്ഞപ്പോൾ തന്നെ ഞങ്ങളുടെ ഇടയിൽ ഒരു മുജ്ജന്മ അടുപ്പം ഉള്ളത് പോലെ എനിക്ക് തോന്നി. എന്തോ ഒന്ന് ഞങ്ങൾക്ക് ഇടയിൽ സമാനമായി ഉണ്ട്. അത് പക്ഷെ എന്താണെന്ന് ഒരു പിടിയും ഇല്ല. ജീവിതത്തിൽ ചില കാര്യങ്ങൾ അങ്ങനെയാണ്. വല്ലാത്ത ഒരു മിസ്റ്ററി കാണും. നമുക്കു അത് മനസ്സിലാവില്ല. ഈ ചിന്ത ഞാൻ അദ്ദേഹത്തോട് പങ്കു വെച്ചു. എന്തിനെയെല്ലാം കുറിച്ചോ ഞങ്ങൾ ഒരു മണിക്കൂറോളം വാവിട്ടു സംസാരിച്ചു തർക്കിച്ചു. ഒരു കുപ്പി-ബന്ധം ഉടലെടുത്തിരുന്നു.
"സാർ ഇപ്പോൾ എന്ത് കവിതയാണ് എഴുതിക്കൊണ്ടിരിക്കുന്നതു ?"
"നഷ്ടസ്വപ്നം .. പ്രണയം നഷ്ടമായ ഒരു കവിയുടെ തേങ്ങലാണ് പ്രമേയം."
"നിങ്ങളുടെ പ്രണയം ?"
"Love is like an Ocean.. Beautiful but deep.. Do not let it consume you!"
"ആഹാ ... എത്ര മനോഹരം കേൾക്കാൻ. To be consumed by Love.. It is the most beautiful. അങ്ങനെയും അല്ലെ ? ജീവിതത്തിൽ ഇതിലും മനോഹരമായ ഒന്ന് മറ്റെന്തുണ്ട് ?"
ആ പറഞ്ഞതിനോട് അദ്ദേഹം പ്രതികരിച്ചില്ല.
"വീട്ടിൽ ആരൊക്കെയുണ്ട് ?" ഞാൻ വീണ്ടും ചോദിച്ചു.
"ഒറ്റയ്ക്കാണ്. എഴുതാൻ അതാണ് സൗകര്യം."
"അങ്ങനല്ല ഒരു വിവാഹം ഒക്കെ കഴിക്കണം. ഇല്ലേൽ ജീവിതം അർത്ഥശൂന്യമായി പോകും"
എൻ്റെ അഭിപ്രായത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ തർക്കമായി.
ഒടുവിൽ അദ്ദേഹം പറഞ്ഞു :
"ജീവിതം അർത്ഥശൂന്യമാണ്. അതിനു അർത്ഥമുണ്ടെന്നു വരുത്താൻ നാം പഠിച്ച പണി പതിനെട്ടും നോക്കും. പിന്നെപ്പോഴോ നാം സ്വയം തിരിച്ചറിയും"
"എന്ത് ..?"
"ശൂന്യം ... ജീവിതം വായു നിറച്ച ഒരു ബലൂൺ പോലെയാണ്. ഉള്ളിൽ ശൂന്യം. നമ്മൾ അതും താങ്ങി പിടിച്ചു നടക്കുവാ .. നടന്നു നടന്നു അങ്ങനെ കുറേ കഴിയുമ്പോൾ ഡിം ... തീർന്നു "
ഒന്ന് നിർത്തിയിട്ടു റം കുടിച്ചു, എന്നിട്ടു അദ്ദേഹം വീണ്ടും തുടർന്നു.
"ഞാൻ ശൂന്യതയെ സ്നേഹിക്കുന്നു. ഒരുപാട് എന്തൊക്കെയോ അളവറ്റ തോതിൽ ഉൾക്കൊള്ളാൻ ശൂന്യതയ്ക്കു ആകും. എൻ്റെ ദുഃഖങ്ങൾ ആ ശൂന്യതയുടെ ഭാഗമാണ്. ആ ശൂന്യതയ്ക്കുള്ളിൽ ഞാൻ ഉണ്ട്, എൻ്റെ കവിതകളുണ്ട്. ശൂന്യത ശൂന്യമല്ല. പൂജ്യം സംപൂജ്യമാണെന്ന പോലെ ശൂന്യത സമ്പൂർണ്ണമാണ്."
പെട്ടെന്നു കേട്ടപ്പോൾ ഇതൊന്നുമല്ലാതിരുന്ന എൻ്റെ സാധാരണ ജീവിതം എത്ര വിരസമാണെന്നു പോലും എനിക്ക് തോന്നിപ്പോയി.
"ഹേ മൂഡജന്മമേ ... ഇതൊക്കെ മനസ്സിലാക്കാൻ നീ എന്തേ ഇത്ര വൈകി ?"
ഞാൻ എന്നോട് തന്നെ ചോദിച്ചു.
പിന്നെയും ചിന്തിച്ചപ്പോൾ ഉറുമീസ് എന്ന സാംബശിവൻ ഒരു മുഴുവട്ടനാണെന്നും എനിക്ക് തോന്നി. അത് ആലോചിച്ചപ്പോൾ എനിക്കു ചിരി വന്നു. പക്ഷെ ഞാൻ ചിരിച്ചില്ല. ചിന്തിച്ചിരിക്കുന്ന എന്നെ നോക്കി അദ്ദേഹം തുടർന്നു.
"എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു. ഒന്നേ ഉണ്ടായിരുന്നുള്ളു. അതാണ് എൻ്റെ നഷ്ടസ്വപ്നം. പ്രണയം ഏറെയും എൻ്റെ മനസ്സിൻ്റെ ഉള്ളിൽ വളരെ രഹസ്യമായി കൊണ്ട് നടന്നു. പറയാൻ കൊതിച്ചെങ്കിലും പറയാതെ ഉള്ളിൽ നിറഞ്ഞ പ്രണയം ഒരു ലഹരിയായിരുന്നു എനിക്ക്. സൗഹൃദം എന്ന ചട്ടക്കൂടിൽ ആ ബന്ധം നിലനിന്നു. പ്രണയം ഒരു തരം ഭ്രമമായി പിന്നീട്. അങ്ങനെ ഒരുപാട് കവിതകൾ എഴുതിക്കൂട്ടി. പെട്ടെന്നു ഒരു ദിവസം അവൾ എൻ്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷയായി. ഒരു വലിയ ശൂന്യത എന്നിൽ നിറച്ചു അവൾ പോയി. എവിടെയാണ് അവളെന്നു എനിക്ക് അറിയില്ല. ആ തനിച്ചാക്കിയ ആ ശൂന്യതയുടെ ഇരുട്ടിൽ ഞാൻ ഇന്നും ജീവിക്കുന്നു. ഇപ്പൊ ഒരു ഏഴു കൊല്ലം ആയിക്കാണും പരസ്പരം കണ്ടിട്ട്. കണ്ടാൽ പറയാമായിരുന്നു... എത്രയും ഞാൻ സ്നേഹിച്ചിരുന്നു എന്നു .."
അത്രയും പറഞ്ഞു നിർത്തി അദ്ദേഹം ഒരു നെടുവീർപ്പിട്ടു.
"ഇനി ഒരു അവസരം കൂടി കിട്ടിയാൽ ഞാൻ അവളെ സ്വന്തമാക്കും. അവൾ ആരുടെ സ്വന്തമായിരുന്നാലും പ്രശ്നമല്ല. ഞാൻ അവളെ സ്വന്തമാക്കുക തന്നെ ചെയ്യും .."
എനിക്ക് ശെരിക്കും അയാളോട് സഹതാപം തോന്നി. എന്ത് പറഞ്ഞു അയാളെ ആശ്വസിപ്പിക്കുമെന്നു അറിയാതെ ഞാൻ കുഴങ്ങി.
"കഴിഞ്ഞത് കഴിഞ്ഞു .. നിങ്ങൾ അവരെ കണ്ടു കിട്ടട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. സാർ എവിടെയാണ് താമസം ? നമുക്ക് ഇനിയും കാണണം. എനിക്ക് സാറിനെ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടു."
അയാൾ പറഞ്ഞു.
" നാളെ ഞാൻ ഇവിടം വിട്ടു പോകുകയാണ്. യാത്ര ചോദിക്കാൻ പ്രത്യേകിച്ച് അങ്ങനെ ആരും ഇല്ല. എങ്കിലും യാത്ര ചോദിക്കാനും വേണ്ടിയിട്ടു ഒരു പരിചയക്കാരനായല്ലോ.... സന്തോഷം."
അത് കേട്ടപ്പോൾ എനിക്ക് വിഷമമായി.
"സാർ എങ്ങോട്ടേക്കാണ് പോകുന്നത്? ആ സ്ത്രീയെ തേടിയാണോ ? "
"എങ്ങോട്ടേക്കാണു പോകുന്നതെന്ന് സത്യത്തിൽ എനിക്കും നിശ്ചയമില്ല.പോകുന്നിടത്തു അവരെ കാണാൻ കഴിഞ്ഞാൽ...."
"സാറിനെ ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം. എനിക്കു വണ്ടിയുണ്ട്. ഈ നേരത്തു ഇനി ബസോ ഓട്ടോറിക്ഷയോ കിട്ടില്ല. അത്രയെങ്കിലും എനിക്ക് താങ്കൾക്കു വേണ്ടി ചെയ്യണമെന്നുണ്ട്."
അയാൾകതു സമ്മതമായിരുന്നു.
----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- -----
ഒരു നിലവാരമില്ലാത്ത ലോഡ്‌ജിലായിരുന്നു അയാൾ താമസിച്ചിരുന്നത്. കഞ്ചാവിനും മയക്കുമരുന്നിനും അധോലോകത്തെ പ്രമുഖർ രാത്രിയുടെ മറവിൽ സന്ധിക്കുന്ന രഹസ്യസ്ഥലം പോലെ തോന്നിച്ചു അവിടം എനിക്ക്.
അർദ്ധരാത്രിയിൽ അവിടം ഭയാനകമാം വിധം വിജനമായിരുന്നു.
ആകെ പിശക് പിടിച്ച ഒരു സ്ഥലം.
ഞാൻ അദ്ദേഹത്തോടൊപ്പം ലോഡ്‌ജ് മുറിയിൽ പ്രവേശിച്ചു. എന്തോ പാട്ടു മൂളിക്കൊണ്ടു സാംബശിവൻ കട്ടിലിലേക്ക് ചെന്ന് വീണു.
മേശ, കസേര, കട്ടിൽ, ഒരു മൺകുടം .. ഇതിനപ്പുറം ആ മുറിയിൽ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല. കതകു മലർക്കെ തുറന്നിട്ടു സംബശിവൻ നിദ്രയിലാണ്ടിരിക്കുന്നു.
മേശപുറത്തു ഒരു അടുക്കും ചിട്ടയുമില്ലാത്ത അവസ്ഥയിൽ കുറച്ചു ബീഡികുറ്റികളും, ഒരു തീപ്പെട്ടിയും, ചുരുട്ടിയ കടലാസുകളും, പേനയും, ഒരു മരുന്ന് ഡപ്പിയും പിന്നെ ഒരു ഡയറിയും ഇരിപ്പുണ്ട്.
ഒരു കൗതുകത്തിനു ഞാൻ ഡയറി തുറന്നു. അദ്ദേഹം എഴുതിയ ചില വരികൾ.. ഭംഗിയുള്ള അക്ഷരങ്ങൾ... താളുകൾ മറിച്ചപ്പോൾ ഇടയിൽ സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ നിലത്തു വീണു. വർഷങ്ങൾക്കു മുൻപെടുത്ത ഒരു ബ്ലാക് ആൻഡ് വൈറ്റ് ഗ്രൂപ് ഫോട്ടോ ആയിരുന്നു അത്. സുമുഖനും ചെറുപ്പക്കാരനുമായ സാമ്പശിവനെ ഞാനതിൽ തിരഞ്ഞു. എൻ്റെ കണ്ണുകൾ ചെന്നുടക്കിയതു കുറച്ചു വർഷങ്ങൾ പ്രായം കുറഞ്ഞ എൻ്റെ കമലയിലാണ്. കണ്ണുകളെ വിശ്വസിക്കാനാകാതെ ഞാൻ വീണ്ടും ശ്രദ്ധിച്ചു നോക്കി. അവൾ തന്നെ .. കമല.. ഫോട്ടോയുടെ മറ്റൊരു കോണിൽ സുമുഖനായ സാമ്പശിവനുമുണ്ട്.
കാണാൻ പാടില്ലാത്തതെന്തോ കണ്ടതു പോലെ എനിക്ക് തോന്നി. ഉള്ളിലെ ലഹരി അടങ്ങാത്തതിനാലാകണം എൻ്റെ പേഴ്സിനുള്ളിൽ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വിവാഹശേഷം എടുത്ത ഒരു കളർ ഫോട്ടോ ഞാൻ ആ മേശപുറത്തു വെച്ചിട്ടു അവിടെ നിന്നും ഇറങ്ങി പൊന്നു. ഇനി ഒരിക്കലും അയാളെ കാണാൻ ഞാൻ ആഗ്രഹിച്ചില്ല. അയാൾ ഈ നഗരം വിട്ടു പോകുന്നു എന്ന വസ്തുത എനിക്ക് അനാവശ്യമായ ഒരു മനോസുഖം നൽകി.
അതെ... സാമ്പശിവൻ എന്ന കവിയെ ഞാൻ ആദ്യമായും അവസാനമായും കണ്ടതു ഇന്നലെയാണ്. ഇനി ഒരിക്കലും കാണില്ല എന്ന് തീരുമാനിക്കുകയും ചെയ്തതാണു.
റെയിൽ പാളത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ശവം ആരുടേതെന്ന് മനസ്സിലാക്കാൻ ഇതുവരെയും പോലീസിനു ഒരു തുമ്പോ തെളിവോ കിട്ടിയിട്ടില്ല. അവിടെ ആൾകൂട്ടം തിങ്ങിനിറയുകയാണ്. പത്രങ്ങളിൽ ഈ വാർത്ത ഉടൻ ചൂടോടെ വരും. "റെയിൽ പാളത്തിലെ ശവം. ആത്മഹത്യയോ കൊലപാതകമോ" എന്നായിരിക്കും തലക്കെട്ട്.
ഇവിടം വിട്ടു പോകുകയാണെന്ന് അയാൾ പറഞ്ഞതു ഇതിനായിരുന്നോ ?
വിഭ്രാന്തിയെറിയ മനസോടെ ഞാൻ അകലെ മാറി നിൽക്കുകയാണ്. എത്ര നേരമായി അങ്ങനെ നിൽപ്പുറപ്പിച്ചിട്ടു? അറിയില്ല. നിന്നിടത്തു നിന്നും കാലുകൾ അനക്കാൻ കഴിയുന്നില്ല.
വല്ലാത്ത ഒരു മരവിപ്പ് ! മനസ്സും ശരീരവും തളർന്നിരിക്കുന്നു.
മേശപുറത്തെ ഞങ്ങളുടെ കളർ ഫോട്ടോ ആരെങ്കിലും കാണുമോ? പോലീസ് എന്നെ തേടി വരുമോ ? മനസ്സ് ഭ്രാന്തമായി കാടുകയറി.