Sunday, January 27, 2019

പ്രണയഹംസം



 മഴ നനഞ്ഞു സ്‌കൂൾ മുറ്റം ചേറു കേറി കിടക്കുകയാണ്.

അതിരാവിലെ എണീറ്റ് ..എട്ടു മണിക്കു മുന്നേ വന്നു നിൽപ്പുറപ്പിച്ചതാണ്, സ്‌കൂൾ വരാന്തയുടെ മുന്നിൽ.

ഒരു കത്തു കൊടുക്കണം. അതാണ് ദൗത്യം.
ലോകത്തുള്ള സകല പൈങ്കിളിയും കോർത്തിണക്കിയ ഒരു പ്രേമ കവിതയാണ് ആ കത്ത്.

"പ്രിയേ ..

നിന്നെയറിയാൻ..
നിന്നിലലിയാൻ ..
നിൻ്റെ നുണകുഴികളെ നുള്ളാൻ ..
നിൻ്റെ കവിളിണകളെ തലോടാൻ ..
നിൻ്റെ അധരങ്ങളെ ചുംബിക്കാൻ ..   
പ്രഭാതത്തിലെ പറവകളുടെ സംഗീർത്തനം പോലെ 
ഞാൻ ഈ കാറ്റിൽ വന്നണയട്ടെ .."


മറുപടി വേണം .. 
-സൂരജ് 

ഒരു രാവു മുഴുവൻ ഉറക്കമൊഴിച്ചു എഴുതിക്കൂട്ടിയതാണു അതിലെ പ്രണയനിർഭരമായ വരികൾ.
കത്തിൻ്റെ ആത്മാവും ഹൃദയവും ഞാൻ സൂരജിനു വിറ്റതാണു. എൻ്റെ ഉറ്റസുഹൃത്ത്.

പ്രതിഫലമായി അവൻ രണ്ടു മൊട്ട പഫ്‌സും ഒരു പാലു സർബത്തും തലേന്ന് തന്നെ വാങ്ങി തന്നിരുന്നു.. നേരിട്ട് കാര്യം അവതരിപ്പിക്കാൻ അവനൊരു പേടി.
ക്‌ളാസ് ടീച്ചർ അവൻ്റെ അമ്മയായതാകാം ആ പേടിക്കു കാരണം എന്നു ഊഹിച്ചു.

ഒട്ടും താമസിക്കാതെ സൂരജൂം സ്‌കൂളിൽ എത്തി.
അതെ.. നിരുത്തരവാദിയായ കാമുകൻ.
അതിവേഗത്തിൽ ഗേറ്റ് കടന്നു അവൻ സൈക്കിൾ ഓടിച്ചു സൈക്കിൾ  സ്റ്റാൻഡിലേക്ക് പായുകയാണ്. നിലത്തെ ചേറു അവൻ്റെ പാൻറ്സിൽ തെറിക്കുന്നത് അവനൊരു പ്രശ്‌നമേയല്ല. ആവേശത്തോടെ ഓടി അവൻ വരാന്തയിൽ നിലയുറപ്പിച്ച എൻ്റെ അരികിലേക്ക് എത്തി.

"കൊടുത്തോ ?" അണച്ചു കൊണ്ട് അവൻ്റെ ചോദ്യം.

"കൊടുക്കാൻ അവളെത്തിയിട്ടു വേണ്ടേ .. ? വരട്ടെ "

"മറുപടി വാങ്ങാൻ മറക്കല്ലേ മുത്തേ  .."
അവൻ്റെ ഒരു പുന്നാരം. എനിക്ക് ശുണ്ഠി വന്നു.

"കത്തു കൊടുക്കാനേ നമ്മടെ ഡീലിൽ ഉള്ളു. സംസാരിക്കാനൊക്കെ വേറെ ചെലവ് ചെയ്യണം."

"അതൊക്കെ ഏറ്റു.. വെറുപ്പിക്കാതെ നീ അതൊന്നു കൊടുത്തു മറുപടിയും വാങ്ങി വാ .. പിന്നെ ബാക്കി ചെലവ് .."

സ്‌കൂൾ ഗേറ്റ് കടന്നു അവൾ വരുന്നതു കണ്ടു സൂരജ് ക്‌ളാസ്സിനുള്ളിലേക്കു ഓടിയൊളിച്ചു.

കഥയിലെ നായിക നിമിഷ മോഹൻ ആണ്. വിചാരിച്ചതു പോലെ നമ്മുടെ കക്ഷി തനിച്ചല്ല. വേറെ നാലു തോഴിമാർ കൂടി ഒപ്പമുണ്ട്. അവരെ എനിക്കു പരിചയവുമുണ്ടു. സയൻസ് ബി ബാച്ചിലെ റോസ മറിയം, ഏലിയാമ്മ.. പിന്നെ കൊമ്മേഴ്‌സിലെ ദിവ്യ , ജാനകി എന്നിവർ.

പണി പാളുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്.
ഏലിയാമ്മ നല്ല പരദൂഷണക്കാരിയാണ്. അവൾ അറിഞ്ഞാൽ കത്തിൻ്റെ വിഷയം പാട്ടാകാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ താൻ നിമിഷയ്ക്കു ലവ് ലെറ്റർ കൊടുത്തു എന്നാവും ന്യൂസ് പരക്കുന്നതു.

ഞാൻ രണ്ടും കൽപ്പിച്ചു അവരുടെ അടുത്തേക്കു നടന്നു. ഏതായാലും ഏറ്റു പോയില്ലേ!

"ഏലിയാമ്മയെ സ്റ്റാഫ് റൂമിൽ ക്‌ളാസ് ടീച്ചർ തിരക്കുന്നു " എന്ന് പറഞ്ഞു.

കേട്ട പാടെ അവൾ സ്റ്റാഫ് റൂമിലേക്കു ഓടി.

കിട്ടിയ തക്കത്തിനു ഞാൻ കത്തു നിമിഷയ്ക്കു കൊടുത്തു.

"സൂരജ് തന്നതാണു .. മറുപടി വേണം .." ആവശ്യമില്ലാത്ത ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു.

നിമിഷ ചുറ്റും ഒന്ന് കണ്ണോടിച്ചു.

" അവൻ വന്നിട്ടിട്ടില്ല.. ഞാൻ അവനെ അറിയിച്ചോളാം." -ഞാൻ പറഞ്ഞു.

അവൾ കത്തു ഗൗരവപൂർവ്വം വായിച്ചു. റോസമ്മയും, ജാനുവും, ദിവ്യയും വായും തുറന്നു എന്നെ അത്ഭുതത്തോടെ നോക്കി.
ആദ്യമായിട്ടാവും ഒരു ചെക്കൻ ഒരു പെണ്ണിനു പ്രേമലേഖനം കൊടുക്കുന്നതു അവർ കാണുന്നത്. ഞാൻ അവരെ നോക്കി ഒന്നു മന്ദഹസിച്ചു.

ഒരു ചെറിയ ആവലാതി എനിക്ക് അനുഭവപ്പെട്ടു.
നിമിഷ കത്ത് വായിച്ചിട്ടു എന്നെ തീക്ഷ്‌ണമായി നോക്കി. കത്ത് ചുരുട്ടി കൂട്ടി അവൾ എന്നെ ഏൽപ്പിച്ചു.

"ഇനി ഇതും പറഞ്ഞെങ്ങാനും എൻ്റെ പിന്നാലെ വന്നാൽ ഞാൻ സ്റ്റാഫ് റൂമിൽ റിപ്പോർട്ട് ചെയ്യും." എന്നും പറഞ്ഞു അവൾ അല്പം കോപത്തോടെ നടന്നകന്നു.

"സോറി .. ! അവൻ എഴുതി തന്നതാ.. എനിക്കൊന്നും അറിയില്ലാ "
ഞാൻ എൻ്റെ ഭാഗം രക്ഷിക്കാനെന്നോണം പറഞ്ഞു വെച്ചു. അവൾ അത് കേട്ടതായി പോലും ഭാവിക്കാതെ നടന്നകന്നു.

ചുരുട്ടിയ കത്തു ഞാൻ സൂരജിനെ ഏൽപ്പിച്ചു, എന്നിട്ടു നടന്ന സംഭവം വിശദമായി പറഞ്ഞു.

അവനു നല്ല വിഷമമുണ്ടു.

ഞാൻ അവനെ ആശ്വസിപ്പിച്ചു .. എന്നിട്ടു നല്ല ബുദ്ധി ഉപദേശിച്ചു.

"ആരേലും കത്തിൻ്റെ കാര്യമോ മറ്റോ ചോദിച്ചാൽ നീ എഴുതിയതാണെന്നു പറഞ്ഞാൽ മതി " - അതിനിടയിൽ ഞാൻ അതും പറഞ്ഞു.

അവൻ എന്നെ ദയനീയമായി നോക്കിയതേ ഉള്ളു. ഹൃദയം വിങ്ങി ഇരിക്കുന്ന സൂരജിനോട് അങ്ങനെ പറഞ്ഞതിൽ എനിക്കു ലജ്‌ജ തോന്നി.

അസംബ്ലിക്കു ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഏലിയാമ്മ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.




Friday, January 11, 2019

ഓർമ്മ !



കണ്ണ് തുറക്കുമ്പോൾ ഞാൻ മുറിയിൽ കട്ടിലിൽ കിടക്കുകയാണ്. എങ്ങനെയാണ് അവിടെ എത്തിപ്പെട്ടത് എന്ന് എനിക്ക് ഓർമ്മയില്ല. തലേന്ന് രാത്രിയിൽ ഞാൻ മദ്യലഹരിയിലായിരുന്നു.

പതിവു പോലെ ഭാര്യയുമായി വഴക്കിട്ടിരിക്കണം.
പതിവു പോലെ അവളെ തല്ലിയിരിക്കണം.
പതിവു പോലെ അവൾ തലയിണയിൽ മുഖമമർത്തി കരഞ്ഞിരിക്കണം.

സ്ഥിരം പല്ലവി.

എന്നാൽ ഈ വെളുപ്പാൻ കാലം എനിക്കായി എന്തോ നിഗൂഡതകൾ  ഒളിച്ചു വെച്ചിരിക്കും പോലെ എനിക്ക് അനുഭവപ്പെട്ടു. ഒരു വല്ലാത്ത തണുപ്പും മരവിപ്പും മുറിയിൽ തങ്ങി നിന്നു.

തലേന്നു രാത്രിയിലെ സംഭവങ്ങളൊന്നും തന്നെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. കട്ടിലിനു എതിർവശത്തെ കണ്ണാടിയിൽ എൻ്റെ പ്രതിബിംബം പോലും എനിക്ക് കാണാൻ കഴിയുന്നില്ല.
വല്ലാത്ത ഹാങ് ഓവർ!

കഴിഞ്ഞ രാത്രി  ഞാൻ ഭാര്യാസമേതം ഒരു പാർട്ടിക്ക് പോയിരുന്നു.
അവിടെ വെച്ചു ഞാൻ അമിതമായി മദ്യപിച്ചിരിക്കണം.
മദ്യലഹരിയിൽ ആരെങ്കിലുമൊക്കെയായി തല്ലുണ്ടാക്കിയിരിക്കണം. 
അല്ല തല്ലുണ്ടാക്കി.

അതാണല്ലോ ശീലം!

ആരെങ്കിലുമായല്ല..
അവൻ !
അവളുടെ കള്ളക്കാമുകൻ !

ലഹരി അടങ്ങി മെല്ലെ മെല്ലെ എൻ്റെ ഓർമ്മച്ചുരുളുകളഴിയുകയാണ്.

ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി ഭാര്യയെ തിരഞ്ഞു.
ഞാൻ ഉറക്കെ അവളുടെ പേരു വിളിച്ചു. മറുപടിയില്ല !

ഫ്‌ളാറ്റിലെങ്ങും അവളുടെ പൊടി പോലുമില്ല.

ഞാൻ ഫ്ളാറ്റിൻ്റെ വാതിൽ തുറന്നു പുറത്തേക്കു നോക്കി.
അടുത്ത ഫ്ളാറ്റിലെ വക്കീലിൻ്റെ ഭാര്യ അവരുടെ വളർത്തു നായയെയും  കൊണ്ട് എൻ്റെ മുന്നിലൂടെ കടന്നു പോയി. ഞാൻ അവരെ നോക്കി ചിരിച്ചിട്ടും അവർ എന്നെ അവഗണിച്ചു കടന്നു പോയി. അവരുടെ നായ എന്നെ നോക്കി തുടർച്ചയായി കുരച്ചു കൊണ്ടിരുന്നു.

ഞാൻ ഫ്‌ളാറ്റിനുള്ളിൽ കയറി വാതിൽ പൂട്ടി.
അപ്പോഴാണ് നിലത്തു കിടന്ന ചോരത്തുള്ളികൾ എൻ്റെ ശ്രദ്ധയിൽ പെട്ടത്. എൻ്റെ നെഞ്ചിൽ ഒരു അപായമണി മുഴങ്ങി. മദ്യലഹരിയിൽ .. അരിശത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ഇനി ഞാനെങ്ങാനും അവളെ കൊന്നിരിക്കുമോ ?

അതവൾ അർഹിക്കുന്നു.
എങ്കിലും ഞാൻ അങ്ങനെ ചെയ്തിരിക്കുമോ ?
അവളുടെ കള്ളക്കാമുകനേയും ചിലപ്പോൾ ഞാൻ കൊലപ്പെടുത്തിയിരിക്കാം !

രാത്രിയിലെ സംഭവങ്ങളൊന്നും എൻ്റെ ഓർമ്മയിൽ  തെളിയുന്നില്ല.

പാർട്ടിയിൽ നിന്നും വീട്ടിലേക്കു വരുന്നതായി ഞാൻ ഓർക്കുന്നു കൂടിയില്ല.

എൻ്റെ നിഗൂഡ രഹസ്യങ്ങളുടെ ഓർമ്മച്ചെപ്പു എൻ്റെയുള്ളിൽ താഴിട്ടു പൂട്ടപ്പെട്ടിരിക്കുന്നു.

അതിൻ്റെ കള്ളത്താക്കോൽ മദ്യലഹരിയിലെങ്ങോ എനിക്കു നഷ്ടമായി!

ഞാൻ കണക്കു കൂട്ടി.. ഒന്നുകിൽ ഒന്ന് .. അല്ലെങ്കിൽ രണ്ടു... രണ്ടു ശവങ്ങൾ ഞാൻ എവിടെയോ ഒളിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ കുഴി തോണ്ടി പുതച്ചിട്ടുണ്ട്.

ഞാൻ ഫ്ലാറ്റിനു പിൻഭാഗത്തുള്ള ആൾപെരുമാറ്റം അധികമില്ലാത്ത പൊന്തക്കാട്ടിൽ ശവങ്ങൾ തേടി നടന്നു. പുതുതായി മണ്ണു മാന്തി ഇളക്കിയ നിലങ്ങൾ തപ്പി ഞാൻ മണിക്കൂറുകളോളം അലഞ്ഞു.

എവിടെ നിന്നോ ഒരു ദുർഗന്ധം കാറ്റിൽ തങ്ങി നിന്നു.  ക്രമേണ അത് കൂടി കൂടി വന്നു. കുറ്റിക്കാട്ടിനുള്ളിൽ ഒരു ശവം എൻ്റെ ശ്രദ്ധയിൽ പെട്ടു. ദുർഗ്ഗന്ധം വകവെക്കാതെ ഞാൻ ശവത്തിനരികത്തേക്കു ചെന്ന് അത് പരിശോധിച്ചു.
ഒരു പെണ്ണിൻ്റെ ശവമാണത്. ശവം എൻ്റെ ഭാര്യയുടേതല്ല. ആളെ എനിക്ക് പരിചയമുണ്ട്. സുഗന്ധി എന്ന തമിഴത്തിയാണത്. വക്കീലിൻ്റെ ഫ്‌ളാറ്റിൽ ജോലിക്കു വരുന്ന പെണ്ണാണ് അവൾ. അയാൾക്ക് അവളോട് ഒരു അടുപ്പമുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അവൾക്കു തിരിച്ചും.
ഇടക്കൊക്കെ മറ്റു ഫ്‌ളാറ്റുകളിലും അവൾ പോകാറുണ്ട്. അങ്ങനെ എൻ്റെ ഫ്‌ളാറ്റിലും അവൾ വന്നിട്ടുണ്ട്. ഒന്ന് രണ്ടു പ്രാവശ്യം.
ആരോ കൊന്നിട്ട് ഇവിടെ കൊണ്ടു തള്ളിയതാണ്.

രണ്ടു ദിവസമായി സുഗന്ധിയെ കാണ്മാനില്ലെന്നു ആരൊക്കെയോ പറയുന്നത് കേട്ടിരുന്നു. കുറച്ചു നേരം, ജീർണ്ണിച്ചു തുടങ്ങിയ പ്രേതത്തെ നിർവികാരനായി നോക്കി നിന്ന ശേഷം ഞാൻ എൻ്റെ ശവങ്ങളുടെ തിരച്ചിൽ തുടർന്നു. സുഗന്ധിയുടെ ശവം കണ്ടു കിട്ടിയതിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാനോ, പോലീസിൽ പരാതിപ്പെടാനോ ഞാൻ മിനക്കെട്ടില്ല. ഇനി അവളെയും കൊന്നതു ഞാനാണെങ്ങിലോ !! എനിക്ക് ചിരി വന്നു അത് ആലോചിച്ചപ്പോൾ.

വൈകുന്നേരം വരെയും വിശപ്പും ദാഹവും ഒന്നുമില്ലാതെ ഞാൻ എൻ്റെ ശവങ്ങളെ തേടിയലഞ്ഞു. ഒടുവിൽ ഒന്നും കണ്ടു കിട്ടാതെ ഞാൻ ഫ്‌ളാറ്റിലേക്ക് മടങ്ങി. മടങ്ങിയെത്തുമ്പോൾ ഭാര്യ ഫ്ലാറ്റിൽ കാണുമായിരിക്കും എന്ന് ഞാൻ വെറുതേ വിശ്വസിച്ചു.

ഫ്ലാറ്റിൽ മടങ്ങിയെത്തുമ്പോൾ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല.
അപ്പോൾ അവൾ എവിടെ പോയി?
 ഞാൻ മുറികൾ മുഴുവനും പരിശോധിച്ചു. വല്ല എഴുത്തോ മറ്റോ എഴുതി വെച്ചിട്ടു അവനോടൊപ്പം അവൾ കടന്നു കളഞ്ഞിരിക്കുമോ ?

അങ്ങനെ സംഭവിച്ചാൽ അതെനിക്കു വലിയ ക്ഷീണമായിരിക്കും. നാണക്കെട് കാരണം തല പുറത്തു കാണിക്കാൻ കഴിയില്ല. അതിലും ഭേദം അവൾ ചാകുന്നതാ.

മുറിയിൽ അങ്ങിങ്ങു ചോരപ്പാടുകൾ ഉള്ളതല്ലാതെ ഒരു എഴുത്തും കണ്ടു കിട്ടിയില്ല. അവളുടെ വസ്ത്രങ്ങളും, സാധന സാമഗ്രികളും അവിടെ തന്നെയുണ്ടായിരുന്നു. സൂക്ഷ്മമായ പരിശോധനയിൽ ഒടുവിൽ അത് സംഭവിച്ചു. അതെ .. സ്റ്റോർ റൂമിലെ മുകളിലത്തെ അലമാരയ്ക്കുള്ളിൽ ചാക്കിൽ കെട്ടിയ എന്തോ ഒന്ന്. ചാക്കിൽ അങ്ങിങ്ങു ചോരപ്പാടുകൾ.
അത് അവളുടെയോ അവൻ്റെയോ ശവമാണെന്നു എനിക്കു ഉറപ്പുണ്ടായിരുന്നു.

ഞാൻ ചാക്കിൻ്റെ കേട്ട് അഴിച്ചു. പെട്ടെന്ന് മുൻ വാതിൽ തുറന്നു ആരോ  അകത്തേക്ക് കയറുന്ന ശബ്ദം ഞാൻ കേട്ടു.

ചാക്കിൽ നിന്നും ഒരു പുരുഷൻ്റെ ജഡം പുറത്തേക്കു ഊർന്നു വീണു.

എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

ചാക്കിനുള്ളിലെ പ്രേതം !

അത് ഞാൻ തന്നെയായിരുന്നു!

അപ്പോഴേക്കും കാൽപെരുമാറ്റം മുറിക്കു പുറത്തു എത്തിയിരുന്നു.....!


വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...