Monday, August 6, 2018

അനുബന്ധം


അന്യ ഒരു നാട്ടിൽ വന്നു ഒരു പെണ്ണിനേം  പ്രേമിച്ചു തല്ലും കൊണ്ടിട്ടു ഇരിക്കുന്നു. എത്ര ലജ്ജാവഹമായ അവസ്ഥയിലേക്കാണ് താൻ വന്നു പെട്ടു നിൽക്കിന്നതു. റെയിൽ വേ സ്റ്റേഷനിലെ തിരക്കിനിടയിൽ ഇരുന്നു കൊണ്ട്  അയാൾ ഓർത്തുപോയി.

"വിളിച്ചു ഇറക്കി കൊണ്ട് വാടാ അവളെ" - എന്നും പറഞ്ഞു മാത്യുസാണ് തന്നെ ബൈക്കിൻ്റെ പിന്നിൽ ഇരുത്തി അവളുടെ വീട്ടിലേക്കു കൊണ്ട് ചെന്നാക്കിയത്. മാത്യുസ് ആത്‌മ മിത്രമാണ്‌. എങ്കിലും കുഴപ്പമില്ല. അവനും കിട്ടി നല്ല പെട. അതു മനസിന് ആശ്വസം തരുന്ന വസ്തുതയാണ്.

കാരണം അവൻ അതു അർഹിക്കുന്നു.
ചിലർ അങ്ങനെയാണ്. അടി വരുന്നിടം മനസിലാക്കി അവിടെ പോയി ചെന്ന് അത് വാങ്ങി കൊണ്ടുവരും.  അവൻ തന്നെയും ഇളക്കി കൊണ്ട്‌ ചെന്നു പാതി വാങ്ങി തന്നു.
അങ്ങനെ ഇതിനേ കാണാം.


പ്രണയാവേശത്താൽ മാത്യുസിൻ്റെ വാക്കും കേട്ടിട്ടാണു പാതിരാത്രി  വീടിൻ്റെ മതിലും ചാടി അനുവിൻ്റെ ജനാലയ്ക്കരികിലേക്കു ഓടിപ്പെടച്ചു   ചെന്നതു. വയറ്റിൽ ബിയറിൻ്റെ ലഹരിയും മനസ്സിൽ ഷേക്ക്സ്‌പിയറിൻ്റെ റോമിയോവും കത്തി നിന്നു.

മേലിൽ തൻ്റെ മകളുമായി സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യരുതെന്ന അവളുടെ പ്രിയ പിതാവിൻ്റെ താക്കീത് തൃണവത്ഗണിച്ചുകൊണ്ടായിരുന്നു ഈ സാഹസം എന്ന് ഓർക്കണം.

പട്ടി കുരച്ചതും ലൈറ്റുകൾ മിന്നിയതും കഴുത്തിനു പിടി വീണതും എല്ലാം ഒന്നിച്ചു. പൂരത്തിനു തിരി കൊളുത്തിയ പ്രതീതി.  ഒരു പരുവത്തിനു റോമിയോ  അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്തായാലും ഇത്രത്തോളം ആയ സ്ഥിതിക്കു ഇനി കാര്യങ്ങൾ ഗൗരവമായി  മുന്നോട്ടു നീക്കണം. നാലു വർഷത്തെ പ്രണയം അങ്ങനെ ചുമ്മാ മറന്നു കളയാൻ പറ്റില്ല.

അതെ..

വലിയ തീരുമാനങ്ങൾ എടുക്കാൻ സമയമായിരിക്കുന്നു.
പഴയ പോലെ കുട്ടി കളിച്ചു നടക്കാൻ ഇനി പറ്റില്ല..

അച്ഛനോടും അമ്മയോടും അറിയിച്ചു വേണം എന്ന് കരുതിയതാണ്.

ഇല്ല.
ഇനി അതിനു നേരമില്ല.
അവർ സമ്മതം മൂളും. അത് തനിക്കു ഉറപ്പാണ്.
ഇതൊന്നു അവതരിപ്പിച്ചു കിട്ടണ്ട താമാസമേ ഉള്ളൂ വീട്ടിൽ.

പിന്നെ ബന്ധുക്കൾ..!

 അവരോടു പോകാൻ പറ.

ഒരു പെണ്ണിനെ പോറ്റാനുള്ള ആവതു തനിക്കായിരിക്കുന്നു. അതിനു ആരുടെയും ലൈസൻസ് വേണ്ട.

ജാതി  ഒരു പ്രശ്നമാണെങ്കിലും, അതൊരു പ്രശ്നമുള്ള പ്രശ്നമല്ല.
പക്ഷെ മതം!
ഇനി അതൊക്കെ ആലോചിച്ചു മനസ്സ് വ്യാകുലപ്പെടുത്തിയിട്ടു എന്തു കാര്യം?
ജാതിയും മതവും അറിയിച്ചു കൊണ്ടാണോ പ്രേമം വരുന്നത്? അതു മനുഷ്യനെ അന്ധനാക്കും എന്നു പഴമക്കാർ പറയുന്നത്  നൂറു ശതമാനം ശരിയാണ്. 

അവളോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ പറഞ്ഞിട്ടാണ് ഈ കാത്തിരിപ്പു.
അതെ..  ഒളിച്ചോട്ടം... ഇനി മറ്റൊരു മാർഗം മുന്നിലില്ല.        

കൈയ്യിലിരുന്ന വാട്ടർ ബോട്ടിൽ എടുത്തു അയാൾ വായിലേക്ക് ഒഴിച്ചു.
അതിനുള്ളിൽ ഓറഞ്ച് ജ്യൂസ് മിക്സ് ചെയ്ത വോഡ്‌കയാണ്.  ആമാശയത്തിലേക്ക് പോയ മദ്യത്തിൻ്റെ  ലഹരി സിരകളിലേക്ക് ഇരച്ചു കയറി. ദേഹം വേദനയ്ക്കു അല്പം ശമനം അനുഭവപെട്ടു. മനസ്സ് കരയിലേക്കിട്ട മീനിനെ പോലെ പിടച്ചു.

അവളുടെ മൊബൈലിലേക്ക് ഒരു കാൾ കൊടുത്തു.
അതിനു മറുപടി വന്നില്ല. പുറപ്പെടുന്ന തിരക്കിൽ ആയിരിക്കും.
ഒരു മെസ്സേജ് അയച്ചു  .. അതിനും മറുപടിയില്ല.
അവളുടെ നിശബ്ദത അയാളെ  തളർത്തി.

ട്രെയിൻ പോകാൻ ഉള്ള അനൗൺസ്മെൻറ് മുഴങ്ങി. അൽപ നേരത്തിൽ അവർ രണ്ടും ആ ട്രെയിനിൽ കയറി അതിരുകൾ കടക്കും. പുതിയ യാത്ര. ജീവിതത്തിലെ ഒരു വഴിത്തിരിവാകുന്നു ഈ യാത്ര.

ഇല്ല. അവളുടെ മറുപടി ഇനിയും വന്നിട്ടില്ല. കാത്തിരിപ്പിൻ്റെ മുഷിപ്പ് അയാൾക്കു അനുഭവപ്പെട്ടു തുടങ്ങി.

"ദിൽ വാലെ ദുൽഹനിയ ലേ ജായേങ്കെ"  അയാൾ മനസ്സിൽ പറഞ്ഞു.

ഫോൺ മെല്ലെ ഒന്ന് മൂളി. പ്രതീക്ഷയുടെ പച്ചക്കൊടി പാറി .. ആവേശത്തോടെ അയാൾ മൊബൈൽ എടുത്തു.

അത് മാത്യുസ് ആണ്. താൻ അനുവുമായി നാടു വിടുന്ന വിവരം ആ ദുർബലനെ അറിയിച്ചിട്ടില്ല. അത് പാട്ടാകും. ഫോണിൻ്റെ എതിർവശത്തു അവൻ്റെ ദയനീയമായ ശബ്ദം  :

" അളിയാ നീ എവിടാ ..? ദേഹം വേദന കാരണം ഞാൻ രണ്ടു ദിവസത്തേക്കു ലീവ് എടുത്തടാ.. നീ വരുമ്പോൾ എനിക്ക് നാല് പറോട്ടയും ഒരു ബീഫും വാങ്ങി വരണം. എനിക്ക് അനങ്ങാൻ വയ്യടാ .."

"മം ." ന്നു മൂളി അയാൾ കാൾ കട്ട് ചെയ്തു.

മാത്യൂസ് ഒരു സ്നേഹപ്പാരയാണ്. അയാൾ മനസ്സിൽ ഓർത്തു. അറിയിക്കാതെ പോയെന്നു അറിയുമ്പോൾ മാത്യൂസ് വെറിയിളകിയ നായയെ പോലെ തന്നെ തെറി വിളിക്കുമായിരിക്കും. അല്ല വിളിക്കും.

പറോട്ടയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒന്ന് ഓർത്തത്. പറോട്ടയും ബീഫും. എന്ത് നല്ല ജോഡിയാണ്‌ രണ്ടു പേരും. തന്നെയും അനുവിനേയും പോലെ. അതെ ഞങ്ങളും നല്ല ജോഡിയാണ്‌ .. പറോട്ടയും ബീഫും പോലെ. അനു വരുമ്പോൾ  അവളോടിതു പറയണം. അവൾ ചിരിക്കും.

ആ സീൻ മനസ്സിലോർത്തു അയാൾക്കും ചിരി വന്നു.  പറോട്ടയും ബീഫും.
അയാൾ ഒരു പൊട്ടനെ പോലെ ചിരിച്ചു. വഴിപോക്കർ അതു കണ്ടു തുറിച്ചു നോക്കി. 

അയാൾ അടുത്തുള്ള ചെറിയ കടയിൽ നിന്നും ഒരു മിനറൽ വാട്ടറും, രണ്ടു ലെയ്‌സും, ഒരു മെന്തോസും വാങ്ങി ബാഗിന് ഉള്ളിൽ വെച്ചു. വിശന്നാൽ കൊറിക്കാൻ എന്തേലും വേണ്ടേ എന്ന ചിന്തയാണ് ഉത്തരവാദിത്തമുള്ള ഒരു പൗരനെ പോലെ പ്രവർത്തിക്കാൻ അയാളെ പ്രേരിപ്പിച്ചത്.
താൻ പഴയ താൻ അല്ല. പുതിയ മനുഷ്യനാണ്.
ഇന്നു മുതൽ.. താൻ ഒരാളല്ല, രണ്ടു പേരാണ്.     

വിവാഹം എന്ന ഭാരം ഇത്ര പെട്ടെന്നു തൻ്റെ ചുമലിൽ ഇടം നേടുമെന്നു കരുതിയതല്ല. നാം മനസ്സിൽ കണക്കു കൂട്ടുന്നതു ഒന്ന് .. നടക്കുന്നത് മറ്റൊന്ന്. അതാണല്ലോ ജീവിതത്തിൻ്റെ ഒരു ലൈൻ.

നാട്ടിലുള്ള കാര്യങ്ങൾ പെട്ടെന്ന് മനസിലേക്ക് കടന്നു വന്നു. വിഷയം വീട്ടിൽ അവതരിപ്പിക്കണം. വിവാഹം പെട്ടെന്ന് രജിസ്റ്റർ ചെയ്യണം. എല്ലാം വൃത്തിക്കും വെടുപ്പിനും പ്ലാൻ ചെയ്യണം. മനസ്സിനൊരു കോരിത്തരിപ്പും ആവേശവും ഒക്കെ തോന്നി തുടങ്ങി.

ഫോൺ ഒന്ന് വിറച്ചു. 
അവളാണ്.
അനു.
അയാളുടെ സന്തോഷം അണപൊട്ടി.

ഒരു വോയിസ് മെസ്സേജ് ആണ്.
അയാളുടെ ചെവിട്ടിലേക്ക് അവളുടെ ശബ്‌ദ ശകലങ്ങൾ മുഴങ്ങി :-

"Hello.. എടാ ഇവിടെ ആകെ പ്രശ്നമാണ്. വീട്ടുകാരെല്ലാം ആകെ ദേഷ്യത്തിലാണ് . ചേട്ടൻ നിന്നെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ല ..നീ എന്തിനാ മതിലു ചാടി വീട്ടിൽ കയറിയത്. ഞാനും കൂടി അറിഞോണ്ട എന്നും പറഞ്ഞു ഇവിടെ എല്ലാരും കൂടെ എന്നെ തിന്നില്ലെന്നേ ഉള്ളു ...
എനിക്കു വീട് വിട്ടു വരാൻ പറ്റില്ല. നീ എന്നെ കാക്കണ്ട.
  നമുക്ക് ഇത് മതിയാക്കാം. സ്നേഹിക്കുന്നവരെയെല്ലാം വെറുപ്പിച്ചു നമുക്ക് ഒന്നിക്കണോ ? നീ പറ ?
 ഇതാണ് ശരിയായ തീരുമാനം എന്ന് കുറെ കഴിയുമ്പോൾ നിനക്കു തന്നെ ബോധ്യമാകും  !!! നമ്മുടെ ഫ്രണ്ട്ഷിപ് നീ കളയരുത്.
അടുത്ത വെള്ളിയാഴ്ച്ച മനഃസമ്മതം ഫിക്സ് ചെയ്തിരിക്കുകയാ.  വലിയ ബഹളം ഒന്നുമില്ലാണ്ട്  അടുത്ത മാസം പള്ളിയിൽ വെച്ചായിരിക്കും മിന്നുകെട്ട്.  അത് കഴിഞ്ഞു റിസെപ്ഷൻ ഉണ്ട്.  നമ്മടെ ഗ്യാങ് എല്ലാരും വരുന്നുണ്ട്.പറ്റുമെങ്കിൽ നീയും വരണം. അല്ലെങ്കിൽ വേണ്ട. നീ വരണ്ട. വന്നാൽ വീണ്ടും ഇതുപോലെ എന്തെങ്കിലും .... അത് കാണാൻ എനിക്കു വയ്യ ..You Take Care.."

അൽപ നേരത്തേക്കു അയാൾക്കു സ്ഥലകാല ബോധം നഷ്ടപ്പെട്ടു. ദേഹത്തു ഷോക്ക് ഏറ്റ പോലെ കുറച്ചു നേരം സ്തംഭിച്ചു നിന്ന് പോയി. . കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മെല്ലെ എഴുന്നേറ്റു  ബാഗും എടുത്തു ട്രെയിനിൽ കയറി. ഒഴിഞ്ഞു കിടന്ന ഒരു  സീറ്റിൽ, ജനാലക്കു പുറത്തേക്കും നോക്കി, താടിക്കു കൈയും കൊടുത്തു ഇരുന്നു.

ഹൃദയം നുറുങ്ങിയവൻ്റെ ഇരിപ്പാണ് അത്.

ഒരു നിമിഷം കൊണ്ട് തൻ്റെ ജീവിതം ഇതാ മാറി മറിഞ്ഞിരിക്കുന്നു. ഇനി അങ്ങോട്ട് അവളില്ലാതെ തൻ്റെ നാളുകൾ എത്ര ഏകാന്തവും ശോകപൂർണവും ആയിരിക്കും. മനുഷ്യൻ കണക്കു കൂട്ടുന്നത് ഒന്ന്, ദൈവം വിധിക്കുന്നത് മറ്റൊന്ന്. എന്തായാലും കുറച്ചു നാൾ ഇവിടുന്നു മാറി നിന്നേ മതിയാകൂ. അത്ര മാത്രം ഓർമ്മകൾ. നാല് വർഷത്തെ അവരുടെ പ്രണയ ഓർമ്മകൾക്ക് ഒരു വിലയും കൽപ്പിക്കാതെ അവൾ എറിഞ്ഞുടച്ചിരിക്കുന്നു. ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ എല്ലാം വാടി തളർന്നു അല്പായുസ്സുകളായി മൃതിയടഞ്ഞിരിക്കുന്നു.

ഫോൺ വീണ്ടും ഒന്ന് മൂളി.  മാത്യുസ് ആണ്.

പറോട്ടയും ബീഫും!!      




-ശുഭം-

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...