നഗരത്തിൻ്റെ ഹൃദയഭാഗത്തു നിലകൊള്ളുന്ന ബ്ലൂമൗണ്ട് റെസിഡൻസ്.
അതിൻ്റെ പതിനൊന്നാമത്തെ നിലയിലെ ഫ്ലാറ്റിൽ രഘുറാം തനിച്ചാണു. ആരെയോ പ്രതീക്ഷിച്ചുള്ള അയാളുടെ നിൽപ് തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കണം. പുറത്തെ ബാൽക്കണിയിൽ നിന്ന് കൊണ്ട് അയാൾ അനന്തതയിലേക്കു കണ്ണുംനട്ടു നിൽക്കുന്നു. മുന്നിൽ ഇരമ്പുന്ന കടൽ കാണാം. അങ്ങോട്ട് നോക്കി നിന്നാൽ സമയം പോകുന്നത് അറിയുകേയില്ല.
പ്രതീക്ഷയറ്റ സായാഹ്നം. ശോണിതമായ സന്ധ്യ.
ഇരുട്ടിൻ്റെ സൈന്യം പകലിനെ പൊരുതി തോൽപ്പിച്ചു കൊണ്ടിരുന്നു.
കൈയ്യിൽ ഒരു ബിയർ കുപ്പി പിടിച്ചിട്ടുണ്ട്. മനസ്സ് ആകെ ഉഴുതു മറിഞ്ഞ അവസ്ഥയിലാണ്. ഉന്നമില്ലാതെ മേലോട്ട് എയ്‌തു വിട്ട ഒരു അമ്പു പോലെ ജീവിതം എങ്ങോട്ടോ പായുന്നു.
അയാൾ വാച്ചിലേക്കു നോക്കി. ഏഴര കഴിഞ്ഞിരിക്കുന്നു.
പെട്ടെന്ന് മൊബൈൽ വിറച്ചു.
ലിസ.. അവളാകും. എത്തുന്നു എന്ന് പറയാനാകും.
ശരീരം ആസകലം ഒരു ഭീതി പടർന്ന് കയറിയത് പോലെ തോന്നിച്ചു.
ലഹരിയുടെ ആക്കത്തിൽ കൈയ്യിലിരുന്ന ബിയർകുപ്പി സ്വാധീനം വിട്ടു വഴുതി താഴേക്കു പതിച്ചു. അയാൾ അത് ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കയറി മൊബൈൽ എടുത്തു മെസ്സേജ് വായിച്ചു.
"REACHING IN 5.."
കട്ടിലിൽ വെച്ചിരുന്ന സ്യൂട് കേസ് അയാൾ തുറന്നു. ഉള്ളിൽ ഒരു പൊതി. പൊതിക്കുള്ളിൽ പണം. നാലഞ്ചു കെട്ടുകൾ. അത് എടുത്തു തുറന്നു പരിശോധിച്ച ശേഷം വീണ്ടും സ്യൂട് കേസ് ഭദ്രമായി അടച്ചു വെച്ചു.
പുറത്തു ഒരു ചെറിയ ചാറ്റൽ മഴ പെയ്തു തുടങ്ങി..
ഫ്ലാറ്റിൻ്റെ ബാല്കണിയിൽ കാറ്റിൻ്റെ പെശലിൽ മഴച്ചാറ്റൽ ഉള്ളിലേക്ക് ഇരച്ചു കയറുന്നുണ്ട്. അവിടേക്കു തുറക്കുന്ന ചില്ലു വാതിൽ അടയ്ക്കാൻ രഘുറാം മിനക്കെട്ടില്ല. മഴയുടെ ശക്തി കൂടിയതേയുള്ളൂ ..
നിമിഷങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ലിസയെ കാണുന്നണില്ലല്ലോ !!
വരും ... വരാതെ എവിടെ പോകാൻ ?!
അടുത്ത കുപ്പി ബിയറിനെ അയാൾ പ്രാപിച്ചു ... മദ്യ ലഹരിയിൽ ഫ്ലാറ്റിനുള്ളിലെ വസ്തുക്കൾ ഓരോന്നും അയാൾക്കു ചുറ്റും നൃത്തം വച്ചു തുടങ്ങി. ഒടുവിൽ അയാൾ മയങ്ങി.
കാളിങ് ബെല്ലിൻ്റെ ശബ്ദം കേട്ടുകൊണ്ടാണ് രഘുറാം പിന്നെ ഉണരുന്നത്. വാച്ചിലേക്കു നോക്കുമ്പോൾ വെറും പത്തു മിനിറ്റു കഴിഞ്ഞിരിക്കുന്നു. ഉറക്കച്ചടവ് വിട്ടു ബോധമനസ്സ് യാഥാർഥ്യത്തിലേക്ക് കണ്ണു ചിമ്മി തുറന്നു.
കതകു തുറന്ന അയാൾ ഒന്ന് ഞെട്ടി.. മഴ നനഞ്ഞു ഈറനണിഞ്ഞു മുൻപിൽ ലിസ നില്കുന്നു. അവളോടുള്ള വെറുപ്പിൻ്റെ തീക്കനൽ ആ തണുത്തസന്ധ്യയിൽ ഉറഞ്ഞു ഇല്ലാതായി. അത്ര സുന്ദരിയായിരിക്കുന്നു അവൾ. ഒരു വല്ലാത്ത പ്രഭ അവളെ തഴുകി നിൽക്കുന്ന പോലെ തോന്നിച്ചു. വെളുത്ത ചുരിദാർ നനഞ്ഞു ഒട്ടി കിടക്കുന്നു. രഘുറാം മനസ്സിലാക്കി. ഒരിക്കലും അയാൾക്ക് ലിസയെ വെറുക്കാൻ കഴിയില്ല. അവൾ അയാൾക്ക് വല്ലാത്തൊരു ലഹരിയാണ്.
" ഇതെന്തു പറ്റി. ആകെ നനഞ്ഞിരിക്കുന്നല്ലോ ?"
"വരുന്ന വഴിക്കു ഒരു ചെറിയ ആക്സിഡണ്ട്. പറഞ്ഞു നിൽക്കാൻ ഇപ്പോൾ സമയമില്ല. പോകാൻ ധൃതിയുണ്ട്." അവൾ മുഖം കൊടുക്കാതെ പറഞ്ഞു.
"അകത്തേക്ക് വരൂ .." അയാൾ ക്ഷണിച്ചു.
അവൾ ഫ്ലാറ്റിനുള്ളിലേക്കു പ്രവേശിച്ചു.
"കാത്തിരുന്നു കാണാഞ്ഞപ്പോൾ ഞാൻ .. " അയാൾ അവളെ നോക്കി-
"ഇനിയും ഇങ്ങനെ തുടരാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.."
അയാൾ പൊതി തുറന്നു.. ഉള്ളിൽ പണം.. അവൾക്കു നേരെ നീട്ടി.
"ഇത് നീ പറഞ്ഞത് മുഴുവൻ ഉണ്ട്...നിൻ്റെ പിന്നിൽ ആളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട് ... ആ ഫോട്ടോസ് തിരികെ നൽകണം .. ?!"
ശരിയും തെറ്റും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന ഒരു കുട്ടിയെ പോലെ ലിസ രഘുറാമിനെ നോക്കി. അയാൾ അവളെയും.
അയാൾ തുടർന്നു - "വിജിയുടെ ഡെലിവറി ഉടൻ കാണും.. അവൾ തിരിച്ചു വന്നു കഴിയുമ്പോൾ ഇങ്ങനൊക്കെ ആണെങ്കിൽ ... കാര്യങ്ങൾ വീണ്ടും കോംപ്ലികേറ്റെഡ് ആകും.. നീ സത്യം തുറന്നു പറഞ്ഞാൽ സേഫ് ആയ ഒരു ഇടത്തേക്ക് ഞാൻ നിന്നെ മാറ്റാം..ഈ പണം നിനക്ക് എടുക്കാം.. പോലീസിലും മറ്റും എനിക്ക് ആവശ്യത്തിന് ഇൻഫ്ലുവൻസ് ഉണ്ട്.. ഈ ഭീഷണികളുടെ സോഴ്സ് ... അതാണ് എനിക്ക് അറിയേണ്ടത്."
എന്തോ ഗാഢമായി ആലോചിച്ചു മൗനിയായി ലിസ നിന്നു. എന്നിട്ടു പറഞ്ഞു -
"ഇനി നാം ഒരിക്കലും കാണില്ല.. ഒരിക്കലും ഞാൻ നിങ്ങൾക്കൊരു ശല്യമാകില്ല.. "
ആ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു...
അതും പറഞ്ഞുകൊണ്ട് അവൾ അയാളെ കെട്ടിപ്പുണർന്നു. രഘുറാം അത് പ്രതീക്ഷിച്ചില്ല. പെട്ടന്ന് തന്നെ അവൾ ഫ്ലാറ്റിൽ നിന്നും പുറത്തേക്കു നടന്നകലുകയും ചെയ്തു. രഘുറാം കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി. അവൾ പണം കൈപറ്റാതെ പൊയ്കളഞ്ഞു.
കുറച്ചു കഴിഞ്ഞു ആരോ വീണ്ടും വാതിലിൽ മുട്ടുന്നത് കേട്ട് അയാൾ പുറത്തു വന്നു.
വാച്മാൻ ചാണ്ടി ചേട്ടൻ ആയിരുന്നു അത്. എന്തോ കണ്ടു പേടിച്ച മുഖഭാവം.
"സാറ് വല്ലതും അറിഞ്ഞോ? താഴെ.... താഴെ ആരോ ..... " - പറഞ്ഞു മുഴുവിക്കും മുൻപേ അയാളുടെ ഫോൺ ശബ്ദിച്ചു. അതും ചെവിയിൽ വെച്ച് എന്തോ പിറുപിറുത്തു കൊണ്ട് അയാൾ അപ്രത്യക്ഷനായി. താഴേക്കു ചെന്ന് കൂടുതൽ അന്വേഷിക്കാൻ തോന്നിയില്ല. മനസ്സാകെ മരവിച്ചിരിക്കുന്നു. മുറിയിൽ ചെന്നു കട്ടിലിൽ മലർന്നു കിടന്നു. കലങ്ങി മറിഞ്ഞ മനസ്സും ശരീരവും ഉറക്കത്തിൻ്റെ പടുകുഴിയിലേക്ക് ചെന്ന് വീഴുകയായിരുന്നു.
ഉറക്കം ഉണരുമ്പോൾ ബാൽക്കണിയിലെ ടൈൽസിലും കൈവരിയിലും ജലകണങ്ങൾ സൂര്യൻ്റെ ആദ്യ കിരണങ്ങളേറ്റു പുഞ്ചിരി തൂകി. ഗാഡനിദ്രയ്ക്കു ശേഷം മയങ്ങിയ കണ്ണുകൾ മെല്ലെ തുറന്നപ്പോൾ സമയം രാവിലെ ഒൻപതു കഴിഞ്ഞിരുന്നു.
ലിസയുടെ മുഖം രഘുറാമിൻ്റെ മനസ്സിലൂടെ മിന്നി മാഞ്ഞു.
ലിസ.. അവളെന്നെന്നേക്കുമായി തന്നെ വിട്ടു പോയിക്കാണുമോ ?
കയ്യിൽ നിന്നും വഴുതി താഴെ വീണു പോയ ബിയർ കുപ്പി പോലെ അയാളുടെ ഓർമ്മകളിൽ നിന്നും ലിസ വഴുതി എങ്ങോ പോയിരിക്കുന്നു.
നാളെയെ കുറിച്ചുള്ള ആവലാതികൾ അയാൾക്കിപ്പോൾ ഇല്ല. കതകു തുറന്നു പത്രം നോക്കുമ്പോൾ അയാൾ യാന്ത്രികമായി തൻ്റെ ദിനചര്യകളിലേക്ക് ഇഴുകിച്ചേരുന്നത് പോലെ തോന്നിച്ചു.
ഒന്ന് ഫ്രഷ് ആയി വീട്ടിലേക്കു ഇറങ്ങാൻ കാറിൽ കയറിയപ്പോൾ തലേന്ന് ചാണ്ടി ചേട്ടൻ പറഞ്ഞു മുഴുവിക്കാതെ വിട്ട
കാര്യം ഒന്നന്വേഷിച്ചു പോകാൻ മനസ്സ് വെമ്പി.
"ചാണ്ടിച്ചൻ ഇന്നലെ ഏതാണ്ട് പറയാൻ വന്നല്ലോ? എന്താ അത് ?"
"അതോ സാറേ.. ഒരു പെണ്ണ്... ദേ അവിടെയാ കെടന്നത്.. ആരോ തലക്കു ആഞ്ഞു അടിച്ചതാ ....കൊല്ലാൻ വേണ്ടി തന്നെ ചെയ്തതാ ... ചത്തന്ന ആദ്യം കരുതിയെ.. പക്ഷെ ജീവനൊണ്ടാർന്നു.. പത്രോസ്സിൻ്റെ വണ്ടിയെ കേറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.. പക്ഷെ അപ്പോഴേക്കും ആള് പോയി.. ആരാന്നും മറ്റും അന്വേഷിക്കുന്നുണ്ട്.. പോലീസും കേസും ആവും..ഫ്ളാറ്റിൻ്റെ ഓണർ രാജൻ സാറിനെ വിവരം അറിയിച്ചു.. അങ്ങോരു പൊറപ്പെട്ടിട്ടുണ്ട്... "
എൻ്റെ മനസ്സൊന്നു പിടഞ്ഞു.. ലിസയെ ആണ് ആദ്യം ഓർത്തത്..
അവളാകുമോ ? ആകല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
"ഇത് എപ്പോഴായിരുന്നു സംഭവം ?"
" ഇന്നലെ ഒരു ഏഴു ഏഴര ആയിക്കാണും.. "
ഹോ ഭാഗ്യം.. ലിസ അല്ല ...
എട്ടു മണി കഴിഞ്ഞു അവൾ തൻ്റെ ഫ്ലാറ്റിൽ തൻ്റെ കൂടെ ഉണ്ടായിരുന്നതാണല്ലോ..
ഭാര്യയെ കാണാൻ അവളുടെ വീട്ടിലേക്കു ഡ്രൈവ് ചെയ്തു പോകുന്ന വഴി രഘുറാം ലിസയെ ഫോണിൽ വിളിച്ചു നോക്കി.. അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുക ആണ്. മനസ്സ് ഗതി കിട്ടാതെ അലയുന്നു.. അവളുടെ സ്വരം ഒന്ന് കേട്ടിരുന്നെങ്കിൽ ഒരു ആശ്വാസം ആയേനെ... തൻ്റെ ശതൃക്കൾ അവളെ ഇല്ലാതാക്കുമോ എന്നയാൾ ഭയന്നു..
ഒന്ന് ഹോസ്പിറ്റൽ വരെ പോയി ചുമ്മാ അന്വേഷിച്ചാലോ.. ? എന്തിനു? അത് ലിസ അല്ല .. അവൾക്കൊന്നും വരില്ല.. തൻ്റെ മനസ്സ് വെറുതെ കാട് കയറുന്നതാ.. രഘുറാം സ്വയം സമാധാനിപ്പിച്ചു..
മരിച്ച പെൺകുട്ടിയെ പറ്റി എന്തെങ്കിലും പത്രത്തിൽ വരാതിരിക്കില്ല..
വീട്ടിൽ ചെന്നയുടനെ അയാൾ പത്രം തുറന്നു വാർത്തകൾ പരതി.. ഒടുവിൽ ആ വാർത്ത രഘുറാമിൻ്റെ കണ്ണിൽ കുടുങ്ങി..
"നഗരത്തിൻ്റെ ഹൃദയഭാഗത്തു നിലകൊള്ളുന്ന ബ്ലൂമൗണ്ട് റെസിഡൻസിൽ യുവതിയുടെ ദാരുണാന്ത്യം. മരിച്ചത് ലിസ ഫ്രാൻസിസ് (25) എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന് പഴ്സിലെ ഐ.ഡി കാർഡിൽ നിന്നും അധികൃതർക്കു മനസ്സിലാക്കാൻ കഴിഞ്ഞു. തലയിൽ ഗ്ലാസ്സ് കുപ്പി കൊണ്ടു പ്രഹരം ഏറ്റതാണു മരണകാരണം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കൊലപാതകത്തെ കുറിച്ച് കൂടുതൽ അന്വേഷണം പോലീസിൽ നിന്നും ഉണ്ടാകുമെന്നു സി. ഐ ചന്ദ്രകുമാർ ന്യൂസ് റിപോർട്ടറോടു പറഞ്ഞു".