Thursday, January 9, 2020

Favre-Leuba


1994, Sep 5.

ഒരു ഞായറാഴ്ച്ച കൂടി കടന്നു പോകുകയാണ്.
പഴയ ചില ഓർമ്മകൾ മാറാല തൂത്തു പുറത്തെടുക്കുകയാണ് ഇന്നത്തെ ഡയറി കുറിപ്പിൽ.

അതിനു കാരണം ഏഴു വയസ്സുകാരനായ എൻ്റെ മകൻ കാണിച്ച ഒരു കുസൃതിയാണ്.  സ്കൂൾ കഴിഞ്ഞു തിരിച്ചു വന്ന അവൻ്റെ പോക്കറ്റിൽ ഒരു ഹീറോ ഫൗണ്ടൻ പെൻ. ഞാൻ വാങ്ങി കൊടുത്തതല്ല.  അവൻ്റെ അമ്മയുടെ ചോദ്യം ചെയ്യലിൽ സ്റ്റാഫ് റൂമിൽ നിന്നും എടുത്തതാണെന്നു അവൻ സമ്മതിച്ചു. അവൻ്റെ സത്യസന്ധതയ്ക്കു കൊടുക്കണം നൂറു മാർക്ക്.

മകനെ അമ്മ ശകാരിക്കുന്നത് നോക്കി നിന്നതല്ലാതെ അവനെ കുറ്റപ്പെടുത്താനോ, വഴക്കു പറയാനോ മുതിർന്നില്ല. എൻ്റെ നിസ്സംഗ ഭാവം അനസൂയയെ ചൊടിപ്പിച്ചിരിക്കണം. അവൾ എൻ്റെ നിരുത്തരവാദപരമായ മൗനത്തിനെ ചോദ്യം ചെയ്തു. എൻ്റെ ഇടപെടൽ അനിവാര്യമാണെന്നു അവൾക്കു തോന്നിയാൽ തെറ്റു പറയാൻ കഴിയില്ല.

ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു : "നമ്മളൊക്കെ ഈ പ്രായത്തിൽ എന്തൊക്കെ വികൃതി കാട്ടിയിട്ടുണ്ട്. ശകാരിക്കണ്ട ആവശ്യം ഇല്ല. പറഞ്ഞു കൊടുത്താൽ അവനു മനസ്സിലാകുന്ന കാര്യമേയുള്ളൂ ഇവിടെ.  നാളെ തന്നെ അവനെ കൊണ്ട് അത് തിരിച്ചു വെപ്പിച്ചു മാപ്പു പറയിക്കാം. നാളെ ഞാൻ കൊണ്ട് വിടാം സ്കൂളിൽ.പോരേ..  "

 അങ്ങനെ പറയുമ്പോൾ അറിഞ്ഞോ അറിയാതെയോ പഴയ ഒരോർമ്മ മനസ്സിലൂടെ പാളി പോയി. അച്ഛനുമൊത്തുള്ള ഒരു അനുഭവം ആണ്.

സംഭവം നടക്കുന്നത് എഴുപതുകളിലാണ്. 
എനിക്ക് അന്ന് എട്ടോ പത്തോ വയസ്സ് പ്രായം കാണും.
അച്ഛൻ മിക്കപ്പോഴും വീട്ടിൽ കാണില്ല. കച്ചവടവും, കൃഷിയും,  നാട്ടുകാര്യങ്ങളും  അല്ലറ ചില്ലറ രാഷ്ട്രീയവും ഒക്കെ ആയി മൂപ്പർ സദാ സമയം തിരക്കിലായിരിക്കും. വല്ലപ്പോഴും വീട്ടിൽ കിട്ടുമ്പോൾ ഞാനും അനിയന്മാരും വിടാതെ കൂടെ കൂടും.

അച്ഛൻ ഞങ്ങളെ ശകാരിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല. ആ ഡിപ്പാർട്മെണ്ട് കൈകാര്യം ചെയ്യുന്നത് അമ്മയാണ്.

അച്ഛൻ നാട്ടിൽ ഉള്ള അവരസങ്ങളിൽ ഞങ്ങൾ.. ഞങ്ങളെന്നു പറയ്ണമോൾ അനിയന്മാരും ഞാനും തൊടിയിലും പറമ്പിലും പുറത്തും എല്ലാം അച്ഛൻ്റെ ഒപ്പം വാല് പോലെ ഉണ്ടാകും.

  ഒരിക്കൽ ഞങ്ങളേം കൊണ്ട് അച്ഛൻ ഒരു സുഹൃത്തിൻ്റെ പലചരക്കു കടയിൽ പോയി. അച്ഛൻ കടയുടെ ഉടമയുമായി ഉള്ളിലേക്ക് ഇരുന്നു എന്തിക്കെയോ വലിയ കാര്യങ്ങൾ സംസാരിക്കുകയാണ്. ഞാൻ അനിയന്മാരേയും കൊണ്ട് കടയ്ക്കുള്ളിൽ ചുറ്റി പറ്റി നിന്നു.

കടയും ചുറ്റുപാടും വീക്ഷിച്ചു നിന്ന എൻ്റെ ശ്രദ്ധ, ചുവരിൽ ഒരു ആണിയിൽ കൊളുത്തി ഇട്ടിരുന്ന ഒരു വാച്ചിലാണു ചെന്നുടക്കിയതു.

ഒരു റിസ്റ് വാച്ച്..

റിസ്റ് വാച്ച് എന്ന് പറയുമ്പോൾ 1960 മോഡൽ ഫേവർ ലൂബയുടെ റിസ്റ് വാച്ച്. ഇതിനു മുൻപ് കുടുംബത്തിൽ ഉള്ള ഒരു മാമൻ്റെ കൈയ്യിൽ ഇതേ പോലെ ഒന്ന് കിടക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.

അന്നൊക്കെ അധികമാരും റിസ്റ് വാച്ച് ധരിക്കാറില്ല.

തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ വാച്ച് ആരും കാണാതെ ഞാൻ എൻ്റെ പോക്കെറ്റിലാക്കി.
ഒരു കള്ളം ചെയ്‌തെന്ന തോന്നൽ ഒന്നും അന്ന് തോന്നിയില്ല.

ആരും കാണാതെ അതും വച്ചും കൊണ്ട് ഞാൻ പുഴക്കടവിലേക്ക് ഓടി.
അതിൻ്റെ ഒരു മെക്കാനിസം അറിയാനായിരുന്നു എനിക്ക് കൗതുകം.
വീട്ടിൽ അലമാര വലിപ്പത്തിനു പോന്ന നീളൻ ഘടികാരം ഒന്ന്.. അച്ഛൻ തുറന്നു റിപ്പയർ ചെയ്യുന്നതു ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്. ഉള്ളിൽ നിരവധി ഇരുമ്പു ചക്രങ്ങൾ ഒരു താളത്തിനു നീങ്ങിയാണ് സമയം അറിയിക്കുന്നത്. വളരെ സംഗീർണ്ണമായ സംഭവങ്ങൾ ചെറിയ ഫേവർലൂബയ്ക്കുള്ളിലും നടക്കുന്നുണ്ടാകും. എൻ്റെ കുട്ടിമനസ്സിൽ കൗതുകത്തിൻ്റെ ഒരു സൂര്യകാന്തി പൂവ് വിടർന്നു.

അച്ഛൻ വീട്ടിലെ ഘടികാരം തുറന്ന പോലെ ഫേവർലൂബയും തുറക്കാൻ ഞാൻ ശ്രമം തുടങ്ങി. തിരിച്ചും മറിച്ചും ഒക്കെ പരിശോധിച്ചിട്ടും ഫേവർലൂബ തുറക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

എൻ്റെ കൗതുകം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ ഒരു ചെറിയ പാറക്കഷ്ണം എടുത്ത് ഞാൻ ഫേവർലൂബ തല്ലി പൊട്ടിച്ചു.           

 ഉള്ളിലെ സ്പ്രിങ്ങും സൂചിയും ഗിയറും എല്ലാം പുറത്തു എടുത്തു സൂക്ഷ്മ പരിശോധന നടത്തി. ഒടുവിൽ കൗതുകം ഒടുങ്ങിയപ്പോൾ അതെല്ലാം എടുത്തു പോക്കറ്റിൽ വെച്ചു വീട്ടിലേക്കു പോയി. ആരും കാണാതെ എൻ്റെ സാമാനങ്ങളും, കുട്ടിക്കോപ്പുകളും വെക്കുന്ന ട്രങ്ക് പെട്ടിയിൽ പൊട്ടി പൊളിഞ്ഞ ഫേവർലൂബ ഒരു വിശിഷ്ടവസ്തുവായി സ്ഥാനം പിടിച്ചു.          

പിറ്റേന്ന്‌ രാവിലെ അച്ഛൻ്റെ സുഹൃത്ത് വീട്ടിലേക്കു വന്നു. ഞാൻ ഓടി മുറ്റത്തെ കളിയിൽ ഒളിച്ചു. ഏതു നിമിഷവും അച്ഛൻ എന്നെ ചോദ്യം ചെയ്യലിന് പൂമുഖത്തേക്കു വിളിച്ചേക്കാം. ചെയ്യരുതാത്തതെന്തോ ചെയ്തു പോയി എന്ന തോന്നൽ അപ്പോഴാണ് ഉണ്ടാകുന്നത്.

കുറെ ഏറെ നേരം ആ മനുഷ്യൻ അച്ഛനുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. ഉടൻ തന്നെ അച്ഛൻ എന്നെ വിളിച്ചു. അയാൾ പോയി എന്നുറപ്പുള്ളതു കൊണ്ട് വളരെ ആത്മവിശ്വാസത്തോടെ ഞാൻ ഉമ്മറത്തേക്ക് ചെന്നു.


"മോന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താ?" - അച്ഛൻ്റെ ചോദ്യം.

"പെൻസിൽ " - എന്തോ കരുതി കൂട്ടിഎന്നോണം ഞാനും പറഞ്ഞു.

"അത് നിലത്തു കിടന്നു കിട്ടിയാൽ എന്തു ചെയ്യും നീ?"

"ഞാൻ എടുത്തു ബാഗിൽ വെക്കും."

"എന്നിട്ടു?"

"വീട്ടി കൊണ്ട് പോരും."

"ആ പെൻസിൽ നിൻ്റെ ഒരു സുഹൃത്തിൻ്റെ ആണെങ്കിലോ ?"

"അപ്പൊഴും ഞാൻ എടുക്കും.."

"തിരിച്ചു കൊടുക്കില്ലേ?"

"ഇല്ല .. എനിക്കല്ലേ കിട്ടിയത് .. അപ്പൊ ഞാൻ എടുക്കും.." -എൻ്റെ നിലപാടിൽ മാറ്റമില്ല.

"നിൻ്റെ സുഹൃത്തിനു വിഷമം ആകില്ലേ?"

"ഞാൻ എടുത്തെന്നു അവൻ അറിയുന്നില്ലല്ലോ."

അച്ഛൻ എന്നെ അടുത്തേക്ക് ചേർത്ത് നിർത്തി.. എന്നിട്ടു പറഞ്ഞു ;

"മോനെ.. നമ്മുടേതല്ലാത്ത ഒരു വസ്തു, അതെന്തുമായിക്കൊള്ളട്ടെ.. ഉടമസ്ഥൻ്റെ അനുവാദമില്ലാതെ അതിൽ തൊടുക കൂടി ചെയ്യരുത്. അങ്ങനെ ചെയ്യുന്നതു സംസ്കാരത്തിനു യോജിച്ച പ്രവർത്തിയല്ല. മോന് മനസ്സിലാകുന്നുണ്ടോ? "

ഞാൻ തല കുലുക്കി.

"എന്ത് മനസ്സിലായി ?"

"പെൻസിൽ എടുത്തതു തിരിച്ചു കൊടുക്കണംന്ന്.."

അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചു ..

"മാമൻ്റെ വാച്ച് മോൻ എടുത്തോ?" -അച്ഛൻ പെട്ടെന്നു ഒട്ടും ദേഷ്യപ്പെടാതെ ചോദിച്ചു.

"മ്മ് .." ഞാൻ മെല്ലെ മൂളി.. കള്ളം പറയണ്ട ആവ ശ്യം ഇവിടെ ഇല്ല. കാരണം അച്ഛൻ തല്ലില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. അമ്മയോടോ, മറ്റാരോടെങ്കിലും ആയിരുന്നേൽ ഞാൻ കണ്ണുമടച്ചു കള്ളം പറഞ്ഞേനെ.. എടുത്തിട്ടിലാന്ന്..

"എവിടെ അതു ..?" അച്ഛൻ രഹസ്യമായെന്നോണം എന്നോട് ചോദിച്ചു.

ഞാൻ ഓടി ചെന്നു  ട്രങ്ക് പെട്ടിക്കുള്ളിൽ നിന്നും ഏൻ്റെ വിശിഷ്ടമായ ഫേവർലൂബ എടുത്തു കൊണ്ട് അച്ഛൻ്റെ കയ്യിൽ കൊടുത്തു.

"ഇതെന്തു പറ്റി.. ? പൊട്ടി പോയല്ലോ ." അച്ഛൻ എന്നെ നോക്കി

ഞാൻ നിന്നു പരുങ്ങുന്നതു കണ്ടപ്പോൾ അച്ഛൻ തുടർന്നുള്ള ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു.

അച്ഛൻ അടുത്ത് വിളിച്ചു നിർത്തി വീണ്ടും ഉപദേശിച്ചു.

ഒരു തല്ലു തന്നു എൻ്റെ ശീലക്കേടിനെ ഗുണദോഷിക്കാൻ അച്ഛനാകുമായിരുന്നു. മറ്റാരെങ്കിലും ആയിരുന്നേൽ അങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ. അങ്ങനെ ചെയ്തിരുന്നെങ്കിലും ഞാൻ ഇന്നത്തെ പോലെ നന്നാകുമായിരുന്നു. പക്ഷെ സ്നേഹത്തോടെ, ക്ഷമയോടെ എനിക്ക് തെറ്റ് മനസ്സിലാക്കിപ്പിച്ചു തന്നു. കള്ളം ചെയ്യരുതെന്ന് മാത്രമല്ല ഒരിടത്തും കള്ളം പറയുകയും അരുതെന്ന ആത്മവിശ്വാസം അച്ഛൻ എനിക്ക് പകർന്നു തന്നതു ഒരുപക്ഷെ അന്നായിരിക്കാം . 

അച്ഛൻ ഫേവർലൂബ ശരിയാക്കിപ്പിച്ചു തിരികെ കൊടുക്കുകയോ, അല്ലെങ്കിൽ പണം കൊടുത്തു ഉടമസ്ഥൻ്റെ നഷ്ടം നികത്തുകയോ ചെയ്തിട്ടുണ്ടാകണം. അതിനെ കുറിച്ച് ചോദിക്കാൻ ഒരു അവസരം കിട്ടിയിട്ടില്ല. ശരിയും തെറ്റും വേർതിരിച്ചറിയുന്ന പ്രായമായപ്പോഴേക്കും അദ്ദേഹം ഞങ്ങളെയൊക്കെ വിട്ടു മറ്റൊരു ലോകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു.

ഫേവർ ലൂബയുടെ അറുപതു മോഡൽ വാച്ച് വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും സ്വന്തമാക്കി. അത് ഒരു ഓർമ്മപ്പെടുത്തലാണ്. ഒരു തെറ്റിലേക്കും.. അതിൽ നിന്നും വന്ന ശരിയിലേക്കും വിരൽ ചൂണ്ടുന്ന ഓർമ്മപ്പെടുത്തൽ. ചെറിയ തെറ്റുകൾ തെറ്റല്ലെന്നും.. ആ തെറ്റിൽ ഒരു കുട്ടിത്തമുള്ള കൗതുകം ഒളിഞ്ഞിരിപ്പുണ്ടെന്നും പഠിപ്പിച്ചു തന്ന അച്ഛൻ വലിയ അറിവുകളുടെയും അനുഭവങ്ങളുടെയും നിറകുടം ആണെന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു.      

ഓർമ്മകളുടെ തീരത്തു ചെന്നു  നിൽക്കുമ്പോൾ മായാതെ അവശേഷിക്കുന്ന കുഞ്ഞു കാൽപ്പാടുകൾ എനിക്കു  കാണാം. പുതിയ ഓർമ്മകളുടെ തിരകൾ എത്ര ആഞ്ഞടിച്ചാലും ചില ഓർമ്മകളുടെ കാൽപ്പാടുകൾ മായാതെ തന്നെ അവശേഷിക്കും. ആ കാലടികളെ വേദനിപ്പിക്കാതെ അവയെ ചവിട്ടി ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ പൊട്ടിപൊളിഞ്ഞ ഫേവർലൂബയും എനിക്കു കാണാം.                 

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...